തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ വ്യവസായ നയത്തിന് സാധ്യതയില്ല

തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ വ്യവസായ നയത്തിന് സാധ്യതയില്ല

തൊഴില്‍ പരിഷ്‌കരണങ്ങള്‍ ലേബര്‍ യൂണിയനുകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന് ഭയം

ന്യൂഡെല്‍ഹി: ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിനായി തയാറാക്കുന്ന പുതിയ വ്യാവസായിക നയം തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിഞ്ഞേക്കില്ല. നയത്തിന്റെ പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമോയെന്ന ആശങ്കയിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്.

ഡിസംബറില്‍ കാബിനറ്റ് അംഗീകാരത്തിനായി വ്യവസായ നയം സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നയം പ്രാബല്യത്തിലാകുന്നത് നീണ്ട് പോവുകയാണ്. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിന് ശേഷമാവാം ഇത് പ്രാവര്‍ത്തികമാകുന്നത്-വാണിജ്യ വ്യവസായ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വ്യവസായ മേഖല, അക്കാഡമിക് സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളുമായി നയം സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഉല്‍പ്പാദനരംഗവും സേവനമേഖലയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാനത്തില്‍, ഇപ്പോള്‍ പ്രചാരത്തിലുള്ള പുതിയ സാങ്കേതികവിദ്യകളുടെയും വ്യവസായ മാതൃകകളുടെയും വെളിച്ചത്തില്‍ നിലവിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഭാവി അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും പുതിയ വ്യാവസായിക നയം ആവശ്യമാണ്. ഇക്കാരണത്താലാണ് പുതിയ നയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ എല്ലാ വ്യവസായ സംരംഭങ്ങള്‍ക്കും ഇതൊരു മാര്‍ഗരേഖയായിരിക്കും-ഡിസംബറില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു നയത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

പുതിയ വ്യാവസായിക നയത്തിലെ ചില നിര്‍ദ്ദേശങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ പരിഷ്‌കരണങ്ങള്‍ ട്രേഡ് യൂണിയനുകളുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ വേളയില്‍ വ്യവസായ നയം പുറത്തിറക്കുന്നത് അനുചിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തലെന്നാണ് സൂചന. മേയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News