നിരത്തുകളെ പുളകമണിയിക്കാന്‍ പിനിന്‍ഫറീന ബാറ്റിസ്റ്റ

നിരത്തുകളെ പുളകമണിയിക്കാന്‍ പിനിന്‍ഫറീന ബാറ്റിസ്റ്റ

ലക്ഷ്വറി ഇലക്ട്രിക് ഹൈപ്പര്‍ പെര്‍ഫോമന്‍സ് ഗ്രാന്‍ഡ് ടൂറര്‍ അനാവരണം ചെയ്തു

ജനീവ :പിനിന്‍ഫറീന ബാറ്റിസ്റ്റ എന്ന ലോകത്തെ ആദ്യ ലക്ഷ്വറി ഇലക്ട്രിക് ഹൈപ്പര്‍ പെര്‍ഫോമന്‍സ് ഗ്രാന്‍ഡ് ടൂറര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കാര്‍ ഡിസൈന്‍ കമ്പനിയും വാഹന നിര്‍മ്മാതാക്കളുമാണ് ഓട്ടോമൊബിലി പിനിന്‍ഫറീന. ഇലക്ട്രിക് ഹൈപ്പര്‍കാര്‍ 2020 ല്‍ വിപണിയിലെത്തും. നൂറ്റിഅമ്പത് ബാറ്റിസ്റ്റ മാത്രമായിരിക്കും ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, മധ്യപൂര്‍വ്വേഷ്യ/ഏഷ്യ മേഖലകളില്‍ തുല്യ എണ്ണം വില്‍പ്പനയ്ക്ക് എത്തിക്കും. ഓരോ ബാറ്റിസ്റ്റയും പൂര്‍ണ്ണമായി വ്യക്തിപരമാക്കുന്നതിന് പിനിന്‍ഫറീന അവസരമൊരുക്കിയേക്കും.

കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ഷാസിയിലാണ് പിനിന്‍ഫറീന ബാറ്റിസ്റ്റ നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നതും കാര്‍ബണ്‍ ഫൈബറില്‍ തന്നെ. ഇംഗ്ലീഷ് അക്ഷരമാലയിലെ ടി ആകൃതിയിലുള്ളതാണ് 120 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പാക്ക്. ആകെ നാല് മോട്ടോറുകളാണ് പിനിന്‍ഫറീന ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍കാറിന് കരുത്തേകുന്നത്. ഓരോ ചക്രത്തിലേക്കും ഓരോ മോട്ടോര്‍ കരുത്തും ടോര്‍ക്കും വെവ്വേറെ വിതരണം ചെയ്യും. കാര്‍ബണ്‍ സെറാമിക് 6 പിസ്റ്റണ്‍ ബ്രേക്കുകളാണ് (മുന്നിലും പിന്നിലും 390 മില്ലി മീറ്റര്‍ വ്യാസം) നല്‍കിയിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം സവിശേഷതയാണ്. എയര്‍ ബ്രേക്ക് സംവിധാനമുള്ളതാണ് ആക്റ്റിവ് റിയര്‍ വിംഗ്.

ഫോര്‍മുല വണ്‍ റേസ് കാറിനേക്കാള്‍ വേഗമുള്ളവനാണ് ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ എന്ന് പിനിന്‍ഫറീന അവകാശപ്പെട്ടു. 1900 കുതിരകളുടെ ശക്തിയും 2300 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും കൈമുതലായുള്ള ഇലക്ട്രിക് കാറിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ രണ്ട് സെക്കന്‍ഡില്‍ താഴെ സമയം മതി. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഡ്രൈവിംഗ് റേഞ്ച് എത്രയെന്ന് അറിയേണ്ടേ ? പൂര്‍ണ്ണ ബാറ്ററി ചാര്‍ജില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാം.

Comments

comments

Categories: Auto