പാകിസ്ഥാനോ അതോ ചൈനയോ; ആരാണ് യഥാര്‍ത്ഥ ശത്രു?

പാകിസ്ഥാനോ അതോ ചൈനയോ; ആരാണ് യഥാര്‍ത്ഥ ശത്രു?

ആണവരാജ്യങ്ങളില്‍ ഏറ്റവും അപകടകരമായ നേതൃത്വമാണ് പാകിസ്ഥാനിലേതെന്ന് ഇപ്പോള്‍ ലോകം മനസിലാക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. 2025 ആവുമ്പോഴേക്കും പാക്കിസ്ഥാന്‍ 220-250 വരെ ആണവായുധങ്ങള്‍ സ്വായത്തമാക്കും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതായത്, കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും നിയന്ത്രിക്കാവുന്ന രീതിയിലേക്ക് അവരുടെ മിസൈല്‍ പദ്ധതി, ചൈന വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഒരു ഭാഗത്തു കച്ചവടവും മറുഭാഗത്ത് ഇന്ത്യക്കു നേരെയുള്ള നിഴല്‍ യുദ്ധവും തന്നെ

ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു മലമ്പാമ്പിനെ പിടിച്ച് വളര്‍ത്താന്‍ തുടങ്ങി. താമസിയാതെ പാമ്പ് അദ്ദേഹവുമായി വളരെ അടുത്തു. ആ പാമ്പും അദ്ദേഹവും തമ്മിലുള്ള കൂട്ടുകെട്ട് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് പാമ്പിനോട് സ്‌നേഹം കൂടിക്കൂടി വന്നു. അങ്ങിനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി…എന്നത്തേതുമെന്ന പോലെ പാമ്പും അദ്ദേഹവും പലപ്പോഴും ഒരുമിച്ചു കിടന്നുറങ്ങും. കാലങ്ങളായി പാമ്പ്് മുറിയുടെ ഒരു മൂലയില്‍ കിടക്കും, അദ്ദേഹം വേറൊരു ഭാഗത്തും. വര്‍ഷങ്ങള്‍ പിന്നിട്ടു. ഈയിടെയായി പാമ്പ് തന്റെ അടുത്തു വന്നു കൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിന് വലിയ സന്തോഷം. ഈ വിവരം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി കേട്ട് അയാള്‍ ഞെട്ടിത്തരിച്ചു പോയി.

‘ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ പാമ്പ് നിങ്ങളെ വിഴുങ്ങാന്‍ തയ്യാറെടുത്തു കഴിഞ്ഞു. നിങ്ങളെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ അതിന്റെ ഉദരം പരിമിതമാണോ എന്നാണ് നിങ്ങളുടെ അടുത്തു വന്നു കിടന്ന് ആ പാമ്പു മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്,’ സുഹൃത്ത് പറഞ്ഞു.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈനയെയും പാകിസ്ഥാനെയും കുറിച്ചും ചിന്തിക്കുമ്പോള്‍ എനിക്ക് ഈ കഥയാണ് ഓര്‍മ്മയില്‍ വരുന്നത്. ഒരു വ്യക്തിയെ കുറിച്ച് മനസ്സിലാക്കാന്‍ അദ്ദേഹം മറ്റുള്ളവരോട് പെരുമാറുന്നത് എങ്ങനെയെന്ന് നോക്കിയാല്‍ മതി. ഓരോ രാജ്യവും മറ്റൊരു രാജ്യവുമായി എങ്ങിനെ നയതന്ത്ര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നു എന്ന് നോക്കിയാല്‍ അവരുടെ ആന്തരിക വ്യവഹാരവും മനസ്സിലാക്കാം. ഇന്ത്യയുടേതിന് സമാനമായി അയല്‍രാജ്യം നിലക്ക് ചൈനയെ ഉള്‍കൊള്ളാന്‍ പാകിസ്ഥാന്‍ പേടിക്കേണ്ടതില്ല. മറിച്ചാണെങ്കില്‍ വലിയ അപകടം പിടിച്ച എടുത്തു ചാട്ടമാവും പാക് ഭരണകൂടം കൈക്കൊള്ളുന്നത്.

ചൈന എല്ലാ അര്‍ത്ഥത്തിലും പാകിസ്ഥാനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. സമ്പൂര്‍ണമായും സൗജന്യമായി വൈദ്യുതി നല്‍കാമെന്നാണ് ചൈന നല്‍കിയ വലിയ വാഗ്ദാനങ്ങളിലൊന്ന്. ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രത്തെ നന്നാക്കിയെടുക്കാനും അതുപോലെ അധീനതയിലാക്കിയെടുക്കാനും നമുക്ക് വൈദ്യുതിയെ ഉപയോഗിക്കാം. എല്ലാ അയല്‍ രാജ്യങ്ങളുമായും ഭൂമിയുടെ പേരില്‍ തര്‍ക്കിക്കുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ് ചൈന. തങ്ങളുടെ അതിരുകള്‍ ലോകം മുഴുവന്‍ പടര്‍ത്തുക എന്നതാണ് ആ രാജ്യത്തിന്റെ മുഖ്യ അജണ്ട. സ്വന്തം സാങ്കേതിക വിദ്യകളും മനുഷ്യ മസ്തിഷ്‌കവും ഒരിക്കലും കയറ്റുമതി ചെയ്യാത്ത രാജ്യവും ചൈനയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഏതു രാജ്യത്തിനും ലഭിക്കൂ.

തങ്ങളുടെ പരമാവധി കമ്പനികളെ പാകിസ്ഥാനില്‍ എത്തിക്കുകയും തുടര്‍ന്ന് മെല്ലെ മെല്ലെ സാംസ്‌കാരിക പരിവര്‍ത്തനം കൂടി സാധ്യമാക്കി എടുക്കുക എന്നതും ചൈനയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. 2013 ല്‍ നടപ്പിലാക്കാനാരംഭിച്ച ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കായി (സിപിഇസി) ചൈന ചെലവാക്കാനുദ്ദേശിക്കുന്നത് 75 ബില്യണ്‍ ഡോളറാണ്. ഇത് നടപ്പിലാവുന്നതോടു കൂടി റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും എല്ലാം ഈ പദ്ധതിക്ക് കീഴില്‍ വരികയും കാണുന്ന ജനങ്ങള്‍ക്ക് നല്ല അഭിവൃദ്ധി അനുഭവപ്പെടുകയും ചെയ്യും. പക്ഷേ അപ്പോഴേക്കും സമയം വളരെ അതിക്രമിച്ചിരിക്കുമെന്ന് മാത്രം. പിന്നീട് ഒരു ശക്തിക്കും പാകിസ്ഥാനെ ചൈനയുടെ കരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല.

ഒരു ഭാഗത്തു പാകിസ്ഥാനെ വരുതിയിലാക്കുകയും മറു ഭാഗത്ത് ഇന്ത്യയെ യുദ്ധത്തിന്റെ സഹായമില്ലാതെ തന്നെ നിയന്ത്രിക്കുക എന്നതുമാണ് ചൈനീസ് തന്ത്രം. ഇത് നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലുടനീളം കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്തല്‍ നടക്കുന്നത്. ഇന്ത്യയിലേക്ക് കഴിയുന്നത്രയും മയക്കുമരുന്നുകള്‍ എത്തിക്കുക, ഇവിടത്തെ യുവ ജനതയെ ഇത്തരം ദുശീലങ്ങള്‍ക്ക് അടിമപ്പെടുത്തുക എന്നതാണ് ഈ തന്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ സാധ്യതയുള്ള യുവാക്കളെ നശിപ്പിക്കാനും സമൂഹത്തിന് ഉതകാത്തവരുമായി മാറ്റാന്‍ ഇതാണ് ഏക മാര്‍ഗ്ഗം. അതിനു വേണ്ടി വിവിധ ഗ്രൂപ്പുകളെ സജ്ജീകരിച്ച് ധ്രുവീകരണ പ്രക്രിയ നടത്തിക്കൊണ്ടേയിരിക്കുന്നു. സ്വാഭാവികമായും പാകിസ്ഥാന് വളരെ എളുപ്പത്തില്‍ വിഷയത്തില്‍ നിന്നും കൈ കഴുകി മാറി നില്‍ക്കാന്‍ കഴിയുന്നതും ഇതുകൊണ്ടാണ്. ചൈന ആണവായുധം സ്വായത്തമാക്കുന്നത് 1960 ല്‍ ആണ്. 1970 ആയപ്പോഴേക്കും അവര്‍ അത് പാകിസ്ഥാനും നല്‍കി. ആണവ പദ്ധതിക്ക് നാം തുടക്കം കുറിക്കുന്നത് 1987 ജനുവരി മാസം നടന്ന വിപുലമായ സൈനിക പരിശീലന പരിപാടിയായ ‘ഓപ്പറേഷന്‍ ബ്രാസ്ടാക്‌സി’ന് ശേഷമാണ്. 1988 ലാണ് ആണവ ശാസ്ത്രജ്ഞനായ പികെ അയ്യങ്കാറും ശാസ്ത്ര ഉപദേഷ്ടാവ് വി എസ് അരുണാചലവും നമ്മുടെ ആണവ പദ്ധതിക്ക് വിത്ത് പാകുന്നത്. പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത് തന്ത്ര നിപുണനായ കെ സുബ്രഹ്മണ്യം ആയിരുന്നു.

പൂര്‍ണ രൂപത്തില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനും അത് പ്രയോഗിക്കാനും കഴിയുന്ന രൂപത്തിലേക്ക് എല്ലാ അര്‍ത്ഥത്തിലും ചൈന പാകിസ്ഥാനെ വളര്‍ത്തിയെടുത്തു കഴിഞ്ഞെന്ന് സാരം. ഇന്ന് ലോകത്തെ ആണവ രാഷ്ട്രങ്ങളുടെയെല്ലാം പക്കലായി ഏകദേശം 10,600 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ആണവരാജ്യങ്ങളില്‍ ഏറ്റവും അപകടകരമായ നേതൃത്വമാണ് പാകിസ്ഥാനിലേതെന്ന് ഇപ്പോള്‍ ലോകം മനസിലാക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. 2025 ആവുമ്പോഴേക്കും പാക്കിസ്ഥാന്‍ 220-250 വരെ ആണവായുധങ്ങള്‍ സ്വായത്തമാക്കും എന്നാണ് കണക്കുകള്‍ പറയുന്നത്. അതായത്, കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും നിയന്ത്രിക്കാവുന്ന രീതിയിലേക്ക് അവരുടെ മിസൈല്‍ പദ്ധതി, ചൈന വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഒരു ഭാഗത്തു കച്ചവടവും മറുഭാഗത്ത് ഇന്ത്യക്കു നേരെയുള്ള നിഴല്‍ യുദ്ധവും തന്നെ.

ഒന്നാം ലോക മഹായുദ്ധത്തിനു കാരണം ആയി പറയപ്പെടുന്നത് ഓസ്ട്രിയന്‍ ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡിന്റെ വധമാണ്. 1914 ജൂണ്‍ 28 ന് ബോസ്‌നിയിലെ സാരജീവോ എന്ന സ്ഥലം സന്ദര്‍ശിക്കുമ്പോഴാണ് ഒരു ബോസ്‌നിയന്‍-സെര്‍ബ് ദേശീയവാദിയുടെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടത്. പിന്നാലെ കേന്ദ്ര ശക്തികളും സഖ്യ ശക്തികളും തമ്മില്‍ നടന്ന യുദ്ധത്തില്‍ 17 ദശലക്ഷം ആളുകള്‍ മരിക്കുകയും 20 ദശലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലുണ്ടായ രണ്ടാം ലോക മഹായുദ്ധത്തില്‍ ആഗോള ജനസംഖ്യയിലെ 3% ആളുകള്‍ (60 ദശലക്ഷം) വധിക്കപ്പെട്ടു.

മൂന്നാം ലോക മഹാ യുദ്ധം പ്രകൃതി നിയമമായ ‘ഏറ്റവും അനുയോജ്യമായതിന്റെ നിലനില്‍പ്പ്്’ എന്ന തത്വത്തില്‍ ആധാരമായിരിക്കുമെന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത്. ഇനിയുള്ള യുദ്ധങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ കൈക്കലാക്കുന്നതിനും വെള്ളത്തിന് വേണ്ടിയും സ്രോതസുകള്‍ കൈവശമാക്കുന്നതിനും വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും ആയുധ പന്തയങ്ങള്‍ക്കും എബോള പോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച സമൂഹത്തെ ഇല്ലായ്മ ചെയ്യാനും മറ്റുമാകുമെന്ന് സാരം. രാജ്യങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന സഖ്യങ്ങള്‍ മറ്റൊരു യുദ്ധത്തിലേക്ക് കാര്യങ്ങളെ നയിക്കും. സ്രോതസുകള്‍ എന്ന ഘടകം എടുത്തു നോക്കിയാല്‍ മൂന്നാം ലോക മഹാ യുദ്ധം, കുവൈറ്റ്-ഇറാക്ക് യുദ്ധത്തോടെ ആരംഭിച്ചതായി വിലയിരുത്താനും കഴിയും.

മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട രാജ്യമാണ് പാകിസ്ഥാന്‍. എന്നാല്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് ഒട്ടും മാതൃകാപരമായി നിലനില്‍ക്കാത്ത രാജ്യവും പാക്കിസ്ഥാന്‍ മാത്രമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇസ്ലാം എന്ത് പറയുന്നുവോ അതിനു നേര്‍ വിപരീതം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ജനതയും ഭരണകൂടവും. വിഭജന ശേഷം പാകിസ്ഥാനില്‍ എന്ത് സംഭവിച്ചു എന്ന് മനസിലാക്കണമെങ്കില്‍ കറാച്ചി എന്ന പ്രദേശത്തെ കുറിച്ചും അവിടെയുള്ള മുഹാജിര്‍ എന്ന ജനവിഭാഗത്തെ കുറിച്ചും മാത്രം പഠിച്ചാല്‍ മതി. ഇപ്പോഴും രണ്ടാം കിട പൗരന്മാരായി ജീവിക്കാന്‍ വിധിക്കപെട്ട വിഭാഗമാണ് ഇന്ത്യയില്‍ നിന്നെത്തിയ, ഉര്‍ദു ഭാഷ സംസാരിക്കുന്ന ഈ ജനത. എംക്യുഎം എന്ന രാഷ്ട്രീയ പാര്‍ട്ടി ഇവരുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ്. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ചൈന ഒരിക്കല്‍ വിഴുങ്ങിക്കഴിഞ്ഞാല്‍ അവരുടെ കണ്ണില്‍ ശത്രുവായ ഇന്ത്യക്കു പോലും പാകിസ്ഥാനെ രക്ഷിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവും നല്ല അയല്‍രാജ്യത്തെ കണ്ടെത്തുകയാവും പാകിസ്ഥാനെ സംബന്ധിച്ച് ഉചിതമായ തീരുമാനം. പാകിസ്ഥാന്‍ ഭരണ കൂടത്തിന് അത് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

Categories: FK Special, Slider