29 യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

29 യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

നടപടി വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ച സാഹചര്യത്തില്‍; ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ന്ന നികുതി പ്രാബല്യത്തില്‍ വന്നേക്കും

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത മാസം ഒന്നു മുതല്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളാരംഭിച്ച പശ്ചാത്തലത്തിലാണ് ബദല്‍ നീക്കത്തിന് ഇന്ത്യയുടെ ശ്രമം. 290 ദശലക്ഷം ഡോളറിന്റെ അധിക നികുതി ഭാരം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നടപടിയാണ് പരിഗണനയിലുള്ളത്. യുഎസില്‍ നിന്നുള്ള വാള്‍നട്ട്, വെള്ളക്കടല, പയര്‍, ബോറിക് ആസിഡ്, രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് റീയേജന്റ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കമാണ് വര്‍ധിപ്പിക്കുന്നത്. വാള്‍നട്ടിന്റെ തീരുവ നാലിരട്ടി വര്‍ധിപ്പിച്ച് 120 ശതമാനമാക്കും. വെള്ളക്കടല, കറുത്ത കടല, മസൂര്‍ പരിപ്പ് എന്നിവയുടെ തീരുവ 30 ല്‍ നിന്ന് 70 ശതമാനമായും പയറിന്റേത് 30 ല്‍ നിന്ന് 40 ശതമാനവുമായിട്ടാണ് ഉയര്‍ത്തുക. സമവായ ചര്‍ച്ചകള്‍ വിജയം കണ്ടില്ലെങ്കില്‍ ഏപ്രില്‍ ഒന്ന മുതല്‍ തന്നെ ഇന്ത്യയുടെ ഇറക്കുമതി നികുതികള്‍ പ്രാബല്യത്തില്‍ വരും.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ മതിയായ വിപണി പ്രവേശം ഉറപ്പുനല്‍കുന്നില്ലെന്നാരോപിച്ച് വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാണിജ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സെസ് പ്രോഗ്രാമിനു (ജിഎസ്പി) കീഴില്‍ ഇന്ത്യക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് കഴിഞ്ഞദിവസം ട്രംപ് നോട്ടീസുകളുമയച്ചിരുന്നു. ഇതിനു പിന്നാലെ വന്ന ഇന്ത്യന്‍ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നുള്ള പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് നടപടിക്കുശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉഭയകക്ഷി വാണിജ്യ ചര്‍ച്ചകളെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുന്നത് ദീര്‍ഘിപ്പിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ കടുത്ത നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. യുഎസ്-ചൈന വ്യാപാര സംഘര്‍ഷം ഏകദേശം പരിസമാപ്തിയിലേക്ക് എത്താനുള്ള സാധ്യതകള്‍ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര സംഘര്‍ഷം സംജാതമാവുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

യുഎസിലെ പ്രധാന വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുക. രക്ത പരിശോധനക്കായി മെഷീനുകളില്‍ ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് റിയേജന്റ് വിപണിയില്‍ യുഎസ്, ജര്‍മന്‍ കമ്പനികളാണ് ആധിപത്യം പുലര്‍ത്തുന്നത്. എല്ലാ കെമിക്കല്‍ വ്യവസായ മേഖലകളിലും അണുനാശിനിയായും പൊള്ളലിനെതിരെയും ഉപയോഗിക്കുന്ന രാസവസ്തുവാണ് ബോറിസ് ആസിഡ്. അതേസമയം യുഎസുമായുള്ള വാണിജ്യ കമ്മി കുറയ്ക്കാന്‍ പദ്ധതിയിടുന്ന ഇന്ത്യ അവിടെ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് തുടരും. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം വരെ ധാതു ഇന്ധനവും എണ്ണയും ബിറ്റുമിന്‍ പദാര്‍ത്ഥങ്ങളും മെഴുകുമടക്കം 5.45 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നാലു ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി മൂല്യം. ഇന്ത്യയുമായി വന്‍ വ്യാപാര കമ്മി നിലനില്‍ക്കുന്നെന്നാണ് യുഎസിന്റെ ദീര്‍ഘനാളത്തെ പരാതി.

Comments

comments

Categories: FK News, Slider