ഐടി കമ്പനികളുടെ സിഎസ്ആര്‍ ചെലവ് 5,091 കോടി

ഐടി കമ്പനികളുടെ സിഎസ്ആര്‍ ചെലവ് 5,091 കോടി

ടിസിഎസാണ് ഇക്കാലയളവില്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് കൂടുതല്‍ തുക ചെലവഴിച്ചത്-1,091 കോടി രൂപ

ന്യൂഡെല്‍ഹി: സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) പ്രവര്‍ത്തനങ്ങള്‍ക്കായി 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഐടി സംരംഭങ്ങള്‍ 5,091 കോടി രൂപയിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കമ്പനികളുടെ സാമൂഹിക സ്വാധീനം മനസ്സിലാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് സംരംഭമായ സറ്റാവ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വിപണി മൂല്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് 2014-2017ല്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്. 1,091 കോടി രൂപയിലുമധികമാണ് ഇക്കാലയളവില്‍ കമ്പനി സിഎസ്ആറിനായി ചെലവിട്ടത്. ഇന്‍ഫോസിസ്, വിപ്രോ, കൊഗ്നിസെന്റ്, എച്ച്‌സിഎല്‍ എന്നിവയാണ് സിഎസ്ആര്‍ ചെലവിടലില്‍ മുന്നിലുള്ള മറ്റ് നാല് കമ്പനികള്‍.

ഐടി/ഐടിഈഇഎസ് സംരംഭങ്ങളുടെ മൊത്തം സിഎസ്ആര്‍ ചെലവിടലില്‍ 60 ശതമാനം പങ്കാളിത്തമാണ് ടിസിഎസും ഇന്‍ഫോസിസും വിപ്രോയും കൊഗ്നിസെന്റും എച്ച്‌സിഎല്ലും ചേര്‍ന്ന് വഹിക്കുന്നത്. 786 കോടി രൂപയാണ് ഇന്‍ഫോസിസ് 2014-2017ല്‍ സിഎസ്ആര്‍ പദ്ധതികള്‍ക്കായി ചെലവിട്ടത്. ഇക്കാലയളവില്‍ 461 കോടി രൂപ വിപ്രോയും 404 കോടി രൂപ കൊഗ്നിസെന്റും 341 കോടി രൂപ എച്ച്‌സിഎല്ലും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ചെലവിട്ടു.

ഓരോ വര്‍ഷവും തൊട്ടുമുന്‍പുള്ള മൂന്ന് വര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ രണ്ട് ശതമാനം കമ്പനികള്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്കായി ചെലവഴിക്കണമെന്നാണ് കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ ചെലവിടലില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസ പദ്ധതികള്‍ക്കായാണ്. രണ്ടാമതായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലാണ് ഐടി കമ്പനികള്‍ കൂടുതല്‍ സിഎസ്ആര്‍ തുക ചെലവഴിക്കുന്നത്.

രാജ്യത്തെ ഐടി കമ്പനികളുടെ മൊത്തം സിഎസ്ആര്‍ ചെലവിടലില്‍ 41 ശതമാനവും വിദ്യാഭ്യാസ പദ്ധതികളിലാണ്. 14 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലും 9 ശതമാനം ആരോഗ്യ മേഖലയിലും എട്ട് ശതമാനം പരിസ്ഥിതി സംരക്ഷണത്തിനും കമ്പനികള്‍ ചെലവഴിക്കുന്നു. മൊത്തം സിഎസ്ആര്‍ ചെലവിടലില്‍ ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരക്കുറവും നികത്തുന്നതിനുള്ള ചെലവിടല്‍ ഏഴ് ശതമാനമാണ്. ഗ്രാമ വികസനത്തിന് അഞ്ച് ശതമാനവും ശുചിത്വം ഉറപ്പാക്കുന്നതിന് മൂന്ന് ശതമാനവുമാണ് കമ്പനികള്‍ ചെലവിട്ടത്.

Comments

comments

Categories: FK News

Related Articles