അതിവേഗ ബൈക്കുകള്‍ 

അതിവേഗ ബൈക്കുകള്‍ 

രണ്ടര ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഏറ്റവും വേഗമേറിയ ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650

648 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സ്ലിപ്പര്‍ ക്ലച്ചുമായി ഗിയര്‍ബോക്‌സ് ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 161 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എട്ട് സെക്കന്‍ഡില്‍ താഴെ സമയം മതി.

ട്യൂബുലര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 നിര്‍മ്മിച്ചിരിക്കുന്നത്. 18 ഇഞ്ച് സ്‌പോക് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. 804 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. കെര്‍ബ് വെയ്റ്റ് 202 കിലോഗ്രാം. 25.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. 14 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

മറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ജിന്റെ എന്‍വിഎച്ച് (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്) വളരെ കുറവാണ്. മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും.

സ്റ്റാന്‍ഡേഡ്, കസ്റ്റം, ക്രോം എന്നീ മൂന്ന് വേരിയന്റുകളിലും മാര്‍ക് ത്രീ, ഓറഞ്ച് ക്രഷ്, സില്‍വര്‍ സ്‌പെക്ടര്‍, റാവിഷിംഗ് റെഡ്, ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളിലും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ലഭിക്കും. 2.50 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ട്രിപ് മീറ്റര്‍ ഡിജിറ്റലാണ്. ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ ഇല്ലെന്നത് പോരായ്മയാണ്.

കെടിഎം 390 ഡ്യൂക്ക്

373.2 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിനാണ് കെടിഎം 390 ഡ്യൂക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 43 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്റെ കൂട്ട്. സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ എന്നിവ സവിശേഷതകളാണ്. സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ 230 എംഎം ഡിസ്‌ക്. ജര്‍മ്മന്‍ കമ്പനിയായ ബോഷിന്റെ ഡുവല്‍ ചാനല്‍ എബിഎസ് സവിശേഷതയാണ്. എബിഎസ് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 167.4 കിലോമീറ്ററാണ് കെടിഎം 390 ഡ്യൂക്കിന്റെ ടോപ് സ്പീഡ്. 0-97 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 5.53 സെക്കന്‍ഡ് മതി.

35 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇന്ധന ടാങ്കിന്റെ ശേഷി 13.4 ലിറ്റര്‍. 149 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. സീറ്റ് ഉയരം 830 എംഎം. ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ എല്‍ഇഡിയാണ്. 17 ഇഞ്ച് അലോയ് വീലുകളില്‍ വൈറ്റ്, ഓറഞ്ച് എന്നീ കളര്‍ ഓപ്ഷനുകളില്‍ കെടിഎം 390 ഡ്യൂക്ക് ലഭിക്കും. 2.40 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവ ഡിജിറ്റലാണ്. ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ കാണാം.

കെടിഎം ആര്‍സി 390

സ്‌പോര്‍ടി, അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് കെടിഎം ആര്‍സി 390 സമ്മാനിക്കുന്നത്. റോഡിനേക്കാള്‍ ട്രാക്ക് ഇഷ്ടപ്പെടുന്നവനാണ് കെടിഎം ആര്‍സി 390. മണിക്കൂറില്‍ 179 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. ഇക്കാര്യത്തില്‍ ചില സ്‌പോര്‍ട്‌സ് കാറുകളേക്കാള്‍ കേമനാണ് കെടിഎം ആര്‍സി 390. ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം സവിശേഷതയാണ്.

373.2 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കെടിഎം ആര്‍സി 390 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 35 കിലോമീറ്ററാണ് ഇന്ധനക്ഷമത.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കി. യുഎസ്ഡി ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ, ഇരട്ട പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപ് എന്നിവ സവിശേഷതകളാണ്. 147 കിലോഗ്രാമാണ് ബെക്കിന്റെ കെര്‍ബ് വെയ്റ്റ്. സീറ്റ് ഉയരം 820 എംഎം. പത്ത് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 2.37 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഹോണ്ട സിബി 300ആര്‍

286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ഹോണ്ട സിബി300ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 31 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

സ്റ്റീല്‍ ഡയമണ്ട് ഫ്രെയിമിലാണ് ഹോണ്ട സിബി300ആര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ് ഹോണ്ട സിബി300ആര്‍. 147 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. കെടിഎം 390 ഡ്യൂക്കിനേക്കാള്‍ ഏകദേശം രണ്ട് കിലോഗ്രാം കുറവ്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മോട്ടോര്‍സൈക്കിളിന്റെ ടോര്‍ക്ക്-ഭാര അനുപാതം മികച്ചതാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. 9.2 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 200 മീറ്റര്‍ ദൂരം താണ്ടാന്‍ കഴിയും.

4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 296 എംഎം ഡിസ്‌ക്കാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി ലഭിക്കും. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 7 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ എല്‍ഇഡിയാണ്. 800 മില്ലി മീറ്ററാണ് സീറ്റ് ഉയരം. പത്ത് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 2.41 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310

ഫുള്‍ ഫെയറിംഗ്, സ്‌പോര്‍ടി ഡിസൈന്‍ എന്നിവ നല്‍കിയും മികച്ച എയ്‌റോഡൈനാമിക്‌സ് ഉറപ്പുവരുത്തിയും ട്രെല്ലിസ് ഫ്രെയിം, സ്പ്ലിറ്റ് ഷാസിയിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 നിര്‍മ്മിച്ചിരിക്കുന്നത്. റേസ് ട്രാക്കുകളെ പ്രണയിക്കുന്ന ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളില്‍ ലാപ് ടൈമര്‍, ടോപ് സ്പീഡ് റെക്കോര്‍ഡര്‍ തുടങ്ങിയവ ഫീച്ചറുകളാണ്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ സഹകരണത്തോടെയാണ് അപ്പാച്ചെ ആര്‍ആര്‍ 310 നിര്‍മ്മിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.17 സെക്കന്‍ഡ് മതി.

ബിഎംഡബ്ല്യു ജി 310 ഇരട്ട മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകുന്ന അതേ എന്‍ജിനാണ് ആര്‍ആര്‍ 310 ഉപയോഗിക്കുന്നതെങ്കിലും ട്യൂണിംഗ് വ്യത്യസ്തമാണ്. 312.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നു. ഈ മോട്ടോര്‍ 9,700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി കരുത്തും 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. മുന്നില്‍ 300 എംഎം പെറ്റല്‍ ഡിസ്‌ക്കും പിന്നില്‍ 240 എംഎം പെറ്റല്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

ഇന്‍സ്ട്രുമെന്റ് പാനല്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. 170 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. 810 മില്ലി മീറ്ററാണ് സീറ്റ് ഉയരം. 11 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 30 കിലോമീറ്ററാണ് ഇന്ധനക്ഷമത. റേസിംഗ് റെഡ്, റേസിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. 2.23 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto