മോശമായ പെരുമാറ്റത്തിനെതിരേ നടപടിയില്ല; ഫേസ്ബുക്കിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

മോശമായ പെരുമാറ്റത്തിനെതിരേ നടപടിയില്ല; ഫേസ്ബുക്കിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

ലണ്ടന്‍: ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍നിന്നും മോശം പെരുമാറ്റമുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ചില സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെ മോശം പെരുമാറ്റത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ ഇതിനെതിരേ പരാതിപ്പെടുന്ന പകുതിയോളം കേസുകളിലും ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നു സമീപകാലത്തു ലെവല്‍ അപ്പ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. ഫേസ്ബുക്കിന്റെ ഈ നിലപാടിനെതിരേയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ യുകെ രംഗത്തുവന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 1000 സ്ത്രീകളില്‍ 29 ശതമാനത്തിനും ഫേസ്ബുക്കില്‍നിന്നും മോശം അനുഭവമുണ്ടായതായി രേഖപ്പെടുത്തി. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നു ആവര്‍ത്തിച്ചു സോഷ്യല്‍ മീഡിയ കമ്പനികള്‍ പറയുന്നുണ്ടെങ്കിലും അത് സംഭവിക്കുന്നില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ യുകെ വിഭാഗം വക്താവ് പറഞ്ഞു. ശല്യപ്പെടുത്തുന്ന, അനിഷ്ടകരമായ സന്ദേശങ്ങളും, ചിത്രങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് പതിവാണ്. അതുപോലെ അവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നു. ഇത് സ്ത്രീകളില്‍ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ജനിപ്പിക്കുകയും ചെയ്യുന്നു. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, സ്ത്രീകളെ ശല്യം ചെയ്ത സംഭവങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്ക് പരാജയമാണെന്നാണ്. 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മോഡറേറ്റര്‍മാരുടെ സഹായം ആവശ്യമുണ്ടെന്നുമാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ആഗ്രഹിക്കുന്ന അഥവാ മനോഭാവമുള്ള രീതിയെ ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ലെവല്‍ അപ്പ്. ഓണ്‍ലൈനില്‍ ശല്യപ്പെടുത്തുന്ന സംഭവങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യണമെന്ന മനോഭാവം ഫേസ്ബുക്കിനില്ലെന്ന് ലെവല്‍ അപ്പ് ആരോപിച്ചു.

Comments

comments

Categories: Current Affairs