369 പദ്ധതികള്‍ക്ക് അധിക ചെലവ്; 366 പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നു

369 പദ്ധതികള്‍ക്ക് അധിക ചെലവ്; 366 പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നു

369 പദ്ധതികള്‍ക്ക് മൊത്തം 3.38 ലക്ഷം കോടിയിലധികം രൂപ അധിക ചെലവ് വരുന്നുണ്ടെന്നാണ് കണ്ടെത്തല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന 369 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് അധിക ചെലവ് നേരിടുന്നതായി റിപ്പോര്‍ട്ട്. 150 കോടി രൂപയോ അതിലധികമോ ചെലവ് കണക്കാക്കിയിരുന്ന 369 പദ്ധതികള്‍ക്ക് മൊത്തം 3.38 ലക്ഷം കോടിയിലധികം രൂപയുടെ അധിക ചെലവ് വരുന്നതായാണ് റിപ്പോര്‍ട്ട്.

മൊത്തം 1,420 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് രാജ്യത്ത് നിര്‍മാണത്തിലുള്ളത്. ഇതില്‍ 366 പദ്ധതികളില്‍ ശരാശരി 46 മാസം വരെ കാലതാമസം നേരിടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സംരംഭമായ അനറോക്കും അസോസിയേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചറും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. അടിസ്ഥാനസൗകര്യ മേഖലയ്ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

വിവിധ കാരണങ്ങളാല്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാലാണ് അധിക ചെലവ് വരുന്നത്. 2025ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അടിസ്ഥാനസൗകര്യം, റിയല്‍റ്റി മേഖലകളിലെ വികസനത്തെ ആശ്രയിച്ചാണ് ഈ ലക്ഷ്യമിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 29.5 ശതമാനം സംഭാവന ചെയ്യുന്നത് ഈ മേഖലകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ കനത്ത ആഘാതമാണ് ഈ സ്ഥിതിവിവര കണക്കുകളില്‍ തെളിയുന്നത്. പാരിസ്ഥിതിക, രാഷ്ട്രീയ സന്തുലിതാവസ്ഥ നിലനിര്‍ത്തികൊണ്ട് അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതിന് ഇത്തരം വെല്ലുവിളികള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മൊത്തം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം പകരാനും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അടിസ്ഥാനസൗകര്യ മേഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖല നേരിടുന്ന വെല്ലുവിളികള്‍ തുടര്‍ന്നും അവഗണിക്കുകയാണെങ്കില്‍ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് അതിന്റെ പ്രഭാവം നഷ്ടമാകുമെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News