സൈനിക ബന്ധമുള്ള അഞ്ച് ബാങ്കുകളെ ലയിപ്പിക്കാന്‍ റൊഹാനിയുടെ നീക്കം

സൈനിക ബന്ധമുള്ള അഞ്ച് ബാങ്കുകളെ ലയിപ്പിക്കാന്‍ റൊഹാനിയുടെ നീക്കം

സമ്പദ് വ്യവസ്ഥയില്‍ സൈന്യത്തിനുള്ള സ്വാധീനം കുറച്ച്, തീവ്രവാദ ഫണ്ടിംഗ് നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം

ടെഹ്‌റാന്‍: ഇറാനില്‍ ആറ് തദ്ദേശ ബാങ്കുകളെ ലയിപ്പിക്കാന്‍ നീക്കം. സാമ്പത്തിക മേഖലയില്‍ സൈന്യത്തിനുള്ള സ്വാധീനം കുറച്ച് ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഹസ്സന്‍ റൊഹാനിയുടെ നേതൃത്വത്തിലാണ് ആറ് ബാങ്കുകളെ ഒന്നാക്കാനൊരുങ്ങുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെപാ ബാങ്കാണ് ഇറാന്‍ സൈന്യത്തിന് സ്വാധീനമുള്ള അന്‍സാര്‍ ബാങ്ക്, ഗവമിന്‍ ബാങ്ക്, ഹെക്മത് ഇറാനിയന്‍ ബാങ്ക്, മെഹര്‍ എക്‌തെസാദ് ബാങ്ക്, കൗസര്‍ തുടങ്ങിയ അഞ്ച് ബാങ്കുകളെ ഏറ്റെടുക്കുന്നത്. ബാങ്കിംഗ് സംവിധാനത്തിന്റെ ആരോഗ്യപരമായ നടത്തിപ്പും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായ ചുവടുവെപ്പാണിതെന്ന് ലയന തീരുമാനത്തോട് അനുബന്ധിച്ച് ഇറാനിലെ കേന്ദ്ര ബാങ്ക് വെബ്‌സൈറ്റില്‍ പ്രസ്താവന ഇറക്കി.

അമേരിക്ക വീണ്ടും ഉപരോധം ശക്തമാക്കിയതോടെ സാമ്പത്തിക സമ്മര്‍ദ്ദത്തിലായ ഇറാനില്‍ സൈന്യത്തിന് സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനം കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഹസ്സന്‍ റൊഹാനി നടത്തിയ കരുനീക്കമാണ് ബാങ്ക് ലയനം. ലോകത്തിലെ തന്നെ ശക്തരായ സൈന്യ വിഭാഗമായ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് ഊര്‍ജ്ജ, ടെലികമ്മ്യൂണിക്കേഷന്‍സ് അടിസ്ഥാന സൗകര്യ മേഖലകളിലെ തദ്ദേശീയ ബിസിനുകള്‍ നിയന്ത്രിച്ചുപോരുന്നത്.

ഈ ബാങ്കുകള്‍ ലയിച്ച് ഒന്നാകുന്നതോടെ നിക്ഷേപ പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക സുതാര്യതയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര ബാങ്കിന് സാധിക്കുമെന്ന് ഇറാന്‍ സമ്പദ് വ്യവസ്ഥയെ നിരീക്ഷിച്ച് വരുന്ന ബൗഴ്‌സ് ആന്‍ഡ് ബസാര്‍ വാര്‍ത്താ വെബ്സ്ഥാപകന്‍ എസ്ഫന്‍ദൈര്‍ ബത്മാന്‍ഗെലിഡ്ജ് പറഞ്ഞു. ബാങ്കിംഗ് മേഖലയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി ഇറാന്‍ കേന്ദ്രബാങ്ക് കൂടുതല്‍ ബാങ്ക് ലയനങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായങ്ങളും കള്ളപ്പണം വെളുപ്പിക്കലും നിയമത്തിലൂടെ ഇല്ലാതാക്കാനുള്ള റൊഹിനിയുടെ ശ്രമങ്ങള്‍ ഇറാനില്‍ വേണ്ടത്ര വിജയം കാണാത്ത സാഹചര്യത്തില്‍ കൂടുതല്‍ ബാങ്കുകളെ ലയിപ്പിച്ച് ബാങ്ക് പ്രവര്‍ത്തനങ്ങളെ കേന്ദ്രബാങ്കിന് വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ തീവ്രവാദ ഫണ്ടിംഗിനെ ഒരു പരിധി വരെയെങ്കിലും തടയാന്‍ കഴിയുമെന്നാണ് റൊഹാനിയുടെ കണക്കുകൂട്ടല്‍.

പാരീസ് അസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്എടിഎഫ്) കരിമ്പട്ടികയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഇത്തരത്തിലൊരു നടപടി ഇറാനില്‍ അത്യാവശ്യമാണ്.കൂടാതെ തങ്ങളുടെ പദ്ധതിക്കൊത്ത് ഇറാന്‍ തീങ്ങുമെന്നുള്ള പ്രതീക്ഷ യൂറോപ്യന്‍ യൂണിയനും പങ്കുവെച്ചിരുന്നു. അമേരിക്കയുടെ ഉപരോധത്തെ മറികടക്കാതെ ഇറാനുമായുള്ള വ്യാപാരങ്ങള്‍ തുടരുന്നതിന് വേണ്ടി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ ജനുവരി 31ന് ഇന്‍സ്‌ടെക്‌സ് എന്ന പ്രത്യേക നിക്ഷേപ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു.

Comments

comments

Categories: Arabia