വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ടൂറിസം വിസ നല്‍കാന്‍ സൗദി തീരുമാനം

വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ടൂറിസം വിസ നല്‍കാന്‍ സൗദി തീരുമാനം

കായിക, സാംസ്‌കാരിക, ബിസിനസ് പരിപാടികള്‍ക്ക് എത്തുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഇ-വിസ ലഭ്യമാക്കും

റിയാദ്: കായിക പരിപാടികള്‍, സംഗീത നിശ, ബിസിനസ് പരിപാടികള്‍ എന്നിവയ്ക്കായി രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്കായി പുതിയ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ സൗദി അറേബ്യന്‍ മന്ത്രാലയം തീരുമാനിച്ചു. ഇത്തരം പരിപാടികള്‍ക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാക്കാനാണ് സൗദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സൗദിയിലെ കായിക, സാംസ്‌കാരിക, ബിസിനസ് പരിപാടികളുടെ നടത്തിപ്പ് ചുമതലയുള്ള ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി, ജനറല്‍ എന്റെര്‍ടെയ്‌മെന്റ് അതോറിറ്റി എന്നീ വകുപ്പുകള്‍ ഇനിമുതല്‍ വരാനിരിക്കുന്ന പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാരിനെ അറിയിക്കും. ഇവ വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ രേഖപ്പെടുത്തി വയ്ക്കുകയും ഈ പരിപാടികള്‍ക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കുറിനുള്ളില്‍ വിസ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

വിഷന്‍ 2030 പദ്ധതിയോട് അനുബന്ധിച്ച് സമ്പദ് മേഖലയെ പുനരാവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല പരിഷ്‌കാര നടപടികളും സൗദി നടപ്പിലാക്കുന്നത്. ന്യൂ സിനിമാസ് തുടങ്ങി ഫോര്‍മുല ഇ, യൂറോപ്യന്‍ ടൂര്‍ ഗോള്‍ഫ് തുടങ്ങി കായിക, വിനോദ മേഖലകളിലെ പരിപാടികള്‍ ബില്യണ്‍ കണക്കിന് ഡോളറുകളുടെ നിക്ഷേപമാണ് സൗദിയിലെത്തിക്കുന്നത്. 2015ല്‍ 27.9 ബില്യണ്‍ ഡോളര്‍ ആയിരുന്ന തദ്ദേശ, വിദേശ നിക്ഷേപങ്ങള്‍ 2020 ആകുമ്പോഴേക്കും 46.6 ബില്യണ്‍ ഡോളറാക്കി മാറ്റാനാണ് സൗദി ഭരണകൂടം ആലോചിക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 64 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വിനോദമേഖലയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷേഖ് അറിയിച്ചു. ഇങ്ങനെ 2030 ഓടെ 224,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Arabia