ജിഡിപി വളര്‍ച്ച കുറയുന്നത് ആശങ്ക

ജിഡിപി വളര്‍ച്ച കുറയുന്നത് ആശങ്ക

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം മാന്ദ്യാവസ്ഥയിലാണെന്ന് കണക്കുകള്‍ പറയുന്നു. തെരഞ്ഞെടുപ്പ് കൂടി വരുന്നതോടെ സമ്പദ് വ്യവസ്ഥയുടെ നില കൂടുതല്‍ പരുങ്ങലിലാകുമോയെന്നത് ആശങ്കപ്പെടുത്തുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന മാസങ്ങളാണ് കടന്നുവരാന്‍ പോകുന്നത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തേരേറി പ്രധാനമന്ത്രിയായി തിരച്ചെത്തുന്നതില്‍ കുറഞ്ഞതൊന്നും അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള തന്റെ അവാസനത്തെ മന്‍ കീ ബാത്ത് പരിപാടിയില്‍ മോദി അത് തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ മോദി തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം അത്ര മികച്ച അവസ്ഥയിലല്ല. 2014 മേയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സാമ്പത്തിക രക്ഷകനെന്ന പരിവേഷമായിരുന്നു മോദിക്കുണ്ടായിരുന്നത്.

ചരിത്രപരമായ നിരവധി പരിഷ്‌കരണങ്ങള്‍ മോദി ഇതിനോടകം നടപ്പാക്കുകയും ചെയ്തു. ഇതില്‍ ഘടനാപരമായ ചില പരിഷ്‌കരണങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ആവേഗം കുറച്ചിട്ടുണ്ട്. അതിന്റെ കൂടി പ്രതിഫലനമാണ് ഇപ്പോഴുള്ള മന്ദത. എന്നാല്‍ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) നിരക്ക് തുടര്‍ച്ചയായി വെല്ലുവിളിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നു എന്നത് മോദിയെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമായ കാര്യമാണ്.

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ജിഡിപി നിരക്കിലെ മന്ദത അനുഭവപ്പെടുന്നുണ്ട്. ജനുവരി-മാര്‍ച്ച് പാദത്തിലെ അവസ്ഥ എന്തെന്ന് കണക്കുകള്‍ പുറത്തുവന്നാലേ വ്യക്തമാകൂ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഹ്രസ്വകാലാടിസ്ഥാനത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ പ്രവണതകള്‍. വളര്‍ച്ചയിലെ തളര്‍ച്ച കണക്കിലെടുത്ത് കേന്ദ്ര ബാങ്ക് അടുത്ത രണ്ടോ മൂന്നോ ധനനയ അവലോകന യോഗത്തില്‍ വായ്പാ നിരക്ക് കുറച്ചേക്കുമെന്നു വേണം കരുതാന്‍. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ടതിലും താഴെയാണ് നില്‍ക്കുന്നതെന്നതും ഇതിന് കാരണമാകും.

2019ലെ ആദ്യപാദത്തില്‍ എട്ട് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. എന്നാല്‍ 2019 മൂന്നാം പാദമെത്തിയപ്പോഴേക്കും അത് 6.6 ശതമാനമായി കുറഞ്ഞു. ജനുവരി-മാര്‍ച്ച് പാദത്തില്‍ വിവിധ മേഖലകളിലെ ബിസിനസിന് കാര്യമായ കുതിപ്പുണ്ടായില്ല എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഓട്ടോമൊബീല്‍, വായ്പ, പ്രോപ്പര്‍ട്ടി തുടങ്ങിയ രംഗങ്ങള്‍ക്കെല്ലാം അല്‍പ്പം കടുപ്പമേറിയ സമയമാണിത്. 2019ല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് 2.7 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതാണ്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രംഗത്തുണ്ടായ പ്രതിസന്ധി ഉപഭോഗത്തില്‍ വലിയ ഇടിവ് വരുത്തിയതും സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത് വായ്പാ മേഖലയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഐഎല്‍&എഫ്എസ് പ്രതിസന്ധിക്ക് പിന്നാലെ എന്‍ബിഎഫ്‌സി മേഖലയ്ക്ക് ഫണ്ടിന് ക്ഷാമം വരുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഇത്തരമൊരു അവസ്ഥ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പഴയപോലെ ആയിട്ടില്ല ഇപ്പോഴും. പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറും വരെ കാര്യമായ മാറ്റങ്ങളൊന്നും സാമ്പത്തിക രംഗത്ത് പ്രതീക്ഷിക്കേണ്ടതില്ല. ഏത് ദിശയിലാകും ഇനിയങ്ങോട്ടുള്ള സഞ്ചാരമെന്നത് മേയ് മാസത്തിലറിയാം. എന്നാല്‍ ജിഡിപിയിലെ ഇടിവ് നരേന്ദ്ര മോദിക്കെതിരെയുള്ള ആയുധമാകാനുള്ള സാധ്യതയുണ്ട്.

Categories: Editorial, Slider
Tags: GDP growth