”ബീഡി തൊഴിലാളിയുടെ മകളാണ് ഞാനെന്ന് അഭിമാനത്തോടെ പറയും”

”ബീഡി തൊഴിലാളിയുടെ മകളാണ് ഞാനെന്ന് അഭിമാനത്തോടെ പറയും”

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കളുടെ മകളോ മകനോ ആയി ജനിക്കുന്നവര്‍ക്ക് ആരും പറയാതെ തന്നെ ഒരു അപകര്‍ഷതാബോധം ഉടലെടുക്കാറുണ്ട്. ഒരു പ്രയോജനവുമില്ലാത്ത ഈ അരക്ഷിതത്വത്തെ എങ്ങനെ മറികടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു വ്യക്തിയുടെ വിജയവും പരാജയവും. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിനിയായ അശ്വീത ഷെട്ടി ഇത്തരത്തില്‍ ഒരു വ്യക്തിയാണ്. ഗ്രാമത്തിലെ ബീഡിത്തൊഴിലാളിയുടെ മകളായി ജനിച്ച അശ്വീത തന്റെ ജീവിതം സ്വയം മെനഞ്ഞെടുക്കുകായായിരുന്നു. ബോധി ട്രീ എന്ന എന്‍ജിഒയിലൂടെ ഇന്ന് 2400 അധികം ആളുകള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അശ്വീത ഒരിക്കല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുപോലും വിഷമിച്ച വ്യക്തിയാണ്. ഇച്ഛാശക്തി കൈമുതലാക്കിയുള്ള യാത്രയാണ് അശ്വീതയുടെ വിജയത്തിന് കാരണം. അതിനാല്‍ ബീഡി തൊഴിലാളിയുടെ മകളാണ് ഞാന്‍’ എന്ന് ഏറെ അഭിമാനത്തോടെ തന്നെ അശ്വീത പറയുന്നു.

പഠിക്കാന്‍ നഗരത്തിലെ മികച്ച വിദ്യാലയം, എന്ത് കാര്യങ്ങള്‍ ആവശ്യപ്പെട്ടാലും നടത്തിത്തരാന്‍ സന്നദ്ധരായ മാതാപിതാക്കള്‍, സംശയ നിവാരണത്തിനും പഠനത്തിനുമായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍. ഇത്തരത്തില്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു കുട്ടിക്ക് ഒരു പക്ഷെ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവര്‍ അനുഭവിക്കുന്ന യാതനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു എന്ന് വരില്ല. സാമ്പത്തികമായും സാമൂഹികമായും രണ്ടു വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട് എന്ന യാഥാര്‍ത്ഥ്യം സുഖസൗകര്യങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും അറിഞ്ഞെന്നു വരില്ല. തന്റെ ക്ലാസില്‍ , ഒപ്പം ഇരുന്നു പടിക്കുന്നവരില്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരുണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് ഒരുപക്ഷെ ഉണ്ടായി എന്നും വരില്ല. പലപ്പോഴും ഇത്തരത്തില്‍ നാം കാണാതെ പോകുന്ന മാണിക്യങ്ങള്‍ ആയിരിക്കും സമൂഹത്തില്‍ അവസരോചിതമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്.

ഇത്തരത്തില്‍ ഒരു ജീവിതകഥയാണ് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനിയായ അശ്വീത ഷെട്ടിക്ക് പറയാനുള്ളത്. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലാണ് 21 കാരിയായ അശ്വീതയുടെ സ്ഥാനം. ബോധി ട്രീ എന്ന എന്‍ജിഒയുടെ സ്ഥാപകയായ അശ്വീത സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 2400 ല്‍ പരം ആളുകള്‍ക്കാണ് വിദ്യാഭ്യാസവും ജീവിക്കാനുള്ള മാര്‍ഗവും നേടിക്കൊടുത്തത്. എന്നാല്‍ ഇത്തരത്തില്‍ ഒരു തലത്തിലേക്ക് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എത്തിയതല്ല അശ്വീത. വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, ആണ്‍മേല്‍ക്കോയ്മ നിലനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം, പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അബദ്ധമാണ് എന്ന് വിശ്വസിക്കുന്ന ജനത, ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സാഹചര്യങ്ങളോട് പടവെട്ടിയാണ് അശ്വീത സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിയത്.

ബീഡി തൊഴിലാളിയുടെ മകള്‍ പഠിക്കേണ്ട കാര്യമെന്താണ്?

തിരുനെല്‍വേലിയില്‍ ബീഡി നിര്‍മാണത്തൊഴിലാളികളുടെ കൂട്ടത്തിലായിരുന്നു അശ്വീതയുടെ മാതാപിതാക്കളും വേതനം കണ്ടെത്തിയിരുന്നത്. പാരമ്പര്യമായി ബീഡി നിര്‍മാണം നടത്തുന്ന കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിട്ടായിരുന്നു അശ്വീതയുടെ ജനനം. അച്ഛനമ്മമാര്‍ ഒട്ടും തന്നെ ആഗ്രഹിക്കാതെ പിറന്നു വീണ കുട്ടി. വീട്ടിലെ കൊടിയ ദാരിദ്യ്രത്തിന്റെ നടുവിലായിരുന്നു അശ്വീത ജനിച്ചു വീണത്. അതിനാല്‍ ബാല്യത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ ഒന്നും തന്നെയില്ല അശ്വീതക്ക്. ചെറുപ്പം മുതല്‍ കേട്ട് വളര്‍ന്നത് അത്രയും സ്ത്രീ പുരുഷന് താഴെയാണ് എന്നും അവള്‍ക്ക് ശബ്ദിക്കാനും തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നതിനും അവകാശമില്ല എന്നുമൊക്കെയെയാണ്. അശ്വീതയുടെ ‘അമ്മ തീരെ ആഗ്രഹിക്കാതെ ജനിച്ച കുട്ടിയാണ് അവള്‍ എന്നതിനാല്‍ തന്നെ പലവിധത്തിലുള്ള അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. തികഞ്ഞ ദാരിദ്ര്യത്തിന് നടുവില്‍ എന്തിനു ഒരാള്‍ കൂടി കഷ്ടപ്പെടുന്നു എന്ന വേദനയായിരുന്നു ആ അമ്മയുടെ മനസ്സില്‍ നിറയെ എന്ന് മനസിലാക്കാന്‍ കാലം ഒരുപാട് എടുത്തു.

വീട്ടിലെ ഒറ്റപ്പെടലില്‍ നിന്നും ഒളിച്ചോടുന്നതിനായി അശ്വീത കണ്ടെത്തിയ വഴി സ്‌കൂളില്‍ പോകുക എന്നതായിരുന്നു. എന്നാല്‍ അതും അത്ര എളുപ്പമായിരുന്നില്ല. ബീഡിത്തൊഴിലാളിയുടെ മകള്‍ പഠിച്ചിട്ടെന്തിനാ എന്ന ചോദ്യവുമായി നിരവധിപ്പേര്‍ മാതാപിതാക്കളുടെ തീരുമാനത്തെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ പഠിക്കണം എന്ന അശ്വീതയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ മാതാപിതാക്കള്‍ വഴങ്ങി. അടുത്തുള്ള വിദ്യാലയത്തില്‍ ചേര്‍ന്ന് ആ മിടുക്കി പഠനം ആരംഭിച്ചു. എന്നാല്‍ പ്രൈമറി പഠനം കഴിഞ്ഞതോടെ ഇനിയെന്ത് എന്നതായി ചിന്ത. തിരുനെല്‍വേലിയില്‍ ആ ചെറു ഗ്രാമത്തിനപ്പുറം ഒരു ലോകമുണ്ട് എന്ന അറിവ് പോലും അക്കാലയളവില്‍ അശ്വീതക്ക് ഉണ്ടായിരുന്നില്ല. ഒറ്റപ്പെടുത്തലുകളില്‍ നിന്നും ഒളിച്ചോടുന്നതിനായി അവള്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചു.

വായനയുടെ ലോകത്ത് നിന്നും മുന്നോട്ട്

ഏകദേശം പതിമൂന്നു വയസ് പ്രായത്തിലാണ് അശ്വീത പുസ്തകവായന ആരംഭിക്കുന്നത്. ഏത് തരാം പുസ്തകങ്ങളാണ് ആ പ്രായത്തില്‍ വായിക്കേണ്ടത് എന്നോ , നല്ല പുസ്തകങ്ങള്‍ ഏതെല്ലാമാണ് എന്നോ ഉള്ള അറിവ് ആ സമയത്ത് ഉണ്ടായിരുന്നില്ല. സ്‌കൂളിലെ തുരുമ്പിച്ച ലൈബ്രറി റാക്കുകള്‍ക്കുള്ളില്‍ നിന്നും കയ്യെത്തും ദൂരത്തിലുള്ള പുസ്തകങ്ങള്‍ എടുത്ത് വായിച്ചു. അങ്ങനെയാണ് താനെ പതിമൂന്നാമത്തെ വയസ്സില്‍ ഹെലന്‍ കെല്ലറുടെ ആത്മകഥ വായിക്കുന്നത്. നമ്മുടെ ഇല്ലായ്മകളെപ്പറ്റി ചിന്തിച്ച്, ആകുലപ്പെട്ട്, സ്വയം ഒരു ചിപ്പിക്കുള്ളില്‍ സ്വയം ഒതുങ്ങി തീരുന്ന ആളുകളുടെ ഇടയില്‍ നിന്നുകൊണ്ട് ഹെലനെ പോലെ ഒരാളെ വായിച്ചപ്പോള്‍ അശ്വീത തന്റെ കഴിവുകള്‍ തിരിച്ചറിയുകയായിരുന്നു. കാഴ്ചയില്ലാത്ത ഹെലന് ഈ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളില്‍ ഒരാളാകാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടാ എന്ന ചിന്തയായിരുന്നു അശ്വീതയുടെ മനസ്സ് നിറയെ.

വിദ്യാഭ്യാസം നേടുക എന്നതാണ് ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന്റെ അടിസ്ഥാന തത്വമെന്ന് മനസിലാക്കിയ അശ്വീത അതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം പഠിക്കുന്നത്തിനുള്ള സാഹചര്യമൊന്നും ആ നാട്ടില്‍ അശ്വീതക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ പുസ്തക വായനയിലൂടെ അറിവ് സമ്പാദിക്കാനാണ് അശ്വീത ആഗ്രഹിച്ചത്. കയ്യില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം തന്നെ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. തന്റെ ഗ്രാമത്തിന്റെ നാല് അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നും വ്യത്യസ്ത അഭിരുചികളുള്ള, വ്യത്യസ്തങ്ങളായ തൊഴിലുകള്‍ ചെയ്യുന്ന, വിവിധ സംസ്‌കാരത്തില്‍പ്പെട്ട ആളുകള്‍ ഉണ്ടെന്നതും അശ്വീതക്ക് പുതിയ തിരിച്ചറിവായിരുന്നു.

പത്രപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് എഴുതിയ ചില പുസ്തകങ്ങളുടെ തമിഴ് പതിപ്പ് വായിച്ചതോടെയാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി അശ്വീത മനസിലാക്കുന്നത്. എന്നാല്‍ വിശ്വഭാഷയായ ഇംഗ്ലീഷ് പഠിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ബര്‍ഖ ദത്ത് അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാമുകള്‍ കാണുക എന്നതായിരുന്നു അശ്വീത കണ്ടെത്തിയ പോംവഴി. എന്നാല്‍ അതും അത്ര എളുപ്പമായിരുന്നില്ല.പ്രൈമറി വിദ്യാഭ്യസം കഴിഞ്ഞതോടെ അവള്‍ ബീഡി നിര്‍മാണത്തൊഴില്‍ ചെയ്തു തുടങ്ങിയിരുന്നു. അതിനാല്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ബീഡി നിര്‍മിച്ചു നല്‍കാം എന്ന ഉറപ്പില്‍ മാത്രമേ ബര്‍ഖയുടെ പ്രോഗ്രാം കാണാന്‍ ‘അമ്മ അശ്വീതയെ അനുവദിച്ചിരുന്നുള്ളൂ.

യംഗ് ഇന്ത്യ ഫെലോഷിപ് നേടി ഡല്‍ഹിയിലേക്ക്

മെല്ലെ മെല്ലെ ഇംഗ്ലീഷ് പഠിച്ചെടുക്കുകയായിരുന്നു അശ്വീത. എന്നാല്‍ അത് കരുതുന്ന പോലെ എളുപ്പമായിരുന്നില്ല. വാര്‍ത്തകള്‍ ശ്രദ്ധിക്കാനും ചുറ്റുപാടും നടക്കുനാണ് കാര്യങ്ങള്‍ താമസിലാക്കാനും അശ്വീതക്ക് കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് യംഗ് ഇന്ത്യ ഫെലോഷിപ്പ് എന്ന പദ്ധതിക്കായി അപേക്ഷ വിളിക്കുന്നത്. ലിബറല്‍ ആര്‍ട്ട്‌സ് ആന്‍ഡ് എഡ്യുക്കേഷന്‍ എന്ന മൊഡ്യൂള്‍ അനുസരിച്ച് നടക്കുന്ന ഒരു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ ട്രൈനിംഗ് പ്രോഗ്രാം ആയിരുന്നു യംഗ് ഇന്ത്യ ഫെലോഷിപ്പ്. അധ്യാപകര്‍ പറഞ്ഞാണ് അശ്വീത ഇതേപ്പറ്റി അറിയുന്നത്. എന്നാല്‍ അപേക്ഷിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാരണം, ടെസ്റ്റ്, ഇന്റര്‍വ്യൂ അങ്ങനെ കടമ്പകള്‍ പലത് കടന്നാല്‍ മാത്രമേ ഫെലോഷിപ്പ് ലഭിക്കുകയുള്ളൂ. ഇംഗ്ലീഷ് ഭാഷ നന്നായി അറിയുകയും വേണം. ഈ അവസ്ഥയില്‍ അശ്വീത തളര്‍ന്നിരുന്നപ്പോള്‍ കൈത്താങ്ങായി എത്തിയത് അമ്മയാണ്.

മകളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു അമ്മയാണ് ഫെലോഷിപ്പിനായി അപേക്ഷിക്കുന്നതിന് അശ്വീതയെ പ്രോത്സാഹിപ്പിച്ചത്. ഒടുവില്‍ ടെസ്റ്റ് പാസായി ഇന്റര്‍വ്യൂവിനു എത്തുമ്പോള്‍ ആ കൊച്ചു മിടുക്കിയുടെ മനസ്സില്‍ വിജയത്തില്‍ കുറഞ്ഞു ഒന്നും ഉണ്ടായിരുന്നില്ല. നാളത് വരെ ആരോടും ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാത്ത അശ്വീത ആദ്യമായി ഇന്റര്‍വ്യൂവില്‍ ഇംഗ്ലീഷില്‍ സംസാരിച്ചു. മികച്ച റാങ്കോടെ യംഗ് ഇന്ത്യ ഫെലോഷിപ്പിനായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫെലോഷിപ് നേടി ഡല്‍ഹിയിലെത്തിയ അശ്വീതക്ക് അവിടെ അവസരങ്ങളും വെല്ലുവിളികളും ഒരുപോലെയായിരുന്നു. തന്റെ പ്രായത്തില്‍പെട്ട ആളുകളാണെങ്കിലും വിവിധ ഭാഷകല്മ സംസ്‌കാരങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാതെ കാര്യമില്ല എന്ന് അശ്വീത മനസിലാക്കി.

പിന്നീട് രാപ്പകല്‍ ഇല്ലാതെ അതിനായുള്ള പ്രവര്‍ത്തനമായിരുന്നു. പുലര്‍ച്ചയെ നാലുമണിവരെ ഉറങ്ങാതെ ഇരുന്നു പഠിച്ചു. അസൈന്മെന്റുകള്‍ പൂര്‍ത്തിയാക്കി. ഭ്രാന്ത് പിടിച്ച ഒരു വ്യക്തിക്ക് സമാനമായിട്ടായിരുന്നു അക്കാലയളവില്‍ അശ്വീത പഠനത്തെ സമീപിച്ചിരുന്നത്. കാരണം, ഇതില്‍ പരാജയപ്പെട്ടാല്‍ അത് തന്റെ ജീവിതത്തിന്റെ അവസാനമാണ് എന്ന ബോധ്യമുണ്ടായിരുന്നു ആ പെണ്‍കുട്ടിക്ക്. അങ്ങനെ മികച്ച റാങ്കോടെ തന്നെ അശ്വീത ഫെലോഷിപ്പ് നേടി പുറത്തിറങ്ങി. 2012 ല്‍ ഫെലോഷിപ്പ് നേടി 2014 ല്‍ പഠിച്ചിറങ്ങുമ്പോള്‍ പൂര്‍ണമായും മറ്റൊരു വ്യക്തിയായി മാറിയിരുന്നു അശ്വീത. തന്റെ ജീവിതം മാറ്റിമറിച്ചത് വിദ്യാഭ്യാസമാണ് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് തന്നെപ്പോലെ സമൂഹത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയായി അശ്വീതക്ക്

ബോധി ട്രീ എന്ന എന്‍ജിഒ

ബോധി ട്രീ എന്ന പേരില്‍ ഒരു എന്‍ജിഒ ആരംഭിച്ച് അതിലൂടെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരിക എന്നതായിരുന്നു അശ്വീതയുടെ ലക്ഷ്യം. പഠിച്ചിറങ്ങി അധികം വൈകാതെ അശ്വീത ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുകയും ചെയ്തു. സോഫ്റ്റ്‌സ്‌കില്‍ ട്രൈനിംഗ്, പ്രാഥമിക പഠനം, കമ്മ്യൂണിക്കേഷന്‍ തുടങ്ങി പല മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിംഗ് നല്‍കുകയാണ് ബോധി ട്രീയിലൂടെ അശ്വീത ചെയ്യുന്നത്. നിലവില്‍ 2400 ല്‍ അധികം വ്യക്തികള്‍ക്ക് ഇത്തരത്തില്‍ ട്രെയിനിംഗ് നല്‍കിക്കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ജീവിതത്തിന്റെ പച്ചത്തുരുത്ത് കാണിച്ചു നല്‍കുന്നതിനുള്ള ശ്രമത്തിലാണ് അശ്വീത. അശ്വീത ഇന്ന് എന്താണോ അതിനു പിന്നില്‍ അവളുടെ മാത്രം പരിശ്രമമാണ്. മറ്റുള്ളവര്‍ക്ക് ജീവിതത്തിന്റെ വെളിച്ചവും കാണിച്ചു കൊടുക്കുന്നതിനൊപ്പം തന്റെ പഠനവും അവര്‍ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

”ആണോ പെണ്ണോ എന്ന് കരുതാതെ പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെയും ജനനം ആഘോഷിക്കണം. ആണോ പെണ്ണോ എന്ന് കരുതി അവരെ തരം തിരിക്കരുത്. പഠിക്കാനും ജോലി നേടാനുമൊക്കെയുള്ള അവകാശം തുല്യമാണ്. ബീഡി തൊഴിലാളിയുടെ മകളാണ് എന്നപേരില്‍ പലയിടത്തും ഞാന്‍ ഒറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതെ ഞാന്‍ ഇന്ന് എന്റെ മാതാപിതാക്കള്‍ ബീഡിത്തൊഴിലാളികള്‍ ആണ് എന്നതില്‍ അഭിമാനിക്കുന്നു. തുടക്കത്തില്‍ സാമൂഹികപരവുമായ ഏറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എങ്കിലും, എന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം നില്‍ക്കേണ്ട ഘട്ടം വന്നപ്പോള്‍ അവരത് ചെയ്തു.” അശ്വീത പറയുന്നു

Comments

comments

Categories: FK Special, Slider