വ്യാളിക്ക് കിതപ്പ് തന്നെ; വളര്‍ച്ചാ ലക്ഷ്യം താഴ്ത്തി ചൈന

വ്യാളിക്ക് കിതപ്പ് തന്നെ; വളര്‍ച്ചാ ലക്ഷ്യം താഴ്ത്തി ചൈന

യുഎസുമായുള്ള വ്യാപാര യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കമ്യൂണിസ്റ്റ് രാജ്യം. വിദേശ നിക്ഷേപ നിയമം കൂടുതല്‍ ഉദാരമാക്കാനും ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ആലോചിക്കുന്നു

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന തങ്ങളുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിച്ചു. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് 6-6.5 ശതമാനത്തിലേക്കാണ് കമ്യൂണിസ്റ്റ് രാജ്യം കുറച്ചിരിക്കുന്നത്. മാന്ദ്യ സൂചനകളുടെയും യുഎസുമായുള്ള വ്യാപാര യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിലാണ് വളര്‍ച്ചാ ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയത്.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ നിക്ഷേപ നിയമം എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍. പ്രാദേശിക ബിസിനസുകളെ പോലെ തന്നെ വിദേശ നിക്ഷേപകര്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലാകും പുതിയ നിയമം. വ്യാപാര യുദ്ധത്തില്‍ പൊറുതി മുട്ടിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ഷി ജിന്‍പിംഗ് നിര്‍ബന്ധിതനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ നിക്ഷേപ നിയമത്തില്‍ മാറ്റം വരുത്തുന്നത്.

കയറ്റുമതിയെ കൂടുതലായും ആശ്രയിക്കുന്ന ചൈനീസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 6.6 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്്ന്ന വളര്‍ച്ചാനിരക്കായിരുന്നു അത്.

പുതിയ നിക്ഷേപ നിയമത്തിലൂടെ വിദേശനിക്ഷേപകര്‍ക്ക് ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക വിദ്യ കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിരക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ ബെയ്ജിംഗില്‍ തുടങ്ങിയ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 8ന് ഇതിന്റെ അവലോകനം നടക്കും. അതിനു ശേഷം മാര്‍ച്ച് 15ന് വോട്ടിനിട്ടായിരിക്കും നിയമം പാസാക്കുക. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള റബ്ബര്‍ സ്റ്റാമ്പ് സംവിധാനമായാണ് എന്‍പിസി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ നിയമം പാസാകാനാണ് സാധ്യത.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചൈനയ്ക്ക് കടുത്ത ക്ഷീണമാണുണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപ നിയമം എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാനുള്ള ഇപ്പോഴത്തെ ശ്രമം. 375 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയില്‍ കുറവ് വരുത്തുക, ചൈനീസ് വിപണിയിലുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് വ്യാപാര യുദ്ധത്തിന് തിരശ്ശീല വീഴാന്‍ ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഏകദേശം 250 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ കൂട്ടിയിട്ടുണ്ട്. ചൈന വഴങ്ങിയില്ലെങ്കില്‍ 200 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി 25 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് മാര്‍ച്ച് ഒന്നായിരുന്നു ട്രംപ് നേരത്തെ മുന്നോട്ടുവെച്ച് അവസാന തിയതി. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം നീട്ടുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇരുരാജ്യങ്ങളും തീവ്രചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ എഴുപതാം വാര്‍ഷികമെന്ന പ്രത്യേകത കൂടി 2019നുണ്ട്. അതിനാല്‍ എല്ലാ തലങ്ങളിലും മുന്നേറ്റം പ്രകടമായ രാജ്യമാണ് ചൈനയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്.

എണ്ണ വില ഇടിഞ്ഞു

സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകളില്‍ ചൈന മാറ്റം വരുത്തിയതോടെ എണ്ണ വിലയിലും ഇന്നലെ ഇടിവ് പ്രകടമായി. പ്രധാന എണ്ണ ഉപഭോഗ രാജ്യമാണ് ചൈന എന്നതിനാല്‍ അവിടുത്തെ മാന്ദ്യ സൂചനകള്‍ വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ കര്‍ക്കശമായി നടപ്പാക്കുന്നതിലൂടെ വിപണിയെ പിടിച്ചുനിര്‍ത്താമെന്നാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ പ്രതീക്ഷ.

Comments

comments

Categories: FK News