ട്രംപ്-ജിന്‍പിംഗ് നിര്‍ണായക കൂടിക്കാഴ്ച 27ന്

ട്രംപ്-ജിന്‍പിംഗ് നിര്‍ണായക കൂടിക്കാഴ്ച 27ന്

വ്യാപാര സംഘര്‍ഷം പരിഹരിക്കാനുതകുന്ന ഔദ്യോഗിക ഉടമ്പടിയിലെത്താമെന്ന് ഇരു പക്ഷത്തിനും പ്രത്യാശ

ഹോങ്കോംഗ്: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടത്തി വരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഈ മാസം അവസാനം ഫ്‌ളോറിഡയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. പരസ്പരം ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ കുറയ്ക്കുന്നതിലേക്ക് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, മാര്‍ച്ച് 27ന് നടക്കുന്ന ട്രംപ്-ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ ഒരു ഔദ്യോഗിക ഉടമ്പടിയില്‍ എത്തിച്ചേരുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന സൂചന, ട്രംപും കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയെ ‘ഒപ്പിടല്‍ ഉച്ചകോടി’യെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ചൈനീസ് സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നതിനാല്‍, താല്‍ക്കാലികമായാണെങ്കില്‍ പോലും വ്യാപാര യുദ്ധത്തിന് അവസാനമുണ്ടാകുന്നത് ജിന്‍പിംഗിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും സംബന്ധിച്ച് നിര്‍ണായക വിജയമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സമ്പദ് വ്യവസ്ഥയിലെ തകര്‍ച്ച ചൈനയുടെ ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആപ്പിള്‍, കാറ്റര്‍പില്ലര്‍ തുടങ്ങിയ കമ്പനികള്‍ മുന്നറിയിപ്പുമായി രംഗത്ത് വരികയും ചെയ്തു. കൂടാതെ വ്യാപാര യുദ്ധം ശക്തി പ്രാപിച്ചതോടെ നിരക്ക് വര്‍ധനയുണ്ടായതും ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തി. അപകടകരമായി വര്‍ധിച്ച കടം തിരിച്ചടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോള്‍ത്തന്നെ വേഗത നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചൈനയുടെ ഷാംഗ്ഹായ് കോംപൊസിറ്റ് സൂചിക 2.5 ശതമാനത്തിലധികം ഉയര്‍ച്ചയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. യുഎസില്‍ നിന്നുള്ള കൃഷി, കെമിക്കല്‍, വാഹന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നികുതി കുറയ്ക്കാനും വിദേശ നിക്ഷേപത്തിനുള്ള തടസങ്ങള്‍ മാറ്റാനുമുള്ള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിന് കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നും സൂചനയുണ്ട്.

Comments

comments

Categories: FK News