ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു

ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു

ജനുവരിയില്‍ 1.02 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയത്

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 97,247 കോടി രൂപയിലേക്ക് താഴ്ന്നതായി കേന്ദ്ര ധനമന്ത്രാലയം. മോദി സര്‍ക്കാരിന് അപ്രതീക്ഷിത നിരാശ നല്‍കുന്നതാണ് ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച കഴിഞ്ഞ മാസത്തെ കണക്കുകള്‍.

ജനുവരിയില്‍ 1.02 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയത്. ഡിസംബറില്‍ 94,725 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം തവണയാണ് ജനുവരിയില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം രേഖപ്പെടുത്തുന്നത്. ഇതിനുമുന്‍പ് ഏപ്രില്‍ മാസവും ഒക്‌റ്റോബറിലുമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നത്.

വരുമാനം ഇടിയുന്ന കാഴ്ചയാണ് ഫെബ്രുവരിയില്‍ വീണ്ടും നിരീക്ഷിക്കാനായത്. കഴിഞ്ഞ മാസത്തെ മൊത്തം ജിഎസ്ടി വരുമാനത്തില്‍ 17,626 കോടി രൂപയാണ് കേന്ദ്ര ജിഎസ്ടിയായി പിരിഞ്ഞുകിട്ടിയത്. 24,192 കോടി രൂപയുടെ വരുമാനം സംസ്ഥാന ജിഎസ്ടിയില്‍ നിന്നുള്ളതാണ്. 46,953 കോടി രൂപയാണ് സംയോജിത ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. ഫെബ്രുവരിയിലെ മൊത്തം വരുമാനത്തില്‍ 8,476 കോടി രൂപയാണ് സെസ് ഇനത്തില്‍ സര്‍ക്കാരിലേക്കെത്തിയത്.

നടപ്പു സാമ്പത്തിക വര്‍ഷം 13.71 ലക്ഷം കോടി രൂപയുടെ വരുമാനം ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നും നേടാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിരുന്നത്. പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷം 11.47 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി വരുമാനത്തിലുണ്ടായ ഇടിവ് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പത്ത് മാസത്തെ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ 21.5 ശതമാനം കൂടുതലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി വരുമാന ലക്ഷ്യം സര്‍ക്കാരിന് എങ്ങനെ നേടാനാകുമെന്നും പിഡബ്ല്യുസി ഇന്ത്യ ലീഡര്‍ പ്രതീക് ജയ്ന്‍ ചോദിച്ചു. നികുതി വെട്ടിപ്പും ചോര്‍ച്ചയും സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പോഴും വലിയ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിഎസ്ടി വഴി അടുത്ത സാമ്പത്തിക വര്‍ഷം 13.71 ലക്ഷം കോടി രൂപയുടെ വരുമാനം നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി വരുമാനം 10.70 ലക്ഷം കോടി രൂപയാണ്. ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 73.48 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: gst revenue