ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ ഉല്‍പ്പാദനം പുനരാരംഭിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍

ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ ഉല്‍പ്പാദനം പുനരാരംഭിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍

സ്ഥിരമായ പരിശോധനയിലൂടെ തങ്ങളുടെ ടാല്‍ക്കിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതായി കമ്പനി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള പരിശോധനയിലൂടെ ആസ്ബസ്‌റ്റോസ് ഇല്ലെന്നു വീണ്ടും ഉറപ്പാക്കിയതോടെ ജോണ്‍സന്‍ & ജോണ്‍സന്‍ ഇന്ത്യയിലെ ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ നിന്നുള്ള ജോണ്‍സന്‍സ് ബേബി പൗഡര്‍ ഉല്‍പ്പാദനം പുനരാരംഭിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ആഗോള വ്യാപകമായുള്ള സര്‍വകലാശാലകള്‍, റിസര്‍ച്ച് ലാബുകള്‍, സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയിലൂടെ ദശാബ്ദങ്ങളായി നടത്തി വന്ന സ്വതന്ത്ര പരിശോധനാ ഫലങ്ങളിലെ കണ്ടെത്തലുകളും സമാനമായിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സിംഗപൂര്‍, തായ്‌ലന്‍ഡ്, സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈറ്റ്, ഈജിപ്റ്റ് എന്നിവടങ്ങളിലെ നിയന്ത്രണ സംവിധാനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ജോണ്‍സന്‍ & ജോണ്‍സന്‍സ് ടാല്‍കിന്റെ നിലവാരം ഉറപ്പുവരുത്തിയിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

ജോണ്‍സന്‍ & ജോണ്‍സന്‍ സ്ഥിരമായ പരിശോധനകളിലൂടെ തങ്ങളുടെ ടാല്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കി വരുന്നുണ്ട്. സ്വതന്ത്ര ഏജന്‍സികള്‍ വഴിയും ഇതിനായുള്ള പരിശോധനകള്‍ നടത്തി വരുന്നുണ്ട്. ജോണ്‍സന്‍ & ജോണ്‍സന്‍ ആഗോള നിയന്ത്രണ സ്ഥാപനങ്ങളുമായി പൂര്‍ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1960കളിലെ അവര്‍ അഭ്യര്‍ത്ഥിച്ച എല്ലാ വിവരങ്ങളും നല്‍കി, കോസ്‌മെറ്റിക് ടാല്‍ക്ക് സ്രോതസ്സുകളും പ്രോസസ്ഡ് ടാല്‍ക്കും പരിശോധനയ്ക്കായി റെഗുലേറ്റര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്-പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ 40 വര്‍ഷമായി നടത്തി വരുന്ന മെഡിക്കല്‍ രംഗത്തുള്ളവരുടെ പഠനങ്ങള്‍, ഗവേഷണങ്ങള്‍, തെളിവുകള്‍ എന്നിവ കോസ്‌മെറ്റിക് ടാല്‍കിന്റെ സുരക്ഷയ്ക്കു പിന്തുണയേകുന്നതാണെന്നും കമ്പനി അഭിപ്രായപ്പെടുന്നു.

ടാല്‍ക് വഴി അര്‍ബുദമോ ആസ്ബസ്റ്റോസ് അനുബന്ധ രോഗങ്ങളോ ഉണ്ടാകുന്നില്ലെന്നും പതിനായിരക്കണക്കിനു വനിതകളില്‍ നടത്തിയ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നതായാണ് കമ്പനിയുടെ അവകാശവാദം.

Comments

comments

Categories: Business & Economy