മലിനീകരിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍

മലിനീകരിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍

വായുമലിനീകരണം അനുഭവിക്കുന്ന 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍

വായുമലിനീകരണം നേരിടുന്ന ലോകത്തെ 10 നഗരങ്ങളില്‍ ഏഴെണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ചില നഗരങ്ങള്‍ നില മെച്ചപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ രംഗത്ത് പിന്നോക്കം പോയത്. ഡെല്‍ഹിയുടെ പ്രാന്തപ്രദേശവും വ്യവസായമേഖലയുമായ ഗുരുഗ്രാമാണ് ഇതില്‍ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരം. 2018 ആകുമ്പോഴേക്കും ഇവിടത്തെ വായുവിന്റെ ഗുണനിലവാരം ശരാശരി 135.8 എന്ന നിലവാരത്തിലെത്തുമെന്നാണു കണക്കാക്കുന്നത്. ആരോഗ്യപ്രദമായിരിക്കേണ്ട വായുവിനേക്കാള്‍ മൂന്നു മടങ്ങ് മലിനമാണിതെന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി വ്യക്തമാക്കി.

പോയ രണ്ടു മാസങ്ങളില്‍, ശരാശരി വായുനിലവാര സൂചികയില്‍ 2.5 പിഎം ആയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ കണങ്ങളുടെ അളവ് 200നു മുകളില്‍ ആയിരുന്നു. അമേരിക്കന്‍ ഏജന്‍സി ഇത് തികച്ചും അനാരോഗ്യകരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ആര്‍ക്കും ഗുരുതരരോഗങ്ങള്‍ അനുഭവപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പു തരുന്നു. ആഗോളമലിനീകരണം രൂക്ഷമാകുന്നതിന്റെ ഭീഷണി ഭീതിദമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത വര്‍ഷം ഇതു മൂലം ഏഴു ദശലക്ഷം അകാലമരണങ്ങള്‍ ഉണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. ജീവിതവും ഭാവിയും വായുമലിനീകരണം കവര്‍ന്നെടുക്കുന്നതായി സന്നദ്ധസംഘടന ഗ്രീന്‍പീസ പറയുന്നു.

ആള്‍നാശത്തിനു പുറമേ, തൊഴില്‍ നഷ്ടത്തിലൂടെ 225 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടവും, ചികില്‍സാ ചെലവുകളില്‍ കോടികളുടെ അമിതചെലവും വരുന്നു. ഇത് രാജ്യങ്ങളുടെ ആരോഗ്യരംഗത്തെ മാത്രമല്ല ധനസ്ഥിതിയെയും വഷളാക്കും. അന്തരീക്ഷമലിനീകരണപ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാണ്. ലോകത്തിലെ ഏറ്റവും മലിനീകരണപ്പെട്ട 20 നഗരങ്ങളില്‍ 18 എണ്ണവും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ്. ലാഹോര്‍, ഡെല്‍ഹി, ധാക്ക തുടങ്ങിയ തലസ്ഥാനനഗരങ്ങളുള്‍പ്പെടെ കനത്ത പുകമഞ്ഞിന്റെ പിടിയിലാണ് ഉണരുന്നത്. ഇവയുടെ സ്ഥാനങ്ങള്‍ പോയവര്‍ഷം പട്ടികയില്‍ 10, 11, 17 ആയാണു രേഖപ്പെടുത്തിയിരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ കാട്ടുതീ പോലുള്ള പ്രശ്‌നങ്ങള്‍ അന്തരീക്ഷമലിനീകരണം വഷളാക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അതിരു കടന്ന ഉപയോഗം ആഗോളതാപനത്തിനും വായുമലിനീകരണത്തിനും പ്രധാന കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കല്‍ക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയവയെല്ലാം അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പരിവര്‍ത്തനം വരുത്തിയാലേ നമ്മുടെ ഭൂമിയുടെ നാശവും കാലാവസ്ഥാവ്യതിയാനത്തെയും നേരിടാന്‍ പറ്റുകയുള്ളൂ. നമ്മുടെ ആരോഗ്യത്തെയും കാലാവസ്ഥയെയും കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ട നിര്‍ണായക ഘട്ടമെത്തിയിരിക്കുന്നു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ചൈനയെയുമാണ് മലിനീകരണദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെങ്കിലും വായു മലിനീകരണം ഒരു ആഗോളപ്രശ്‌നമാണ്. വായു മലിനീകരണം കണക്കാക്കിയ 3,000 നഗരങ്ങളില്‍, ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന 2.5 പിഎം എന്ന നിരക്കിനേക്കാള്‍ 64% കവിഞ്ഞാണിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സള്‍ഫേറ്റ്, നൈട്രേറ്റുകള്‍, കറുത്ത പുക തുടങ്ങിയ ഘടകങ്ങളാണ് മലിനീകരണമുണ്ടാക്കുന്നതില്‍ പ്രധാനം. ഇവ ശ്വാസകോശങ്ങളിലും ഹൃദയത്തിലും ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കും.

മധ്യേഷ്യ, ആഫ്രിക്ക എന്നിവടിങ്ങളില്‍ 2.5 പിഎം എന്ന അളവിനേക്കാള്‍ ഏറെയാണ് മലിനീകരണത്തോത്. ദക്ഷിണേഷ്യയിലെ 99% നഗരങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയില്‍ 95% ഉം, കിഴക്കന്‍ ഏഷ്യയില്‍ 89% ഉം വരെ കവിഞ്ഞിരിക്കുന്നു. ചൈനയിലെ നഗരങ്ങളില്‍ 2017 മുതല്‍ 2018 വരെ അന്തരീക്ഷ മാലിന്യത്തിന്റെ അളവ് 12 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായു മലിനീകരണം നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളിലൂടെ തലസ്ഥാനം ബീജിംഗ് ഏറ്റവും മലിനീകരണമുള്ള 100 നഗരങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തു വന്നു. 2018ല്‍ ചൈനയിലെ ഏറ്റവും മലിനീകരണമുള്ള നഗരമായി ഗ്രീന്‍പീസും എയര്‍വിഷ്വല്‍ റിപ്പോര്‍ട്ടും തിരഞ്ഞെടുത്ത ഹൊട്ടന്‍ പുതിയ പട്ടികയില്‍ 33 ാം സ്ഥാനത്താണ്.

ചൈന മെച്ചപ്പെട്ടപ്പോള്‍, അയല്‍രാജ്യങ്ങളായ ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മലിനീകരണം ശക്തിയാര്‍ജിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയില്‍ തായ്‌ലന്‍ഡ് ഭരണകൂടം അന്തരീക്ഷം മാലിന്യവിമുക്തമാക്കാന്‍ ബാങ്കോക്കില്‍ കൃത്രിമമഴ സൃഷ്ടിച്ചു. സൗത്ത് കൊറിയ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ നഗരങ്ങള്‍ പട്ടികയില്‍ മുന്നേറിയത് ഇക്കാലയളവിലാണ്. ശൈത്യകാലത്ത് പുക കൂടുതല്‍ പുറംതള്ളിയതാണ് ഈ മേഖലകളില്‍ പുകമഞ്ഞ് വലിയ തോതില്‍ ഉയരാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News