രാഷ്ട്രത്തെ നാണിപ്പിക്കുന്ന രാഷ്ട്രീയം

രാഷ്ട്രത്തെ നാണിപ്പിക്കുന്ന രാഷ്ട്രീയം

സാമൂഹ്യ മാധ്യമങ്ങളില്‍ ‘പ്രാദേശിക വിദഗ്ധര്‍’ പരസ്പരം ചെളിവാരിയെറിഞ്ഞു തീര്‍ന്നപ്പോഴേക്കും രാഷ്ട്രീയ രംഗത്തെ ‘പ്രതിരോധ വിദഗ്ധര്‍’ വിവാദ വിഷയങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു…

മഴ പെയ്‌തൊഴിഞ്ഞാല്‍ മരം പെയ്യുമെന്നാണ്. മരങ്ങളുടെ ഇലച്ചാര്‍ത്തുകളില്‍ നിന്ന് ഇറ്റുവീഴുന്ന ഈ മഴ, ഗുണവും ദോഷവുമുണ്ടാക്കാറുണ്ട്. മരച്ചില്ലകള്‍ക്ക് താഴെ നില്‍ക്കുന്ന മൃദുല സസ്യങ്ങള്‍ക്ക് ഈ വെള്ളത്തുള്ളികള്‍ ഒരു പ്രഹരമായാണ് പലപ്പോഴും അനുഭവപ്പെടുക. അതേസമയം തന്നെ മഴയെ പിടിച്ചു നിര്‍ത്തി സാവധാനം മണ്ണിലേക്ക് വിട്ട് ജലം കുത്തിയൊഴുകിപ്പോകുന്നത് തടയാനും സംഭരണം കാര്യക്ഷമമാക്കാനും ഈ മരപ്പെയ്ത്തിന് കഴിയും. പുല്‍വാമ ഭീകരാക്രമണത്തിന് പകരം വീട്ടിയ വ്യോമസേനയുടെ കടന്നാക്രമണം വാസ്തവത്തില്‍ ഒരു മഴപ്പെയ്ത്താണ്. മുന്‍കൂട്ടി തയാറാക്കിയ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലെ പ്രധാന ക്യാമ്പടക്കം മൂന്ന് ഭീകര പരിശീലന, സംരക്ഷണ താവളങ്ങള്‍ തകര്‍ത്ത നടപടി ധീരതയുടെയും കരുത്തിന്റെയും പ്രകടനമായി തന്നെയാണ് വിലയിരുത്തപ്പെട്ടത്. പാക് ഭീകര സംഘടനക്കും അവരുടെ ഔദ്യോഗിക സംരക്ഷകര്‍ക്കും കൃത്യമായ ക്ഷതമേല്‍പ്പിക്കാന്‍ ആക്രമണത്തിന് കഴിഞ്ഞെന്നതിന് അധികമാര്‍ക്കും സംശയവുമില്ല.

എന്നാല്‍ ഫെബ്രുവരി 26, പുലര്‍ച്ചെ 3.45 മുതല്‍ 21 മിനിറ്റ് പെയ്ത മഴയുടെ മരപ്പെയ്ത്ത് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന രീതിയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നെന്നതാണ് ഒരാഴ്ചക്ക് ശേഷമുള്ള സാഹചര്യം. സാമൂഹ്യ മാധ്യമങ്ങളില്‍ ‘പ്രാദേശിക വിദഗ്ധര്‍’ പരസ്പരം ചെളിവാരിയെറിഞ്ഞു തീര്‍ന്നപ്പോഴേക്കും രാഷ്ട്രീയ രംഗത്തെ ‘പ്രതിരോധ വിദഗ്ധര്‍’ അത് ഏറ്റെടുത്തിരിക്കുന്നു. പക്വമതികളെന്ന് നാം ധരിച്ചിരുന്ന പല രാഷ്ട്രീയക്കാരും നരബാധിച്ച മുടിയിഴകള്‍ കൈവിരലുകളാല്‍ ഒതുക്കിക്കൊണ്ട് ‘എവിടെ തെളിവ്’ എന്നാണ് ചോദിക്കുന്നത്. ലോകത്തൊരു സൈന്യത്തിനും ഒരുപക്ഷേ സ്വന്തം രാജ്യത്തുനിന്ന് ഇത്തരമൊരു വിചിത്രമായ ആക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. അബട്ടാബാദിലെ അതിസുരക്ഷാ കേന്ദ്രത്തില്‍ അല്‍-ക്വയ്ദ തലവന്‍ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ കമാന്‍ഡോകള്‍ക്ക് നാട്ടിലെത്തി രാഷ്ട്രീയക്കാരെയെല്ലാം തെളിവു കാണിച്ച് ബോധ്യപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായില്ല. അഥവാ വീഡിയോ റെക്കോഡുകള്‍ ഉണ്ടെങ്കില്‍ തന്നെ അവ പുറത്തു വിടേണ്ടവയല്ല. സൈനിക നടപടികളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടത് തുടര്‍ നീക്കങ്ങളുടെ വിജയത്തിലും പ്രധാനമാണ്.

‘ഞങ്ങളുടെ കുറച്ച് മരങ്ങള്‍ നഷ്ടപ്പെട്ടു,’ എന്നാണ് ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാക്കിസ്ഥാന്‍ പ്രതികരിച്ചത്. മരങ്ങള്‍ നഷ്ടപ്പെട്ടതിനാണോ എഫ്-16 വിമാനങ്ങളയച്ച് പ്രത്യാക്രമണത്തിന് ശ്രമിച്ചതെന്ന ചോദ്യത്തിന് മറുപടിയില്ല. എന്നാല്‍ ആക്രമണം ലക്ഷ്യം തെറ്റിയെന്ന പാക് വാദത്തിന് ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ അമിത പ്രാധാന്യം നല്‍കി. ആനുപാതികമായി ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ‘കരുത്തുറ്റ നിലപാടി’ന് പാക്കിസ്ഥാന്റെ അഭിനന്ദനവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവി ബി എസ് ധനോവക്ക് തന്നെ മാധ്യമങ്ങളുിടെ മുന്നിലെത്തി വിശദീകരണം നല്‍കേണ്ടി വന്നത്. ആക്രമണം ലക്ഷ്യം കണ്ടെന്നും പാതിസ്ഥാന്റെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നതെന്നും ധനോവ വ്യക്തമാക്കി. എത്ര ഭീകരര്‍ മരിച്ചെന്നത് തങ്ങളുടെ ചിന്തയിലുള്ള വിഷയമല്ലെന്നും ധനോവ പറഞ്ഞു. ഭീകരരുടെ മരണസംഖ്യയാണ് മറ്റൊരു നിര്‍ഭാഗ്യകരമായ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്. ഭരണപക്ഷത്തെ ചില പ്രമുഖര്‍ തന്നെ രാഷ്ട്രീയ യോഗങ്ങളില്‍ ഭീകരരുടെ എണ്ണം പറഞ്ഞ് മേനി നടിക്കുന്നതും രാജ്യത്തെ സംബന്ധിച്ച് ആശാസ്യകരമായ വസ്തുതയല്ല. ഇത്തരം പരസ്പര ആരോപണങ്ങള്‍ പാകിസ്ഥാനെയാണ് സന്തോഷിപ്പിക്കുന്നത്. സേനയുടെ മനോബലവും രാജ്യത്തിന്റെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തവും താല്‍പ്പര്യവുമാണ്.

Categories: Editorial, Slider