ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ നിയന്ത്രണം സ്വന്തമാക്കി തോമസ് കുക്ക് ഇന്ത്യ

ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ നിയന്ത്രണം സ്വന്തമാക്കി തോമസ് കുക്ക് ഇന്ത്യ

ദുബായ് കേന്ദ്രമാക്കിയ ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ് ഇമേജിംഗില്‍ 51 ശതമാനം ഓഹരിവിഹിതം നേടി തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പ്

ദുബായ്: ദുബായ് കേന്ദ്രമാക്കിയ ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ് ഇമേജിംഗി(ഡിഇഐ)ന്റെ 51 ശതമാനം ഓഹരികള്‍ 40.6 ദശലക്ഷം ഡോളറിന് ഏറ്റെടുത്ത് ട്രാവല്‍ സര്‍വീസസ് ഗ്രൂപ്പായ തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പ്.

നിയമപരമായ അംഗീകാരങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഇടപാട് വിധേയമാണെന്ന് പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ദുബായ്, സിംഗപ്പൂര്‍, മുംബൈ, ഒര്‍ലാന്‍ഡോ, ഹോങ്കോംഗ്, കുലാലംപൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുള്ള സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കമ്പനിയാണ് ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ് ഇമേജിംഗ്. 2004ലാണ് കമ്പനി സ്ഥാപിതമായത്.

ട്രാവല്‍ വ്യവസായത്തിനുവേണ്ടിയുള്ള ഇമേജിംഗ് പരിഹാരങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 14ലധികം രാജ്യങ്ങളില്‍ ഡിജിഫോട്ടോയ്ക്ക് സാന്നിധ്യമുണ്ട്. 2018ല്‍ മാത്രം കമ്പനി പൂര്‍ത്തിയാക്കിയത് 3.6 ദശലക്ഷം ഇടപാടുകളാണ്.

ഞങ്ങളുടെ പ്രധാന മേഖലയായ ട്രാവല്‍ സര്‍വീസസിന് ശക്തിയേകുന്ന തരത്തില്‍ പുതിയൊരു ബിസിനസ് ഇടത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള അവസരമാണ് ഡിജിഫോട്ടോയുടെ ഏറ്റെടുക്കലിലൂടെ ലഭിക്കുന്നത്-തോമസ് കുക്ക് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മാധവന്‍ മേനോന്‍ പറഞ്ഞു.

അനുഭവസമ്പന്നമായ യാത്രകള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും ആവശ്യകതകള്‍ വര്‍ധിച്ച് വരുന്ന അവസരത്തില്‍ വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടകള്‍ എന്നിവയുമായുള്ള ഡിഇഐ പങ്കാളിത്തം തങ്ങളുടെ സേവനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന തോമസ് കുക് ഇന്ത്യ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ പങ്കാളിത്തം നിലവിലെ ഞങ്ങളുടെ വിപണികളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാനും കൂടുതല്‍ മേഖലകളിലേക്ക് വികസിക്കാനും അവസരം നല്‍കുന്നതാണ്-ഡിഇഐയുടെ സ്ഥാപക സിഇഒയും പ്രസിഡന്റുമായ കെഎസ് രാമകൃഷ്ണന്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia

Related Articles