ഡബ്ല്യുടിഒയിലെ ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് ഇന്ത്യ

ഡബ്ല്യുടിഒയിലെ ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് ഇന്ത്യ

ദേശീയ ഇ-കൊമേഴ്‌സ് നയം ഉടന്‍ അവതരിപ്പിക്കുമെന്നും കേന്ദ്രം ലോക വ്യാപാര സംഘടനയെ അറിയിച്ചു

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് വിഷയങ്ങളില്‍ ഉറച്ച നിലപാടുമായി ഇന്ത്യ. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട വ്യാപാര നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് കേന്ദ്രം ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) അറിയിച്ചു. ബഹുരാഷ്ട്ര വ്യാപാര സംഘടനയുടെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതല്ല ചില രാജ്യങ്ങളുടെ മാത്രം ചര്‍ച്ചകളെന്നും ഇന്ത്യ ആരോപിച്ചു.

ഇ-കൊമേഴ്‌സ് വിഷയങ്ങളിലെ ചര്‍ച്ചകള്‍ ലോക വ്യാപാര സംഘടനയുടെ പ്രവര്‍ത്തനത്തിനും അതിന്റെ വ്യവസ്ഥകള്‍ക്കും യോജിച്ചതല്ല. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും ദേശീയ ഇ-കൊമേഴ്‌സ് നയം രൂപീകരിക്കുന്നതിനുള്ള പണിപ്പുരയിലാണ് സര്‍ക്കാരെന്നും ഇന്ത്യ ഡബ്ല്യുടിഒയെ അറിയിച്ചു. അധികം വൈകാതെ തന്നെ ദേശീയ ഇ-കൊമേഴ്‌സ് നയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.

ഇ-കൊമേഴ്‌സ് കാര്യങ്ങളില്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര ഇടപെടലുകളെ കുറിച്ച് നയം വ്യക്തമാക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് ഉപഭോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നിര്‍ദേശം ദേശീയ ഇകൊമേഴ്‌സ് നയത്തിന്റെ കരട് രേഖയില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തൊഴില്‍ വളര്‍ച്ച ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഒരു ഡാറ്റ അതോറിറ്റി രൂപീകരിക്കുന്നതിനുമാണിത്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ദേശീയ ആസ്തിയാണെന്നാണ് ഇന്ത്യയുടെ വാദം. രാജ്യത്തെ പൗരന്മാര്‍ക്കും ഭരണകൂടത്തിനും ഈ വിവരങ്ങള്‍ക്കുമേല്‍ പരമാധികാര അവകാശമുണ്ടെന്നും അതുകൊണ്ട് ഇ-കൊമേഴ്‌സ് വിഷയത്തിലെ ബഹുരാഷ്ട്ര ഇടെപടുകളെ എതിര്‍ക്കുന്നതായും കേന്ദ്രം അറിയിച്ചു. ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് തീരുവ ചുമത്തുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുന്ന നിലവിലെ ഡബ്ല്യുടിഒ വ്യവസ്ഥയെയാണ് തങ്ങള്‍ അനുകൂലിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

ലോക വ്യാപാര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഇതുവരെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സംഘടനയുടെ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത സമിതി രൂപീകരിക്കണമെന്നും ഇതിലൂടെ സ്വതന്ത്ര തര്‍ക്ക പരിഹാര സംവിധാനത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നും ഇന്ത്യന്‍ വ്യാപാര വകുപ്പ് പ്രതിനിധി പറഞ്ഞു.

Comments

comments

Categories: FK News