കാര്‍ഷിക അവശിഷ്ടങ്ങളുടെ ജ്വലനം: നഷ്ടം 30 ബില്യണ്‍ ഡോളര്‍

കാര്‍ഷിക അവശിഷ്ടങ്ങളുടെ ജ്വലനം: നഷ്ടം 30 ബില്യണ്‍ ഡോളര്‍

ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു; അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ പ്രധാന ഇരകള്‍

ന്യൂഡെല്‍ഹി: വിളവെടുപ്പ് കഴിഞ്ഞ് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീഷ മലിനീകരണം ഉത്തരേന്ത്യയില്‍ ശ്വാസകോശ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതക്ക് കാരണമാകുന്നതായും പഠനം. യുഎസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും (ഐഎഫ്പിആര്‍ഐ), പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുമുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഇത്തരത്തില്‍ വായു മലിനീകരണം രൂക്ഷമായ ജില്ലകളില്‍ ശ്വാസകോശ അണുബാധയുടെ തോത് കൂടുതലാണെന്നും അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ് ഇതിന്റെ പ്രധാന ഇരകളെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ന്യൂഡെല്‍ഹി നഗരത്തിലെ അന്തരീക്ഷ വായു ചില ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ 20 ഇരട്ടി വരെ കൂടുതല്‍ മലിനീകരിക്കപ്പെടുന്നുണ്ടെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന ഐഎഫ്പിആര്‍ഐ റിസര്‍ച്ച് ഫെലോ സാമുവല്‍ സ്‌കോട്ട് പറഞ്ഞു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൃഷിസ്ഥലത്തെ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുകയാണ് ഡെല്‍ഹിയിലെ വായു മലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നഗര-ഗ്രാമീണ മേഖലകളില്‍ അധിവസിക്കുന്ന 250,000 ലധികം പേരുടെ ആരോഗ്യവിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഈ മേഖലകളിലെ ജ്വലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നാസയുടെ സാറ്റലൈറ്റ് വിവരങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിളകളുടെ അവശിഷ്ടങ്ങളും പടക്കങ്ങളും കത്തിക്കുന്നത് മൂലം രാജ്യത്തിന് 190 ബില്യണ്‍ യുഎസ് ഡോളറാണ് നഷ്ടപ്പെട്ടതെന്നും ഇത് ഇന്ത്യയുടെ ജിഡിപിയുടെ 1.7 ശതമാനത്തോളം വരുമെന്നും പഠനം പറയുന്നു.

Comments

comments

Categories: Current Affairs