ആക്രമണം ലക്ഷ്യം കണ്ടു; പാക് പ്രതികരണം തെളിവ്: വ്യോമസേന

ആക്രമണം ലക്ഷ്യം കണ്ടു; പാക് പ്രതികരണം തെളിവ്: വ്യോമസേന

വനത്തിലാണ് ബോംബ് വീണതെങ്കില്‍ പാക് പ്രധാനമന്ത്രി എന്തിനാണ് പ്രതികരിച്ചെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ

ന്യൂഡെല്‍ഹി: ബാലാകോട്ടടക്കം പാക്കിസ്ഥാനിലെ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് ഭീകര താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടതായി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. ഇതിന് തെളിവാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണമെന്നും വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേന പരിശോധിച്ചിട്ടില്ലെന്നും അത് സര്‍ക്കാര്‍ വ്യക്തമാക്കുമെന്നും ധനോവ പറഞ്ഞു. ‘ലക്ഷ്യം നേടാന്‍ പദ്ധതിയിട്ടു കഴിഞ്ഞാല്‍ നമ്മളത് നേടിയിരിക്കും. ഇന്ത്യ ബോംബുകള്‍ വര്‍ഷിച്ചത് വനത്തിലായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എന്തിനാണ് പ്രതികരിക്കുന്നത്,’ ന്യൂഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പാക് ആക്രമണത്തെ ചെറുക്കാന്‍ മിഗ്-21 വിമാനങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടി. ‘മിഗ്-21 ബൈസണ്‍ കാര്യക്ഷമതയുള്ള യുദ്ധവിമാനമാണ്, അത് നവീകരിച്ചിട്ടുണ്ട്. മികച്ച റഡാറുകളും എയര്‍ ടു എയര്‍ മിസൈലുകളും ആധുനിക സംവിധാനങ്ങളുമാണ് മിഗ്-21 ന് ഉള്ളത്. സൈനിക നടപടികള്‍ക്കായി ഒരു പ്രത്യക വിമാനങ്ങള്‍ നിശ്ചയിക്കുമെങ്കിലും ശത്രുക്കള്‍ ആക്രമിക്കുന്ന അവസരത്തില്‍ പ്രതിരോധത്തിനായി ലഭ്യമായ എല്ലാ യുദ്ധവിമാനങ്ങളും ഉപയോഗിക്കും. എല്ലാ യുദ്ധവിമാനങ്ങളും ശത്രുവിനെ നേരിടാന്‍ പ്രാപ്തിയുള്ളവയാണ്,’ അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ചികില്‍സ ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുത്തശേഷം അദ്ദേഹം തിരിച്ച് ജോലിയില്‍ പ്രവേശിക്കുന്നത് ആലോചിക്കുമെന്നും ഐഎഎഫ് മേധാവി അറിയിച്ചു. പുല്‍വാമയില്‍ 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന്റെ പ്രതികാര നടപടിയായാണ് കഴിഞ്ഞ മാസം 26 ന് പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. വനത്തിലാണ് ബോംബുകള്‍ വീണതെന്നും ആള്‍നാശമില്ലെന്നുമാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. 350 ല്‍ ഏറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയുടെ അനുമാനം. കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ ചില നേതാക്കളും ഈ വാദത്തിന് പ്രാധാന്യം കൊടുത്തത് വിവാദമായ സാഹചര്യത്തിലാണ് വ്യക്തത വരുത്താന്‍ വ്യോമസേനാ മേധാവി മാധ്യമങ്ങളെ കണ്ടത്.

Comments

comments

Categories: FK News, Slider