40 ദശലക്ഷം പുതിയ എല്‍പിജി കണക്ഷനുകള്‍; ഇത് സൂപ്പര്‍ വിജയഗാഥ

40 ദശലക്ഷം പുതിയ എല്‍പിജി കണക്ഷനുകള്‍; ഇത് സൂപ്പര്‍ വിജയഗാഥ
  • ഉജ്ജ്വല പ്രകടനം നടത്തി ഉജ്ജ്വല പദ്ധതി, 45 ശതമാനം വളര്‍ച്ച
  • പദ്ധതിയുടെ വിജയത്തിന് അനുസരിച്ച് സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം കൂടുന്നു
  • ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാത്രം സര്‍ക്കാര്‍ ചെലവിട്ടത് 25,700 കോടി രൂപ

ന്യൂഡെല്‍ഹി: എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) കണക്ഷന്‍ ഇല്ലാതെ പാചകത്തിനായി വിറകിനെയും കല്‍ക്കരിയെയും ആശ്രയിക്കുന്നവരുടെ രക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഉജ്ജ്വല യോജന പദ്ധതിക്ക് അസാമാന്യ വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2019 സാമ്പത്തിക വര്‍ഷത്തില്‍ 40.7 ദശലക്ഷം പുതിയ എല്‍പിജി കണക്ഷനുകളാണ് പദ്ധതി പ്രകാരം നല്‍കിയത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണ് കണക്ഷന്‍ നല്‍കുന്നതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ സംയുക്തമായി, മാര്‍ച്ച് 31ന് മുമ്പ് 42.5 ദശലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം ഉജ്ജ്വല ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധന സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം ഉയര്‍ത്തുന്നുമുണ്ട്. 2018 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 25,700 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20,880 കോടി രൂപയായിരുന്നു. അതേസമയം 2019-20 ബജറ്റില്‍ സബ്‌സിഡി ചെലവിടലിനായി വകയിരുത്തിയിരിക്കുന്നത് 20,283 കോടി രൂപയാണ്.

2015 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 148 ദശലക്ഷം എല്‍പിജി കണക്ഷനുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിനെ അപേക്ഷിച്ച് 77 ശതമാനം വര്‍ധന രേഖപ്പെടുത്തി 261.6 ദശലക്ഷമായി കണക്ഷനുകളുടെ എണ്ണം ഇപ്പോള്‍ ഉയര്‍ന്നു.

2019 ജനുവരിയിലെ കണക്കെടുപ്പില്‍ പാചകവാതക ഉപഭോഗത്തില്‍ രാജ്യത്തിന്റെ അഞ്ച് പ്രദേശങ്ങളില്‍ വടക്കന്‍ മേഖലയാണ് 32.8 ശതമാനവുമായി മുന്നിലുള്ളത്. ദക്ഷിണേന്ത്യന്‍ മേഖലയുടെ വിഹിതം 27.2 ശതമാനവും പശ്ചിമ മേഖലയുടേത് 22.9 ശതമാനവും കിഴക്കന്‍ മേഖലയുടേത് 15 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വടക്ക്-കിഴക്കന്‍ മേഖലയുടേത് കേവരം രണ്ട് ശതമാനം മാത്രമാണ്.

മൊത്തം ഉപഭോക്താക്കളില്‍ 242.7 ദശലക്ഷം പേരാണ് പാചകവാതക സബ്‌സിഡി അഥവാ പഹല്‍ പദ്ധതിയുടെ നേരിട്ടുള്ള ആനുകൂല്യം പറ്റുന്നത്. 2016 മേയ് മാസത്തില്‍ ഉജ്ജ്വല ആരംഭിച്ചത് മുതല്‍ 714 ജില്ലകളിലായി 68.9 ദശലക്ഷം ഗുണഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ എന്ന ലക്ഷ്യവുമായി 2016ലാണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. വൃത്തിയുള്ള പാചകവാതക സംവിധാനം ഉറപ്പുവരുത്തി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.

Comments

comments

Categories: FK News

Related Articles