കരീമിന് വില്ലനായി ഒമാനില്‍ ഓടാക്‌സി; 30,000 ഓട്ടവുമായി ഫെബ്രുവരിയില്‍ റെക്കോഡ് നേട്ടം

കരീമിന് വില്ലനായി ഒമാനില്‍ ഓടാക്‌സി; 30,000 ഓട്ടവുമായി ഫെബ്രുവരിയില്‍ റെക്കോഡ് നേട്ടം

നിലവില്‍ 450 കാറുകള്‍ ഉള്ള ഓടാക്‌സി ഓരോ ആഴ്ചയും 20 പുതിയ കാറുകളാണ് നിരത്തിലിറക്കുന്നത്

മസ്‌കറ്റ്: ഒമാന്‍ ആസ്ഥാനമായ ആപ്പ് അധിഷ്ഠിത കാബ് സര്‍വ്വീസ് ഓടാക്‌സി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയത് 30,000 ഓട്ടങ്ങള്‍. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസുകളുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡ് നേട്ടമാണ് ഓടാക്‌സി നേടിയിരിക്കുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച 2018 ഫെബ്രുവരിയില്‍ കേവലം 30 ഓട്ടങ്ങളാണ് ഓട്‌സി നേടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇത് 30,000 ആക്കി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. ഈ വളര്‍ച്ചയിലൂടെ ശക്തരായ പുതിയ നിക്ഷേപകരെ നേടിയെടുക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, ഒമാന്‍ ടെക്‌നോളജി ഫണ്ട് ഓടാക്‌സിയില്‍ ഓഹരികള്‍ സ്വന്തമാക്കി കഴിഞ്ഞു.

നിലവില്‍ 450 കാറുകള്‍ ഉള്ള ഓടാക്‌സി ഓരോ ആഴ്ചയും 20 പുതിയ കാറുകളാണ് നിരത്തിലിറക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പണമിടപാട് സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ ഒമാനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി ഓടാക്‌സി സിഇഒ ഹരിത് അല്‍ മഖ്ബലി പറഞ്ഞു. സൊഹര്‍, സലാഹ നഗരങ്ങളിലാണ് ഉടനടി ഓടാക്‌സി സേവനം അവതരിപ്പിക്കുക.

മസ്‌കറ്റ് വിമാനത്താവളങ്ങളില്‍ നിന്നും ഹോട്ടലുകളിലേക്കും മാളുകളിലേക്കും യാത്രക്കാരെ എത്തിക്കുന്നതില്‍ ഓടാക്‌സിക്ക് നിയമ വിലക്കുണ്ടെങ്കിലും വിപണി പങ്കാളിത്തത്തില്‍ 70 ശതമാനവും ഓട്‌സിക്ക് അവകാശപ്പെട്ടതാണെന്ന് മഖ്ബലി പറഞ്ഞു.

എതിരാളികളെ അപേക്ഷിച്ച് താങ്ങാവുന്ന നിരക്കുകള്‍ മാത്രമല്ല ഓടാക്‌സിയെ യാത്രക്കാരിലേക്ക് അടുപ്പിക്കുന്നത്, സുരക്ഷ, ആശ്രയത്വം, ഗുണനിലവാരം തുടങ്ങിയ മേന്മകളും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓടാക്‌സിക്ക് അധികമുണ്ടന്ന് മഖ്ബലി അവകാശപ്പെടുന്നു. കൂടാതെ വിപണിയില്‍ ഏറ്റവും വേഗതയില്‍ ലഭ്യമാകുന്ന കാറും ഓടാക്‌സിയാണ്. ആവശ്യപ്പെട്ട് 9 മിനിട്ടുകള്‍ക്കുള്ളില്‍ ഓടാക്‌സി യാത്രക്കാരനടുത്തേക്ക് പറന്നെത്തും.

2018 സെപ്റ്റംബറില്‍ തദ്ദേശീരായ മര്‍ഹബ ടാക്‌സിയുമായി ചേര്‍ന്ന് കരീം വീണ്ടും ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2017 മെയില്‍ സ്വന്തം നിലയില്‍ കരീം ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ലൈസന്‍സ് ലഭിച്ച ടാക്‌സിയുമായി ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കരീം ഒമാന്‍ വിപണിയില്‍ നിന്നും താത്കാലികമായി വിട്ടുനില്‍ക്കുകയായിരുന്നു.

ടാക്‌സി മേഖലയിലെ നിയമങ്ങള്‍ കൃത്യമായി അനുസരിക്കുകയാണെങ്കില്‍ യുബറിനെയും ഒമാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുടൈസി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Arabia
Tags: Careem, Otaxi