ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് പുറത്തിറക്കി

ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് പുറത്തിറക്കി

7 സീറ്റര്‍ വേര്‍ഷന് 15.57 ലക്ഷം രൂപയും 8 സീറ്റര്‍ വേര്‍ഷന് 15.62 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ലഭിക്കുന്നത്. 7 സീറ്റര്‍ വേര്‍ഷന് 15.57 ലക്ഷം രൂപയും 8 സീറ്റര്‍ വേര്‍ഷന് 15.62 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഓര്‍ഡര്‍ അനുസരിച്ച് മാത്രമായിരിക്കും ജി പ്ലസ് വേരിയന്റ് നിര്‍മ്മിച്ചുനല്‍കുന്നത്. ബുക്കിംഗ് ആരംഭിച്ചു.

താങ്ങാവുന്ന വിലകളില്‍ പുതിയ വേരിയന്റ് പുറത്തിറക്കിയതോടെ ഇന്നോവ ക്രിസ്റ്റ മള്‍ട്ടി പര്‍പ്പസ് വാഹനം കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്. ഈയിടെ പുറത്തിറക്കിയ മഹീന്ദ്ര മറാറ്റ്‌സോ എംപിവി ഇന്നോവ ക്രിസ്റ്റയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. 9.99 ലക്ഷം രൂപ മുതലാണ് മറാറ്റ്‌സോയുടെ എക്‌സ് ഷോറൂം വില. മാരുതി സുസുകി എര്‍ട്ടിഗയും വെല്ലുവിളിക്കുന്നു.

ഇരട്ട എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, മൂന്ന് നിരകളിലും എച്ച്‌വിഎസി (ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്) വെന്റുകള്‍ എന്നിവ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് സംബന്ധിച്ച സവിശേഷതകളാണ്. ടോപ് വേരിയന്റുകളില്‍ എല്‍ഇഡി ലൈറ്റുകളാണെങ്കില്‍ പുതിയ വേരിയന്റില്‍ നല്‍കിയിരിക്കുന്നത് ഹാലൊജന്‍ ഹെഡ്‌ലാംപുകളാണ്. മാത്രമല്ല, 16 ഇഞ്ച് അലോയ് വീലുകളിലാണ് ജി പ്ലസ് വേരിയന്റ് വരുന്നത്. കൂടുതല്‍ വിലയേറിയ വേരിയന്റുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് കാണുന്നത്. കൂടാതെ മ്യൂസിക് സിസ്റ്റം, റിയര്‍ ഡീഫോഗര്‍, രണ്ടാം നിരയില്‍ സെന്റര്‍ ആംറെസ്റ്റ് എന്നിവ ജി പ്ലസ് വേരിയന്റിലെ 8 സീറ്റര്‍ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗാര്‍നറ്റ് റെഡ്, പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍ എന്നീ രണ്ട് കളര്‍ സ്‌കീമുകളിലും പുതിയ വേരിയന്റ് ലഭിക്കില്ല.

ഹുഡിന് കീഴില്‍ മാറ്റമില്ല. 2.4 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റിന് കരുത്തേകും. 148 ബിഎച്ച്പി കരുത്തും 343 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഓട്ടോമാറ്റിക് ലഭ്യമല്ല.

Comments

comments

Categories: Auto