ജീവിത സഖിയെ കണ്ടെത്തുന്ന ജാഗ്രത വ്യാപാര പങ്കാളിക്കും നല്‍കാം

ജീവിത സഖിയെ കണ്ടെത്തുന്ന ജാഗ്രത വ്യാപാര പങ്കാളിക്കും നല്‍കാം

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സൂഷ്മമായി പല കാര്യങ്ങളും അന്വേഷിച്ചറിയുന്ന പോലെ തന്നെയാവണം ബിസിനസ്സില്‍ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും പുലര്‍ത്തേണ്ട ജാഗ്രത. വെറുതെ പങ്കാളിത്ത ഓഹരി മാത്രം കൊണ്ട് വരുന്ന ഒരാളെ പാര്‍ട്ണര്‍ ആക്കിയാല്‍ അതിന്റെ ദുഷ്ഫലങ്ങളും അനുഭവിക്കാന്‍ തയാറായിരിക്കണം. നമ്മെ മനസിലാക്കാനോ പരസ്പര ബഹുമാനത്തോടെയും വേണ്ടവിധം അറിഞ്ഞുകണ്ടും പ്രവര്‍ത്തിക്കാന്‍ പങ്കാളിക്ക് സാധിച്ചില്ലെങ്കില്‍ ബിസിനസ് അകാലചരമം അടയും. വ്യാപാര പങ്കാളിയെ കണ്ടെത്തുന്നതിന് മുന്‍പ് നിരവധി തവണ ആലോചിക്കുകയും കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുകയും വേണം

്ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നില്‍ക്കുമ്പോഴാണ് ജോജിയെ കാണുന്നത്. പുതിയ സംരംഭങ്ങള്‍ ഒക്കെ എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് മുഖം വാടിയപോലെ. ‘കല്യാണ്‍ജി ഒരു തെറ്റ് പറ്റിപോയി. ബിസിനസ്സ് തുടങ്ങണം എന്ന ആവേശത്തില്‍ പങ്കാളിയെപ്പറ്റി കാര്യമായി അന്വേഷിച്ചില്ല. കൊച്ചിയില്‍ നടന്ന ഒരു രുചിമേളയുമായി ബന്ധപ്പെട്ടു നടത്തിയ സെമിനാറിലാണ് എന്റെ വ്യാപാര പങ്കാളിയെ പരിചയപ്പെടുന്നത്. കാര്യമായ ചോദ്യങ്ങള്‍ ഒക്കെ അവതാരകനോട് ചോദിക്കുന്നത് കണ്ടപ്പോള്‍ ഒരു മഹാ സംഭവമാണ് എന്ന് തോന്നി. സമ്മേളനത്തിന്റെ വിശ്രമവേളയില്‍ പരിചയപ്പെട്ടു. എന്റെ പാര്‍ട്ണര്‍ ആകാന്‍ താല്‍പ്പര്യം അറിയിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ കൂടെ ചേര്‍ത്തു. പിന്നെയാണ് പണികിട്ടി എന്നറിഞ്ഞത്. പങ്കാളി പല വ്യാപാരങ്ങളിലും ചേര്‍ന്ന് കുത്തുപാളയെടുത്തു നില്‍ക്കുന്ന വ്യക്തിയാണ്. ഇനിയിപ്പോ എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയുമില്ല,’ ജോജി പറഞ്ഞു നിര്‍ത്തി.

ജോജിയുടേത് ആദ്യമായി കേള്‍ക്കുന്ന പ്രശ്‌നമൊന്നും അല്ല. നിങ്ങളില്‍ പലരും ഇത് അഭിമുഖീകരിച്ചിട്ടുണ്ടാവും. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സൂഷ്മമായി പല കാര്യങ്ങളും അന്വേഷിച്ചറിയുന്ന പോലെ തന്നെയാവണം ബിസിനസ്സില്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നതും. എന്തായാലും, പുതിയതായി സംരംഭം തുടങ്ങാനിരിക്കുന്ന സുഹൃത്തുക്കളെങ്കിലും പങ്കാളി അല്ലെങ്കില്‍ പാര്‍ട്ണറെ തിരഞ്ഞെടുക്കുമ്പോള്‍ ജോജിയെപ്പോലെ കുടുങ്ങാതിരിക്കാന്‍ വേണ്ടി സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

1. ബിസിനസ് പങ്കാളിക്ക് മേഖലയില്‍ നൈപുണ്യവും അനുഭവവും ഉണ്ടോ എന്ന് പരിശോധിക്കുക.

വെറുതെ പങ്കാളിത്ത ഓഹരി മാത്രം കൊണ്ട് വരുന്ന ഒരാളെ പാര്‍ട്ണര്‍ ആക്കിയാല്‍ അതിന്റെ ദുഷ്ഫലങ്ങളും അനുഭവിക്കാന്‍ തയാറായിരിക്കണം. നിങ്ങളുടെ പ്രവര്‍ത്തിയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ അയാള്‍ക്ക് സാധിച്ചേക്കില്ല. ചോദ്യങ്ങള്‍ മാത്രമായിരിക്കും ബാക്കിയാവുക.

2. നിങ്ങളുടെ വീക്ഷണവുമായി യോജിച്ചു പോകുന്നവരാണോ എന്ന് നോക്കുക

82 ശതമാനം പങ്കാളിത്ത വ്യാപാരവും തകരുന്നത് ബിസിനസ്സ് പങ്കാളികള്‍ക്കിടയില്‍ രൂപപ്പെടുന്ന സ്വരച്ചേര്‍ച്ച ഇല്ലായ്മ കൊണ്ടാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം പാര്‍ട്ണര്‍മാരുടെ വീക്ഷണങ്ങളിലെ പൊരുത്തക്കേടുകള്‍ ആണ്. തികച്ചും വ്യത്യസ്തമായ ചിന്താധാരയില്‍ ഉള്ള പങ്കാളികള്‍ തീരുമാനം എടുക്കുമ്പോള്‍ മാത്രം ഒരു പോലെ ചിന്തിക്കുക എന്നത് ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്.

3. ബിസിനസ്സ് പങ്കാളിക്ക് സാമ്പത്തിക ഭദ്രതയുണ്ടോ എന്ന് അറിയുക

ജോജിയുടെ പ്രശ്‌നം അത് തന്നെ. പാര്‍ട്ണര്‍ പല ബിസിനസിലും പങ്കുചേര്‍ന്ന് ഓരോന്നോരോന്നായി വിറ്റുപെറുക്കിക്കൊണ്ടിരിക്കുകയാണ്. അയാള്‍ മറ്റു വ്യാപാര നഷ്ടങ്ങളില്‍ നിന്ന് തിരിച്ചു കയറാന്‍ നോക്കുമോ അതോ പുതിയ ബിസിനസ് പുഷ്ടിപ്പെടുത്താന്‍ നോക്കുമോ? പല ബിസിനസും തകര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ പുതിയ ബിസിനസിലും ഇപ്പോള്‍ അയാള്‍ ചെന്ന് ചേരുന്നത്, അതില്‍ നിന്നും ലാഭം വരും… അപ്പോള്‍ കര കയറാം എന്ന പ്രതീക്ഷയിലാണ്. അതായത് തീവ്ര നൈരാശ്യത്തില്‍ ഒരു കച്ചിത്തുരുമ്പിനു വേണ്ടിയുള്ള മരണപ്പാച്ചില്‍. അങ്ങനെയുള്ള ഒരാളെ പങ്കാളിയാക്കിയാല്‍ പിന്നെ പറയാനുണ്ടോ. നമ്മളെയും കൊണ്ടേ പോകൂ! പുതിയ സംരംഭങ്ങള്‍ക്ക് ഒരുപാട് സമയം, ഏകാഗ്രത, കൂടാതെ നല്ല ഉന്മേഷവും വേണം. സാമ്പത്തികഭാരം തലയില്‍ വെച്ചിരിക്കുന്ന ഒരാള്‍ക്ക് എന്തായാലും ഇതൊന്നും ഉണ്ടാവില്ല. അപ്പോള്‍പ്പിന്നെ ആ പങ്കാളി ഉള്ളതും ഇല്ലാത്തതും ഒരുപോലെയല്ലേ?

4. ധാര്‍മികത ഉള്ള പങ്കാളിയെ തിരഞ്ഞെടുക്കുക

വ്യാപാരത്തില്‍ ഇന്നത്തെ തലമുറ വളരെ അധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് ധാര്‍മികത. നിങ്ങളുടെ ബിസിനസ് പങ്കാളിയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം അവര്‍ എത്രമാത്രം ധാര്‍മികത അഥവാ എത്തിക്‌സ് ഉള്ളവര്‍ ആണെന്നതാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടും എന്ന് മാത്രമല്ല അത് മറ്റു ജീവനക്കാരിലേക്കും പടരും. പിന്നെ എന്ത് സംഭവിക്കും എന്ന് പറയാതെ അറിയാമല്ലോ?

5. പരസ്പര ബഹുമാനം അനിവാര്യം

എന്റെ അറിവില്‍ ഉള്ള രണ്ടു പാര്‍ട്ണര്‍മാര്‍ കച്ചവടത്തില്‍ നിന്ന് പിരിയാന്‍ തന്നെ പ്രധാന കാരണം ബഹുമാനമില്ലായ്മ തന്നെ. ഒരാള്‍ നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍, മറ്റേ ആള്‍ പ്രായോഗിക ജ്ഞാനം ഉള്ള വ്യക്തി. രണ്ടു പേരും ചെറുപ്പം തൊട്ടേ അറിയുന്നവര്‍. ബിസിനസ് തുടങ്ങി ഒരു നിലയെത്തിയപ്പോള്‍ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ വരാന്‍ തുടങ്ങി. ഒരാള്‍ക്ക് മാത്രമേ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ അറിയൂ. ചുരുക്കി പറയുകയാണെങ്കില്‍ രണ്ടു വര്‍ഷം കൊണ്ട് പാര്‍ട്ണര്‍മാര്‍ അടിച്ചു പിരിഞ്ഞു. വളരുന്നതിനിടയില്‍ പരസ്പര ബഹുമാനം നല്‍കാന്‍ അവര്‍ മറന്നതു തന്നെ കാരണം.

6. അപഗ്രഥന പദ്ധതി (Breakup Plan )

ബിസിനസ് പങ്കാളിയുമായി തുടക്കത്തില്‍ തന്നെ ഒരു ലക്ഷ്മണ രേഖ വരക്കുന്നത് എപ്പോഴും നല്ലതാണ്. ഓരോ പാര്‍ട്ണര്‍മാരും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി എഴുതി തീരുമാനിച്ച ശേഷം അത് പോലെ നടക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യണം എന്നും തീരുമാനിക്കുക. എന്ന് മാത്രമല്ല ഏതെങ്കിലും പാര്‍ട്ണര്‍ ഇടയ്ക്കു വെച്ച് പിരിഞ്ഞു പോകാന്‍ തീരുമാനിച്ചാല്‍ അത് എങ്ങിനെ പരിഹരിക്കണം എന്നുള്ളതും രേഖപ്പെടുത്തി വെക്കുന്നത് ആകസ്മികത കുറയ്ക്കാന്‍ സഹായിക്കും

മേല്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഗൗരവമായി എടുത്ത് സംരംഭത്തിനുള്ള പ്രമാണങ്ങളോട് കൂട്ടിച്ചേര്‍ത്താല്‍ ബിസിനസില്‍ ഒരിക്കലും വിഷമിക്കേണ്ടി വരില്ല.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ  Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. വാട്‌സ്ആപ്പ് നമ്പര്‍: +919497154400)

Categories: FK Special, Slider