മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണ്

മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണ്

സമ്പത്തിന്റെ ക്രയവിക്രയമനുസരിച്ച് മനുഷ്യരെ അഞ്ചായി തിരിക്കാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ധാരാളിയെന്നും പിശുക്കനെന്നും പഴികേള്‍ക്കുന്നവര്‍ മുതല്‍ മിതവ്യയവും നിക്ഷേപവും ശീലമാക്കിയവര്‍ വരെ അടങ്ങിയതാണ് സമൂഹം. ഇവയില്‍ നാം ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് വിശകലനം ചെയ്ത് കണ്ടെത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട്. മതിയായ തിരുത്തല്‍ നടപടികള്‍ വരുത്താനും സാമ്പത്തിക വിനിയോഗത്തെ ബുദ്ധിപൂര്‍വമാക്കിക്കൊണ്ട് വളര്‍ച്ചക്ക് വേഗം കൂട്ടാനും ഈ സ്വയം തിരിച്ചറിയലിന് സാധിക്കും

‘Economy is the art of making the most of life. The love of economy is the root of all virtue’
– ജോര്‍ജ് ബെര്‍ണാഡ് ഷാ, ‘മാന്‍ ആന്‍ഡ് സൂപ്പര്‍മാന്‍’

രണ്ടായിരത്തിയെട്ടില്‍ ലോകമെമ്പാടുമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഉറവിടം സുഖലോലുപതയുടെ മടിയിലുറങ്ങിയ ശരാശരി അമേരിക്കക്കാരന്റെ തിമിരജടിലമായ കാഴ്ചാന്തരങ്ങള്‍ ആയിരുന്നു. സത്യത്തില്‍ പുതിയ മില്ലിനിയത്തിന്റെ ഷാംപെയ്ന്‍ കുപ്പികള്‍ നുരഞ്ഞു ചീറ്റിയ നാള്‍ മുതല്‍ ചില ദുഃസ്വപ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. പുലര്‍കാല സ്വപ്നം ഫലിക്കും എന്നത് അന്ധവിശ്വാസം ആയതുകൊണ്ടാവണം ശരാശരി അമേരിക്കക്കാരന്‍ അത് കണക്കിലെടുത്തില്ല. മറിച്ച് അവന്‍ രണ്ട് അന്ധവിശ്വാസങ്ങളില്‍ മുറുകെ ഭ്രമിച്ചു. ഒന്ന്, ശമ്പളം എന്നത് എല്ലാക്കാലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന, ദൈവം തരുന്ന അപ്പമാണ്; അഞ്ചാള്‍ക്ക് ശരാശരി അയ്യായിരം അപ്പം വച്ച് കിട്ടും. രണ്ട്, പലിശ എന്നത് സ്ഥിരമായി നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു അസംബന്ധമാണ്. അത് കുറഞ്ഞുകുറഞ്ഞ് പൂര്‍ണ്ണസംഖ്യ ഇല്ലാതായി, ചില ദശാംശങ്ങളെ ബാക്കി ഉണ്ടാവൂ. കുറച്ചുകൂടി കാത്തിരുന്നാല്‍ അത് പൂജ്യത്തിനും താഴെപ്പോയി വായ്പ എടുക്കുന്നയാള്‍ക്ക് ്ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി ബാങ്കുകള്‍ ഇങ്ങോട്ട് പലിശ തരും.

ഭരണകൂടത്തിന്, പ്രത്യേകിച്ച് പ്രസിഡന്റ് ബുഷ് രണ്ടാമന്, സാമ്പത്തികരംഗം അത്ര പന്തിയല്ലാതെയാണ് പോകുന്നത് എന്ന് മനസ്സിലായിരുന്നു. ആ ഉരലാണ് ‘ഇറാക്ക് ഭീകരത’ എന്ന വിരല്‍ വെച്ച് മറയ്ക്കാന്‍ കുറച്ച് കാലം അദ്ദേഹം ശ്രമിച്ചത്. സദ്ദാമിനെ പിടിച്ച് തൂക്കിലേറ്റി. ഇറാക്കിലെ പുലികിടന്നു എന്ന് പറയുന്ന മടയില്‍ ഒരു എലി പോലും ഉണ്ടായിരുന്നില്ലെന്ന് ചുരുങ്ങിയത് അമേരിക്കക്കാരനെങ്കിലും മനസ്സിലായി. ഇതിനിടയില്‍ ശമ്പളം കൂടിക്കൊണ്ടേയിരിക്കുമെന്നും പലിശ കുറഞ്ഞുകൊണ്ടേയിരിക്കുമെന്നും വിചാരിച്ച സാധാരണക്കാരന്‍ ഭവനവായ്പകള്‍ എടുത്തുകൂട്ടി. കുറേക്കാലം വലത്തേയ്ക്ക് കറങ്ങി മടുത്തത് കൊണ്ടാവും നിരക്ക് ഇടത്തോട്ട് കറങ്ങാന്‍ തുടങ്ങി. സാമ്പത്തികരംഗത്ത് ഒരു നിലനടുക്കം. ശമ്പളത്തിന് ഒരു വലിവ്. ആ വലിയ സത്യം സാധാരണക്കാരന്‍ ഒരു ദിവസം തിരിച്ചറിഞ്ഞു. തന്റെ വായ്പാബാധ്യത തന്റെ വീടിന്റെ വില്‍പ്പന മൂല്യത്തേക്കാള്‍ കൂടിയിരിക്കുന്നു! എങ്കില്‍ പിന്നെ എന്തിന് വായ്പാഗഡു അടയ്ക്കണം? വീട് ജപ്തി ചെയ്ത് കൊണ്ടുപോകുന്നത് വായ്പ അടയ്ക്കുന്നതിനേക്കാള്‍ ലാഭകരമാണ്. വായ്പകളിലെ തിരിച്ചടവ് മുടങ്ങി. കൈവശം എടുത്ത വീടുകള്‍ ബാങ്കുകള്‍ വില്‍ക്കാന്‍ ശ്രമിച്ചതോടെ വില്‍ക്കാനുള്ള വീടുകളുടെ ലഭ്യത കൂടി, റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ വിലത്തകര്‍ച്ച വന്നു. അതനുസരിച്ച് കൂടുതല്‍ പേര്‍ വായ്പ അടവ് മുടക്കി. കൂടുതല്‍ വീടുകള്‍ വില്‍പ്പനക്കെത്തി. ‘ഏയ് ഓട്ടോ’ സിനിമയില്‍ ശ്രീനിവാസന്റെ സബ്ഇന്‍സ്പെക്ടര്‍ ജഗദീഷിന്റെ ഓട്ടോഡ്രൈവറോട് പറയുന്ന പോലെ, വില കുറയുന്നു, അടവ് മുടങ്ങുന്നു, വീട് വില്‍ക്കപ്പെടുന്നു; വീണ്ടും വില കുറയുന്നു, അടവ് മുടങ്ങുന്നു, വീട് വില്‍ക്കപ്പെടുന്നു. ബാങ്ക് പൊളിയുന്നു!

അവനവനിലുള്ള സാമ്പത്തിക വ്യക്തിത്വത്തെ അടയാളപ്പെടുത്താന്‍ മറന്നുപോയതാണ് അമേരിക്കക്കാരന് പറ്റിയ അബദ്ധം. അന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വല്ലാതെ പിടിച്ചുലച്ചില്ല. കാരണം, അമേരിക്കയില്‍ നിന്ന് വിഭിന്നമായി, തൊണ്ണൂറുകളുടെ അവസാനത്തെ വര്‍ഷത്തോളം ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയില്‍ സുലഭമായിരുന്നില്ല. കൈയിലുള്ള പണം ആണ് ഇന്ത്യക്കാരന്‍ ചെലവാക്കിയിരുന്നത്; ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് കടം വാങ്ങിയല്ല. ഒരു ഡെബിറ്റ് അധിഷ്ഠിത സമ്പദ്ഘടന. വാസ്തവത്തില്‍ അതാണ് നമ്മളെ രക്ഷിച്ചത്. ആ സുരക്ഷിത രീതിയ്ക്ക് കഴിഞ്ഞ ദശാബ്ദം മാറ്റം വരുത്തി. ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ സുലഭമായി. കാര്‍ഡിലെ അവെയ്‌ലബിള്‍ ബാലന്‍സ് നമ്മുടെ വാങ്ങല്‍ ചോദനകളെ ഭരിക്കുന്നു. മാസാന്ത്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ ‘മിനിമം ഡ്യൂ’ അടച്ച് ഉരുണ്ടുരുണ്ട് പോകുന്ന ജീവിതം നഗരവാസിക്ക് പരിചിതമായി. കൃഷീവലനായ, കുടില്‍ വ്യവസായിയായ ഗ്രാമീണനില്‍, ഭാഗ്യവശാല്‍ കാര്‍ഡ് കമ്പനികള്‍ക്ക് അധികം താല്‍പ്പര്യമില്ല. സ്ഥിരവരുമാനം ഇല്ലല്ലോ.

അഞ്ച് തരം സാമ്പത്തിക വ്യക്തിത്വങ്ങള്‍ ഉണ്ടെന്നാണ് സാമ്പത്തിക മനഃശാസ്ത്രകാരന്മാര്‍ പറയുന്നത്. ഒന്നാമതും അധികമുള്ളതും നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ കാണുന്ന പൊങ്ങച്ചക്കാര്‍ ആണ്. ഒരുവിധത്തില്‍ നമ്മളെല്ലാം പൊങ്ങച്ചക്കാരാണ്. കാണം വിറ്റും നമ്മള്‍ ഓണം ഉണ്ണും. അതുകൊണ്ടാണ് നാലുപേര്‍ക്ക് സഞ്ചരിക്കാന്‍ നമ്മള്‍ 175 കുതിര ശക്തിയുള്ള വാഹനം വാങ്ങുന്നത്. (ഏഴ് വെള്ളക്കുതിരകളെ പൂട്ടിയ രഥങ്ങളേ പണ്ട് മുന്തിയ ചക്രവര്‍ത്തിമാര്‍ പോലും ഉപയോഗിച്ചിരുന്നുള്ളൂ). അതാണ്, കണ്ണീര്‍ സീരിയല്‍ കാണാന്‍, ഗന്ധകഗന്ധ സമാനമായ അന്തിചര്‍ച്ചകള്‍ കാണാന്‍ 105 ഇഞ്ച് ടിവി വാങ്ങുന്നത്; ഗള്‍ഫിലെ എണ്ണപ്പാടം സ്വന്തമായുള്ള അറബിയുടെ കൊട്ടാരസദൃശമായ വില്ല പോലെ കേരളത്തില്‍ വീട് പണിതുയര്‍ത്തുന്നത്. ഗാഡ്ജറ്റുകളുടെ വിപണി ഇവരെയാണ് ലക്ഷ്യമിടുന്നത്. വന്‍ വസ്ത്രശാലകളിലെ ക്ഷണധാര്യമായ വിശേഷ വസ്ത്രങ്ങള്‍ ഇവരെയാണ് കാത്തിരിക്കുന്നത്. അതിധാരാളി (ബിഗ് സ്പെന്‍ഡേഴ്‌സ്) എന്നതാണ് ഇവര്‍ക്ക് ഔദ്യോഗികമായി നല്‍കപ്പെട്ടിരിക്കുന്ന പേര്. 2030 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അമേരിക്കയെ കവച്ചുവെയ്ക്കും എന്ന് കണക്കാക്കുന്നത് ഇവരെ കണ്ടുകൊണ്ടാണ്. ഉല്‍പ്പാദന സമ്പദ്വ്യവസ്ഥയല്ല, വിപണി സമ്പദ്വ്യവസ്ഥയാണ് വലുതാവുക.

രണ്ടാമത്തെ വിഭാഗം നേരെ തിരിച്ചാണ്. ഇവര്‍ ആഡംബരങ്ങള്‍ എല്ലാം ഒഴിവാക്കി അത്യാവശ്യങ്ങള്‍ മാത്രം നിറവേറ്റുന്നു. മൊബീല്‍ ഫോണ്‍ വേണമെങ്കില്‍ തന്നെ ഏറ്റവും വിലകുറഞ്ഞത്. അത്യാവശ്യം വിളിക്കാന്‍ പറ്റണം, അത് മതി. ആഡംബരങ്ങളെക്കാള്‍ ഇവര്‍ക്ക് സംതൃപ്തി നല്‍കുന്നത് സമ്പാദ്യം കാണുമ്പോഴാണ്. പൊതുവെ ഇവര്‍ കടം വാങ്ങാറില്ല. ഉള്ളത് കൊണ്ട് ഓണം പോലെ. ഓണത്തിനാണെങ്കില്‍ ഓലന്‍ തന്നെ ധാരാളം. അതിധാരാളികള്‍ക്ക് ഇവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ; അര്‍കീസുകള്‍! അയലത്തെ അദ്ദേഹത്തിന് എന്തെല്ലാമുണ്ട് എന്ന് ഇവര്‍ അന്വേഷിക്കാറില്ല. ഇവരാണ് ദേശനിര്‍മ്മാണത്തിന് ഉതകുന്ന സമ്പാദ്യം കരുതി വെക്കുന്നത്.

ഉപഭോക്തൃ വിഭാഗമാണ് മൂന്നാമത്തേത്. ഇവര്‍ ധാരാളികള്‍ അല്ല. ചിലപ്പോള്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിക്കൂട്ടിയേക്കും. എന്നാല്‍, ഷോപ്പിംഗ് തന്റെ ഒരു ദൗര്‍ബല്യമാണ് എന്ന് ഇവര്‍ക്ക് തിരിച്ചറിവുണ്ട്. നല്ല പോലെ വിലപേശി വാങ്ങാന്‍ ഇവര്‍ ശ്രദ്ധിക്കും. സാധനങ്ങളുടെ ഗുണമേന്മയും വിലക്കുറവും തമ്മില്‍ യോജിക്കുന്നയിടം ഇവര്‍ കണ്ടെത്തുന്നു. കടം വാങ്ങുന്നതില്‍ ഇവര്‍ പൊതുവെ വിമുഖരാണ്. ഇവര്‍ സമ്പദ്വ്യവസ്ഥയുടെ ഒരു താങ്ങുതൂണാണ്. കാരണം, ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ സ്ഥിരവും സ്ഥായിയായതുമായ വിപണി ഇവരിലാണ് നിക്ഷിപ്തം.

നാലാമത്തേത് സ്ഥിരം കടക്കാര്‍ ആണ്. കടം കൊടുത്തുതീര്‍ത്തിട്ട് കാശിക്ക് പോകാമെന്ന് വിചാരിച്ചാല്‍ ഇവര്‍ക്ക് കഴിയില്ല. ചെലവ് എപ്പോഴും വരുമാനത്തേക്കാള്‍ കൂടുതല്‍ ആയിരിക്കും. കടം വരുത്തുകയല്ല, വരികയാണ്. സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇവര്‍ക്ക് യാതൊരു സംതൃപ്തിയും ലഭിക്കുന്നില്ല. മറിച്ച് ഓരോ സാധനം വാങ്ങുമ്പോഴും അവരുടെ മനസ്സ് കൂടുതല്‍ അങ്കലാപ്പുകളിലേയ്ക്ക് നീങ്ങുന്നു. എന്നാല്‍ എങ്ങനെയാണ് പണം ചിലവാകുന്നതെന്ന് അവര്‍ കണക്കെടുക്കാറില്ല. എല്ലാം ആവശ്യത്തിന് മാത്രമല്ലേ ചിലവാക്കുന്നുള്ളൂ എന്നതാണ് ചിന്ത. പക്ഷേ എത്ര പോയാലും ദാരിദ്ര്യത്തോളം ശാന്തി, ശാന്തിയോളം ദാരിദ്ര്യം എന്ന പഴയ ബ്രാഹ്മണന്റെ അവസ്ഥ. ഭൂരിഭാഗം ഗ്രാമീണരും ഈ വിഭാഗത്തില്‍ പെടുന്നു. സഞ്ചിതസമ്പാദ്യങ്ങള്‍ ഇവര്‍ക്കെന്നുംഅപരിചിതമാണ്.

അഞ്ചാമത് വിഭാഗം നിക്ഷേപ തല്‍പ്പരര്‍ ആണ്. വരവ് പരമാവധി വലിച്ചുനീട്ടി, ചെലവ് കഴിയുന്നത്ര നിയന്ത്രിച്ച്, മിച്ചം പിടിച്ച് ഇവര്‍ നിക്ഷേപം നടത്തുന്നു. എന്നാല്‍ ഇവര്‍ക്ക് പിശുക്കില്ലതാനും. ആവശ്യങ്ങള്‍ക്ക് ഇവര്‍ ചിലവാക്കുന്നുണ്ട്. ഷോപ്പിംഗ്, ഗാഡ്ജറ്റുകള്‍, ആഡംബര വസ്തുക്കള്‍, അയല്‍ക്കാരന്‍ ജീവിക്കുന്ന രീതി ഒന്നും ഇവരെ അധികം മോഹിപ്പിക്കില്ല. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നത് ആണ് ഇവരുടെ പ്രത്യക്ഷമായ ദൗര്‍ബല്യം. നല്ലപോലെ കണക്ക് കൂട്ടി മാത്രമേ ഇവര്‍ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ. എന്നാല്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുന്നത് ഇവരെ മാനസികമായി വളരെ തളര്‍ത്തും. ഉല്‍പ്പാദനക്ഷമമായ നിക്ഷേപങ്ങള്‍ രൂപപ്പെടുന്നത് ഇവരില്‍ നിന്നാണ്.

ഇവയില്‍ ഏതുവിഭാഗത്തിലാണ് നമ്മള്‍ വരുന്നതെന്ന് തനിച്ചിരുന്നൊന്നാലോചിക്കാം. അതിധാരാളി എന്ന വിഭാഗത്തില്‍ വരുമോ എന്ന് സ്വയം സംശയിക്കുന്നവര്‍ (ആരും സ്വയം അംഗീകരിക്കുകയില്ലല്ലോ, ഉള്ളില്‍ ഒരു സംശയം നാമ്പിടുക മാത്രമല്ലേ ഉള്ളൂ!) തങ്ങളുടെ ധാരാളിത്തം കുറയ്ക്കുക. ലോകം കറങ്ങുന്നത് നിങ്ങളിലൂടെയൊന്നുമല്ല. ആരും നിങ്ങളുടെ പത്രാസ്സ് അന്വേഷിക്കുന്നോ കാണുന്നോ ഇല്ല. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്, അനുമോദിക്കുണ്ട് എന്നത് നിങ്ങളുടെ മാത്രം തോന്നലാണ്. മറ്റുള്ളവര്‍ക്ക് വേറെ ഒരുപാട് ജോലിയുണ്ട്. ഇത്രയും മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ നിങ്ങളുടെ പ്രശ്‌നം. നിങ്ങള്‍ നേരെ അഞ്ചാമത്തെ വിഭാഗത്തിലേക്ക് മാറുന്നത് കാണാം.

സമ്പാദ്യക്കാര്‍ നമുക്ക് വേണ്ടതുതന്നെ. എന്നാല്‍ അത് ജീവിതം ഉരുകിത്തീര്‍ത്തിട്ടാവരുത്. ജീവിതം നശ്വരമാണ്, ചെറുതാണ്. അത് ആസ്വദിച്ച് ജീവിച്ചാലേ സമ്പാദ്യത്തിന് മേന്മ വര്‍ദ്ധിക്കൂ, മനസ്സിന് സ്വസ്ഥത കിട്ടൂ. അല്ലെങ്കില്‍ ‘കുടുംബപുരാണ’ത്തിലെ പോലെ ഗാന്ധര്‍വ സമയത്തും കാണാതെപോയ രണ്ടുരൂപയെ പറ്റി മാത്രമാവും ചിന്ത. നിങ്ങള്‍ക്ക് സ്വാഭാവികമായും മൂന്നാമത്തെയും അഞ്ചാമത്തെയും വിഭാഗത്തിന്റെ സമ്മിശ്ര ശ്രേണിയിലേയ്ക്ക് എളുപ്പം നടന്നെത്താനാവും.

മൂന്നാമത്തെ വിഭാഗക്കാര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് നാലാമത്തെ വിഭാഗത്തിലേക്ക് കൂപ്പുകുത്തും. എല്ലാ ചെലവും കഴിഞ്ഞ് സമ്പാദ്യം പിടിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. അതിനാല്‍, സമ്പാദ്യത്തിനുള്ള തുക കണക്കാക്കി വകയിരുത്തി, വരുമാനത്തില്‍ നിന്ന് ആദ്യം അത് വിനിയോഗിക്കണം. റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി), സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി), മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ട്, ചിട്ടി എന്നിവയെല്ലാം ശമ്പള ദിവസത്തോടനുബന്ധിച്ച് തന്നെ ചെയ്യണം. ശമ്പളമില്ലാത്തവര്‍ വരുമാനം വരുന്ന ദിവസം ഇവ ചെയ്തിട്ടേ മറ്റുള്ളവയ്ക്ക് പണമെടുക്കൂ എന്ന് ഉറപ്പിക്കണം.

നാലാമത്തെ വിഭാഗത്തിന് പ്രശ്‌നങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് കുതിക്കുവാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഏറ്റവും പ്രധാനം നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ടെങ്കില്‍ അത് സ്വയം മനസ്സിലാക്കിയിരിക്കുക എന്നതാണ്. ഭ്രമിക്കാതിരിക്കുക എന്നതാണ് രക്ഷാമാര്‍ഗ്ഗത്തിലെ ആദ്യ പ്രകാശനാളി.

അഞ്ചാമത്തെ വിഭാഗം പൊതുവില്‍ സന്തുലിതമായ അവസ്ഥയിലാണെങ്കിലും നിക്ഷേപങ്ങളോട് ഒരു പരിധിയില്‍ അധികം മാനസിക അടിമത്തം പാടില്ല. അതായത്, വിപണിയിലെ നിമ്‌നോന്നതികള്‍ മാനസികമായി അതിസന്തോഷത്തിലാക്കുകയോ അതിദുഃഖത്തില്‍ ആഴ്ത്തുകയോ ചെയ്യരുത്. വിപണി നഷ്ടങ്ങള്‍ താല്‍ക്കാലികമാണെന്നും നിക്ഷേപങ്ങള്‍ എല്ലാം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ് എന്നും നല്ല പോലെ മനസ്സില്‍ ഉറപ്പിക്കണം. അല്ലെങ്കില്‍ ചെറിയ ഒരു നഷ്ടം പോലും വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതകളിലേയ്ക്കും വഴിവെക്കും.

ഓരോരുത്തരും അവനവനെ ഏത് വിഭാഗത്തില്‍ വരുമെന്ന് കൃത്യമായി അടയാളപ്പെടുത്തിയാല്‍ പകുതി രോഗം ചികില്‍സിച്ചുകഴിഞ്ഞു എന്നുറപ്പിക്കാം. ജീവിതം കരുപ്പിടിപ്പിക്കാന്‍ മനുഷ്യന്‍ എന്ന സാമ്പത്തിക ജീവി അനുവര്‍ത്തിക്കുന്ന കലയാണ് സാമ്പത്തികം എന്നതിനൊപ്പം മഹാദാര്‍ശനികന്‍ ബര്‍ണാഡ് ഷാ പറഞ്ഞത്, എല്ലാ നന്മകളുടെയും വേര് സമ്പത്തിനോടുള്ള ഇഷ്ടത്തില്‍ അധിഷ്ഠിതമായിരിക്കുന്നു എന്ന് കൂടിയാണ്. രണ്ടാമത് പറഞ്ഞത് ഹാസ്യാത്മകമാണെങ്കില്‍ അംഗീകരിക്കാം. അല്ലെങ്കില്‍ ആ വാചകം തിരിച്ച് പറയേണ്ടിയിരിക്കുന്നു. സാമ്പത്തികത്തിന്റെ വേര് നന്മകളില്‍ ഉറച്ചതാവുകയാണ് വേണ്ടത്.

Categories: FK Special, Slider