ഇന്ത്യക്കു നല്‍കുന്ന വ്യാപാര മുന്‍ഗണന ട്രംപ് റദ്ദാക്കുന്നു

ഇന്ത്യക്കു നല്‍കുന്ന വ്യാപാര മുന്‍ഗണന ട്രംപ് റദ്ദാക്കുന്നു

യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍; 190 ദശലക്ഷം ഡോളറിന്റെ വാര്‍ഷിക ലാഭം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ലഭിച്ചതെന്ന് ഇന്ത്യ

വാഷിംഗ്ടണ്‍: വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കുന്ന മുന്‍ഗണന യുഎസ് അവസാനിപ്പിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കയിച്ച നോട്ടീസുകളിലാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സെസ് പ്രോഗ്രാമിനു (ജിഎസ്പി) കീഴില്‍ ഇന്ത്യക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് വ്യക്തമാക്കിയത്. 60 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം ഔദ്യോഗികമായി നിലവില്‍ വരുമെന്ന് യുഎസ് വാണിജ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാഹന ഘടകങ്ങള്‍, വ്യാവസായിക വാല്‍വുകള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ 2,000 ഉല്‍പ്പന്നങ്ങളുടെ നികുതി രഹിത പ്രവേശനമാണ് യുഎസിന്റെ മുന്‍ഗണനാ വാണിജ്യ പദ്ധതിക്കു കീഴില്‍ വരുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിച്ച കോണ്‍ഗ്രഷ്യല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം ജിഎസ്പി പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യയാണ്. 2017 ല്‍ 5.7 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി തീരുവയില്‍ ഇളവ് നേടിക്കൊണ്ട് ഇന്ത്യ യുഎസ് വിപണിയിലെത്തിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മത്സ്യമാംസങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയെ യുഎസ് നടപടി ബാധിക്കും.

യുഎസ് ഇന്ത്യക്കു നല്‍കുന്നതിന് തുല്യമായ വിപണി ലഭ്യത പകരം ഇന്ത്യ ഉറപ്പുവരുത്തുന്നില്ലെന്നാണ് കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണം. 2017 ല്‍ 27.3 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു സേവന വ്യാപാര കമ്മി. ഇന്ത്യയിലേക്കുള്ള പാലിന്റെയും മെഡിക്കല്‍ ഉപകരണങ്ങളുടെ ചരക്കുനീക്കം ഇറക്കുമതി നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് ചില യുഎസ് കമ്പനികള്‍ പരാതി പറഞ്ഞതിനുശേഷം ഏപ്രില്‍ മാസത്തില്‍ മുന്‍ഗണനാ പ്രോഗ്രാമിനു കീഴില്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതിനുള്ള ഇന്ത്യയുടെ യോഗ്യത പുനഃപരിശോധിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.

യുഎസ് കമ്പനികളായ ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുടെ ഇന്ത്യന്‍ വിപണി പ്രവേശം നിയന്ത്രിക്കുന്ന തരത്തില്‍ ഇന്ത്യ അടുത്തിടെ പുതിയ ഇ-കൊമേഴ്‌സ് നയം രൂപീകരിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ഉലയാന്‍ കാരണമായി. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, ഡാറ്റാ പ്രാദേശികവല്‍ക്കരണ നയത്തിന്റെ ഭാഗമായി മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയ ആഗോള കാര്‍ഡ് പേമെന്റ് കമ്പനികളോട്, ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നുംനിര്‍ദേശിച്ചിരുന്നു. മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയുടെ അപ്രീതി മോദി സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തുന്നതാണ്. അതേസമയം ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടായാല്‍ ട്രംപിന് നോട്ടീസ് റദ്ദാക്കുകയും ഇന്ത്യയെ വീണ്ടും ജിഎസ്പി പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 190 ദശലക്ഷം ഡോളറിന്റെ വാര്‍ഷിക ലാഭം മാത്രമാണ് യഥാര്‍ത്ഥത്തില്‍ മുന്‍ഗണനാ പദ്ധതിയിലൂടെ ഇന്ത്യക്ക് ലഭിച്ചതെന്ന് വാണിജ്യ മന്ത്രാലയ സെക്രട്ടറി അനൂപ് വാധ്മാന്‍ ഡെല്‍ഹിയില്‍ വ്യക്തമാക്കി. 3,700 ഉല്‍പ്പന്നങ്ങളില്‍ 1,784 എണ്ണത്തിന് മാത്രമാണ് ഇന്ത്യ നികുതി ഇളവ് ഉപയോഗിച്ചത്. സ്റ്റീല്‍, അലുമിനിയം കയറ്റുമതിക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയ നടപടിക്ക് പ്രതികൂലമായി പ്രഖ്യാപിച്ച ഉയര്‍ന്ന നികുതികള്‍ നടപ്പാക്കുന്നത് ഏപ്രില്‍ ഒന്ന് വരെ ഇന്ത്യ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ചൈനയുമായുള്ള കടുത്ത വ്യാപാര യുദ്ധം ഏതാണ്ട് പരിസമാപ്തിയിലേക്ക് എത്തുന്ന ഘട്ടത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്. ഇന്ത്യ, യുഎസ് വ്യാപാര സംഘര്‍ഷം സംജാതമായാല്‍ ഇരു രാഷ്ട്രങ്ങളുടെയും മറ്റ് സുഹൃദ് രാഷ്ട്രങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അങ്ങേയറ്റം വിഘാതമായിരിക്കും അതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ട്രംപിന്റെ അപ്രവചനീയ സ്വഭാവമാണ് ഇത്തരമൊരു ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യക്കൊപ്പം തുര്‍ക്കിക്കെതിരെയും യുഎസ് പ്രസിഡന്റ് നടപടി എടുത്തിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider