മാരുതി സുസുകി ജിപ്‌സി വിട വാങ്ങി

മാരുതി സുസുകി ജിപ്‌സി വിട വാങ്ങി

1985 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്‌യുവി 33 വര്‍ഷത്തിനുശേഷം വിപണിയില്‍നിന്ന് വിട പറയുന്നു

ന്യൂഡെല്‍ഹി : മാരുതി സുസുകി ജിപ്‌സിയുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. 1985 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്‌യുവി 33 വര്‍ഷത്തിനുശേഷം വിപണിയില്‍നിന്ന് വിട പറയുകയാണ്. ഈ വര്‍ഷം ഏപ്രില്‍, ഒക്‌റ്റോബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ പ്രാബല്യത്തിലാകുന്ന കര്‍ശന സുരക്ഷാ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളാണ് മാരുതി ജിപ്‌സിയുടെ വഴിമുടക്കിയത്.

നിലവില്‍ വളരെ കുറച്ച് യൂണിറ്റ് ജിപ്‌സി മാത്രമാണ് മാരുതി സുസുകി നിര്‍മ്മിക്കുന്നത്. പുതിയ സുരക്ഷാ, കൂട്ടിയിടി മാനദണ്ഡങ്ങള്‍ പാലിക്കണമെങ്കില്‍ ജിപ്‌സി എസ്‌യുവി പൂര്‍ണ്ണമായും ഉടച്ചുവാര്‍ക്കേണ്ടിവരും. പുതിയൊരു മോഡല്‍ പുറത്തിറക്കുന്നതുപോലെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കണമെങ്കില്‍ വലിയ തോതില്‍ നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ജിപ്‌സി മോഡലിനായി ഇനി നിക്ഷേപം നടത്തുകയെന്നത് അസംഭവ്യമായിരുന്നു. 1980 കളില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഐതിഹാസിക എസ്‌യുവിയുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്താമെന്ന് മാരുതി സുസുകി ഒടുവില്‍ തീരുമാനിച്ചു.

ഇന്ത്യയില്‍ മാരുതി സുസുകിയുടെ ഏറ്റവും പഴക്കം ചെന്ന മോഡലുകളിലൊന്നാണ് ജിപ്‌സി. മാരുതി 800, ഓമ്‌നി വാന്‍ എന്നിവയ്ക്കുശേഷം ഇന്ത്യയില്‍ വിറ്റുതുടങ്ങിയ മൂന്നാമത്തെ മോഡലായിരുന്നു ജിപ്‌സി. ജിപ്‌സിയുടെ എല്ലാ വേരിയന്റുകളുടെയും ഉല്‍പ്പാദനം അവസാനിപ്പിച്ചതായി സ്വന്തം ഡീലര്‍മാരെ മാരുതി സുസുകി അറിയിച്ചുകഴിഞ്ഞു. ഇനി മുതല്‍ എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

1980 കളില്‍ പുറത്തിറക്കിയശേഷം എസ്‌യുവിയുടെ ഡിസൈനില്‍ മാരുതി സുസുകി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. രൂപകല്‍പ്പനയും മൊത്തം ഘടനയും കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷത്തിനിടെ മാറ്റമില്ലാതെ തുടര്‍ന്നു. 1.0 ലിറ്റര്‍, 4 സിലിണ്ടര്‍, പെട്രോള്‍ എന്‍ജിനിലാണ് മാരുതി സുസുകി ജിപ്‌സി ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. 4 സ്പീഡായിരുന്നു ട്രാന്‍സ്മിഷന്‍. എന്നാല്‍ പിന്നീട് 1.3 ലിറ്റര്‍ എന്‍ജിനും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും നല്‍കി പരിഷ്‌കരിച്ചു.

വളരെ ജനപ്രീതിയാര്‍ജ്ജിച്ച എസ്‌യുവിയായിരുന്നു മാരുതി ജിപ്‌സി. ഇന്ത്യന്‍ കരസേനയ്ക്കും മാരുതി ജിപ്‌സി പ്രിയപ്പെട്ട വാഹനമായിരുന്നു. എന്നാല്‍ 2015 ലാണ് സൈന്യത്തില്‍നിന്ന് അവസാന ഓര്‍ഡര്‍ ലഭിച്ചത്. 4 വീല്‍ ഡ്രൈവ് ഓഫ് റോഡ് കൂട്ടായ്മകള്‍ക്കിടയില്‍ മാരുതി ജിപ്‌സി കാണാന്‍ കഴിയും.

Comments

comments

Categories: Auto