ഓണ്‍ലൈന്‍ ബിസിനസ് ഓണ്‍ ട്രാക്; എഫ്ഡിഐ നയം തിരിച്ചടിയായില്ല

ഓണ്‍ലൈന്‍ ബിസിനസ് ഓണ്‍ ട്രാക്; എഫ്ഡിഐ നയം തിരിച്ചടിയായില്ല

വണ്‍പ്ലസ്, റിയല്‍മി, വു, ടിസിഎല്‍, ഐഎ്ഫാല്‍കോണ്‍, ബിപിഎല്‍, കൊഡാക്, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ആരോഗ്യകരമായ കുതിപ്പാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ബിസിനസ് സാധരണ നിലയിലേക്ക് തിരിച്ചെത്തിയതായി വെബ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍. ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ വിദേശ നിക്ഷേപം നയം സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകളായ ഫഌപ്കാര്‍ട്ടിലെയും ആമസോണിലെയും വില്‍പ്പനയില്‍ കഴിഞ്ഞ മാസം ആദ്യം തടസം നേരിട്ടിരുന്നു. എന്നാല്‍, ഫെബ്രുവരി രണ്ടാം പകുതിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ബിസിനസ് പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയതായാണ് വിവിധ ബ്രാന്‍ഡുകള്‍ പറയുന്നത്.

ഫെബ്രുവരി ഒന്നാം തിയതി മുതലാണ് സര്‍ക്കാര്‍ പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ നടപ്പാക്കിയത്. ഇതുണ്ടാക്കിയ തിരിച്ചടികളില്‍ നിന്നും എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെയും സാമ്പത്തിക പദ്ധതികളിലൂടെയുമാണ് ഓണ്‍ലൈന്‍ ബിസിനസ് സാധാരണ നിലയിലേക്ക് കരകയറ്റിയത്. വണ്‍പ്ലസ്, റിയല്‍മി, വു, ടിസിഎല്‍, ഐഎ്ഫാല്‍കോണ്‍, ബിപിഎല്‍, കൊഡാക്, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ആരോഗ്യകരമായ കുതിപ്പാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളത്.

ഫെബ്രുവരി രണ്ടാം പകുതിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണ്‍ലൈന്‍ പ്രൊമോഷനുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും സാമ്പത്തിക സ്‌കീമുകളും ആക്രമണോത്സുകമായ നിരക്കുകളുമാണ് ബിസിനസ് ഉത്തേജിപ്പിക്കാന്‍ സഹായിച്ചതെന്ന് ഇലക്ട്രോണിക്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ പറയുന്നു. ഈ ബ്രാന്‍ഡുകളില്‍ പലതും ഫെബ്രുവരി ആദ്യ വാരം ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അതേസമയം, ഫഌപ്കാര്‍ട്ടില്‍ കഴിഞ്ഞ മാസത്തെ ആദ്യ ആഴ്ച വളരെ കുറച്ച് പ്രൊമോഷനുകള്‍ മാത്രമാണ് ഉണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ പത്ത് ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഫെബ്രുവരി രണ്ടാം പകുതിയില്‍ രേഖപ്പെടുത്തിയത്. വമ്പന്‍ വളര്‍ച്ചാ പദ്ധതികളാണ് ബ്രാന്‍ഡുകള്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ യാതൊരു വിധത്തിലുള്ള തടസങ്ങളും ഉണ്ടായിട്ടില്ലെന്നും നടപ്പു പാദത്തിലെ വിപുലീകരണ പദ്ധതികളില്‍ ബിസിനസ് ശ്രദ്ധകേന്ദ്രീകരിക്കുന്നതായും വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു.

വില്‍പ്പനക്കാരുടെ താല്‍പ്പര്യം അനുസരിച്ചുള്ളതാണ് പ്രത്യക്ഷ വിദേശ നിക്ഷേപ നയം. ബ്രാന്‍ഡുകളുമായി നേരിട്ട് ഇടപാട് നടത്താനുള്ള അവസരമാണ് ഇത് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതെന്നും റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത് പറഞ്ഞു. ഉയര്‍ന്ന ആവശ്യകത കാരണം തങ്ങളുടെ സ്റ്റോക്കുകള്‍ പെട്ടെന്ന് വിറ്റഴിക്കപ്പെട്ടതായും അതുകൊണ്ട് പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ തങ്ങളുടെ വില്‍പ്പനയെ ബാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയില്‍ 55-60 ശതമാനം വരെ സംഭാവന ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ്.

ഫെബ്രുവരി ആദ്യം പ്രാരംഭ തടസങ്ങള്‍ നേരിട്ടെങ്കിലും വില്‍പ്പന സാധാരണ നിലയിലേക്ക് എത്തിതായി ഐഎഫ്ഫാല്‍കോണ്‍ വക്താവ് അറിയിച്ചു. കൊഡാക് ബ്രാന്‍ഡിന്റെ വില്‍പ്പന ഫെബ്രുവരിയില്‍ 60 ശതമാനം വര്‍ധിച്ചു. ആമസോണിന്റെ മുഖ്യ വില്‍പ്പനക്കാരായ ക്ലൗഡ്‌ടെയിലും അപ്പാരിയോ റീട്ടെയ്‌ലും കഴിഞ്ഞ മാസം ആദ്യ ഏഴ് ദിവസം പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തുപോയിരുന്നു. പിന്നീട് ആമസോണ്‍ ഈ കമ്പനികളുള്ള ഓഹരി അവകാശം കുറച്ചതോടെയാണ് ഇവ പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചെത്തിയത്. എഫ്ഡിഐ നയങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ വില്‍പ്പനക്കാരെയും ആമസോണും ഫഌപ്കാര്‍ട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: FDI Policy