സ്മാര്‍ട്ട് സിറ്റി 5 സ്റ്റാര്‍ ഹോട്ടല്‍ പദ്ധതിക്കായി ദുബായ് ഹോള്‍ഡിംഗ് നിക്ഷേപകരെ തേടുന്നു

സ്മാര്‍ട്ട് സിറ്റി 5 സ്റ്റാര്‍ ഹോട്ടല്‍ പദ്ധതിക്കായി ദുബായ് ഹോള്‍ഡിംഗ് നിക്ഷേപകരെ തേടുന്നു

പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായി സ്മാര്‍ട്ട് സിറ്റി സിഇഒ

ദുബായ് കൊച്ചിയുടെ വികസന പ്രതീക്ഷയായ സ്മാര്‍ട്ട് സിറ്റിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനായി ദുബായ് ഹോള്‍ഡിംഗ് നിക്ഷേപ പങ്കാളികളെ തേടുന്നു. ഇത് സംബന്ധിച്ച് പ്രമുഖ ഹോട്ടല്‍ വ്യവസായികളുമായും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും ചര്‍ച്ചകള്‍ ആരംഭിച്ചതായി സ്മാര്‍ട്ട് സിറ്റി നേതൃത്വം അറിയിച്ചു.

പ്രമുഖ അറബിക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതിക്കായുള്ള സംയുക്ത സംരംഭത്തില്‍ ദുബായ് ഹോള്‍ഡിംഗ് പങ്കാളികളെ തേടുന്ന കാര്യം വ്യക്തമാക്കിയത്. പല കമ്പനികളുമായും പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും മനോജ് നായര്‍ അറിയിച്ചു.

പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ പല അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളും താല്‍പര്യം അറിയിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തിലേക്കുള്ള പങ്കാളിയെയാണ് നിലവില്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. സംയുക്ത നിര്‍മ്മാണ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള നിക്ഷേപരുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും സ്മാര്‍ട്ട് സിറ്റി സിഇഒ അറിയിച്ചു. ഹോട്ടല്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഭൂമി സ്മാര്‍്ട്ട് സിറ്റി നല്‍കുമെന്നതിനാല്‍ നിര്‍മ്മാണച്ചുമതല പുതിയ പങ്കാളിയാകള്‍ക്കായിരിക്കുമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് സിറ്റി ടൗണ്‍ഷിപ്പില്‍ 9.5 ഏക്കര്‍ ഭൂമിയിലാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയാന്‍ പദ്ധതിയിടുന്നത്. ഹോട്ടലിനോട് ചേര്‍ന്ന് തന്നെ സര്‍വ്വീസ് അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കാനും സ്മാര്‍ട്ട് സിറ്റി നേതൃത്വം ആലോചിക്കുന്നുണ്ട്.

കൊച്ചിയില്‍ 246 ഏക്കര്‍ ഭൂമിയില്‍ വിഭാവനം ചെയ്യുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി കേരള സര്‍ക്കാരും ദുബായ് ഭരണാധികാരിയുടെ നിക്ഷേപ കമ്പനിയായ ദുബായ് ഹോള്‍ഡിംഗും സംയുക്തമായാണ് നടപ്പാക്കുന്നത്. പദ്ധതിയില്‍ 16 ശതമാനം ഓഹരി പങ്കാളിത്തമാണ് കേരള സര്‍ക്കാരിനുള്ളത്. ശേഷിക്കുന്ന 84 ശതമാനം ഓഹരി വിഹിതവും ദുബായ് ഹോള്‍ഡിംഗിന്റേതാണ്.

ഐടി തൊഴില്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ വിവിധ കായിക കേന്ദ്രങ്ങള്‍, പലതരത്തിലുള്ള ഗതാഗത സൗകര്യങ്ങള്‍ അടക്കം സാമൂഹ്യപരമായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും സേവനങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പാണ് സ്മാര്‍ട്ട് സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്. വാക്ക് ടു വര്‍ക്ക് (താമസ-തൊഴില്‍ സൗകര്യങ്ങള്‍ ഒന്നിച്ചുള്ള) മാതൃകയിലാണ് പദ്ധതി നടപ്പില്‍ വരുത്തുക. സ്മാര്‍ട്ട് സിറ്റിയില്‍ 152 മീറ്റര്‍ ഉയരത്തിലുള്ള ഐടി കെട്ടിടങ്ങളുടെ നിര്‍മ്മാവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷ്ണലിന്റെ ഭാഗമായുള്ള സാന്‍ഡ്‌സ് ഇന്‍ഫ്രാബില്‍ഡുമായി സഹ നിര്‍മ്മാണ കരാറില്‍ എത്തിച്ചേരാന്‍ സ്മാര്‍ട്ട് സിറ്റിക്ക് സാധിച്ചിട്ടുണ്ട്. 2020 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന്് കരുതപ്പെടുന്ന ഇവ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി ഇരട്ടക്കെട്ടിടങ്ങളായിരിക്കും. സ്മാര്‍ട്ട് സിറ്റിയിലെ പാര്‍പ്പിട പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി കരാറിലെത്തിയിട്ടുണ്ട്.

അഞ്ച് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുന്ന സ്മാര്‍ട്ട് സിറ്റിക്കായി ഇതിനോടകം 525 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഐടി, സാമൂഹിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേണ്ടി 700 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മനോജ് നായര്‍ അറിയിച്ചു.500,000 ഐടി തൊഴിലുകളുടെ കേന്ദ്രമാകാനാണ് ഈ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യഘട്ടത്തിലെ 650,000 ചതുരശ്രയടി വലുപ്പത്തിലുള്ള ഓഫീസ് സ്‌പേസില്‍ ബേക്കര്‍ ഹ്യൂഗ്‌സ്, ഇവൈ,ഗാഡ്ജിയോണ്‍, ഐബിഎസ്, എന്‍ ഡയമെന്‍ഷന്‍സ് എന്നീ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

Comments

comments

Categories: Arabia