കേരള ഉല്‍പ്പന്നങ്ങളുമായി റാസല്‍ഖൈമയില്‍ ‘മേഡ് ഇന്‍ കേരള’

കേരള ഉല്‍പ്പന്നങ്ങളുമായി റാസല്‍ഖൈമയില്‍ ‘മേഡ് ഇന്‍ കേരള’

ഏപ്രില്‍ 4 മുതല്‍ 13 വരെയാണ് മേഡ് ഇന്‍ കേരള 2019 പ്രദര്‍ശനം

കൊച്ചി/റാസല്‍ ഖൈമ: കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും വിനോദ വിജ്ഞാന പരിപാടികളുമായി മേഡ് ഇന്‍ കേരള 2019 പ്രദര്‍ശനം ഏപ്രില്‍ 4 മുതല്‍ 13 വരെ യുഎഇ റാസല്‍ഖൈമയിലെ റാക് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലേയും യുഎഇയിലേയും ജനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വാണിജ്യവും കേരളീയ സംസ്‌കാരത്തോട് യുഎഇയ്ക്കുള്ള താല്‍പ്പര്യവും കണക്കിലെടുത്ത് ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ മേളയായാണ് മേഡ് ഇന്‍ കേരള 2019 സംഘടിപ്പിക്കുകയെന്ന് സംഘാടക കമ്പനിയായ ഗ്ലോബല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ഗനൈസര്‍ എക്‌സിബിഷന്‍സ് (ജിഎംഒഇ) ചെയര്‍മാന്‍ അബ്ദുല്ല റഷീദ് അല്‍മന്‍സൂരി പറഞ്ഞു.

റാസല്‍ഖൈമ ഭരണകൂടത്തിന്റെ വിവിധ വകുപ്പുകള്‍ മേളയെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യുഎഇയിലേയ്ക്കും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മേള അവസരമാകുമെന്നും അല്‍മന്‍സൂരി പറഞ്ഞു.

സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും കുതിച്ചു വളരുന്ന വ്യാവസായിക കരുത്തും ഒത്തിണങ്ങിയ റാസല്‍ഖൈമ ആഗോളവളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മേള സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, ഹോട്ടല്‍ ആന്‍ഡ് ടൂറിസം, വെല്‍നെസ്, ബിസിനസ് ഇന്നൊവേഷന്‍, ടെക്‌നോളജി, ഫിനാന്‍സും നിക്ഷേപങ്ങളും, ഹോം ആന്‍ഡ് ലിവിംഗ്, ഫാഷന്‍, റീടെയില്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കേരളത്തിന്റെ പൊതുവളര്‍ച്ചാ അവസരങ്ങള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) തുടങ്ങിയ മേഖലകള്‍ക്കാണ് മേഡ് ഇന്‍ കേരള 2019 മേള ഊന്നല്‍ നല്‍കുക.

യുഎഇയിലെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് റാസല്‍ഖൈമയുടേതെന്ന് അല്‍ മന്‍സൂരി പറഞ്ഞു. വന്‍വ്യവസായങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച പിന്തുണ, മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ആധുനിക റോഡുകള്‍, കമ്പനി സ്ഥാപനത്തിനുള്ള കുറഞ്ഞ ചെലവ്, ഉയര്‍ന്ന ഷോപ്പിംഗ് നിലവാരമുള്ള താമസക്കാര്‍ എന്നിവയും ശ്രദ്ധേയമാണ്.

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഈ ദശദിന മേളയിലെ പ്രദര്‍ശകര്‍ക്ക് മികച്ച ബിസിനസ് അവസരങ്ങള്‍ തുറന്നിടുമെന്നും അല്‍ മന്‍സൂരി പറഞ്ഞു. വൈകീട്ട് 4 മുതല്‍ 11 വരെയാണ് പ്രദര്‍ശനസമയം എന്നതിനാല്‍ പകല്‍ ബിസിനസ് മീറ്റിംഗുകള്‍ ആസൂത്രണം ചെയ്യാനും തദ്ദേശ വിപണികള്‍ സന്ദര്‍ശിക്കാനും പ്രദര്‍ശകര്‍ക്ക് സാധ്യമാകും. താരങ്ങള്‍ പങ്കെടുക്കുന്ന വിനോദപരിപാടികള്‍, ടാക്ക് ഷോകള്‍, ശില്‍പ്പശാലകള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും.

യുഎഇയിലെ വിവിധ സംഘടനകളുമായുള്ള തങ്ങളുടെ സഹകരണത്തോടെ കൂട്ടായുള്ള സന്ദര്‍ശകസംഘങ്ങളും മേളയിലെത്തുമെന്ന് ജിഎംഒഇ ഓവര്‍സീസ് ഓപ്പറേഷന്‍സ് തലവന്‍ അനസ് അബ്ദുള്‍ അസീസ് പറഞ്ഞു.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎംഒഇ എക്‌സിബിഷന്‍ സംഘാടന രംഗത്ത് എട്ടു വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ്. റാസല്‍ഖൈമ ഭരണകൂടത്തിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

Comments

comments

Categories: Arabia