വ്യായാമം ഇനി വൈകിച്ചു കൂടാ

വ്യായാമം ഇനി വൈകിച്ചു കൂടാ

മനസു മടുക്കും മുമ്പ് തുടര്‍ച്ചയായി ലംഘിക്കുന്ന വ്യായാമ പ്രതിജ്ഞ പാലിക്കാം

പുതുവര്‍ഷാരംഭത്തില്‍ പതിവായി വ്യായാമം ചെയ്യാന്‍ തീരുമാനിച്ച പലരും രണ്ടു മാസം പിന്നിട്ടപ്പോഴേക്കും അത് ഉപേക്ഷിച്ചിരിക്കുകയാണ്. വ്യായാമം ചെയ്യാന്‍ ശപഥമെടുക്കുന്നതു നല്ലതാണ്. എന്നാല്‍, ഗവേഷണങ്ങള്‍ പറയുന്നത് വ്യായാമമെടുക്കാന്‍ തീരുമാനിക്കുന്നതും യഥാര്‍ത്ഥത്തില്‍ വ്യായാമമെടുക്കുന്നതും തമ്മില്‍ 46% വ്യത്യാസമുണ്ടെന്നാണ്. യുഎസിലെ ഏതാണ്ട് 80% പേര്‍ ആഴ്ചതോറും 150 മിനുറ്റ് പോലും വ്യായാമം ചെയ്യുന്നില്ലെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ഏറ്റവും കുറഞ്ഞ വ്യായാമസമയമാണെതെന്നോര്‍ക്കണം.

വ്യായാമം ആരംഭിക്കുന്നതിനും ശീലം തുടരുകയും ചെയ്യുന്നതിന് പെരുമാറ്റത്തില്‍ മാറ്റം വരുത്തിയേ മതിയാകുകയുള്ളൂ. അതില്‍ പ്രതിജ്ഞയെടുക്കുന്നതാണ് നിര്‍ണായകമായ ആദ്യപടി. എന്നാല്‍ മിക്ക ആളുകളുടെയും സ്വഭാവം മാറ്റാന്‍ മാത്രം ശക്തി പ്രതിജ്ഞയ്ക്കുണ്ടാകില്ലെന്നതാണ് അനുഭവം. ശപഥങ്ങളെ പ്രവൃത്തിയിലേക്കു പരിവര്‍ത്തനം ചെയ്യിക്കാന്‍ പെരുമാറ്റശീലങ്ങളും ക്രമീകരണ വൈദഗ്ധ്യവും വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആഗ്രഹം പ്രായോഗികമാക്കണമെന്ന ചിന്ത, സ്വയം കാര്യങ്ങള്‍ അനുയോജ്യമാക്കാനുള്ള കഴിവ്, ശീലങ്ങളും വ്യക്തിത്വവും പോലുള്ള പ്രതികരണ സ്വഭാവങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗം പേരും വ്യായാമത്തിനൊരുങ്ങുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം തടി കുറയാറില്ല. ഇതു മാത്രമാകരുത് തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതിനുള്ള നിങ്ങളുടെ ഒരേയൊരു പ്രേരണ. മറിച്ച് അതിനേക്കാള്‍ വലിയ ഗുണഫലങ്ങളായിരിക്കണം ലക്ഷ്യം. ഹൃദയാഘാത സാധ്യത, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചില തരം അര്‍ബുദങ്ങള്‍, സ്മൃതിഭ്രംശം, പ്രമേഹം, അസ്ഥിക്ഷയം, വിഷാദരോഗം എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ പതിവു വ്യായാമത്തിനാകും.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഊര്‍ജ്ജ നിലകള്‍ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനമും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. തടികുറയ്ക്കലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇത്തരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലങ്ങള്‍ ഉണ്ടാകുമെന്നത് വ്യായാമത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനും അമിതപ്രതീക്ഷയ്ക്കു പകരം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആരോഗ്യസംരക്ഷണ ശീലമായി പരിഗണിക്കാനും നിങ്ങളെ പ്രേരിപ്പിക്കും.

വ്യായാമം ചിട്ടയായ ശീലമാക്കാന്‍ നിങ്ങളുടെ മനോഭാവം മാറ്റണം. പതിവായി വ്യായാമം ചെയ്യാതിരിക്കുന്ന ആളുകള്‍ക്ക് തങ്ങള്‍ വലിയ ആരോഗ്യവാന്മാരല്ലെന്ന അലസ ചിന്താഗതിയുണ്ടാകും. ഇതിനൊപ്പം ആത്മവിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യവും അവര്‍ക്ക് നേരിടേണ്ടി വരുന്നു. ഈ രണ്ടു ഘടകങ്ങളും ദീര്‍ഘകാലവ്യായാമത്തിന്റെ വിജയത്തെ ഗണ്യമായി കുറയ്ക്കാം. ഇത്തരക്കാരുടെ മനസ്സാന്നിധ്യം വീണ്ടെടുക്കുന്നത് അത്ര എളുപ്പമല്ല, പക്ഷേ അത് അസാധ്യവുമല്ല. ചെറുതും താരതമ്യേന മിതമായതുമായ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടു വ്യായാമം തുടങ്ങുന്നത് ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും. ഇക്കാര്യത്തില്‍ കൃത്യത ഉറപ്പാക്കണമെന്നു മാത്രം. ഭാവിയില്‍ ഹ്രസ്വകാല വ്യായാമ ലക്ഷ്യങ്ങള്‍ അവ്യക്തവും അതിവിദൂരവുമാണെങ്കില്‍, ആത്മവിശ്വാസം നിങ്ങളില്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയും.

വഴക്കവും വിജയത്തിന് അനിവാര്യമാണ്. അതിനാല്‍ വ്യായാമത്തിനായി ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കണം. പ്രതീക്ഷിച്ചതു പോലെ വ്യായാമം ചെയ്യാന്‍ എപ്പോഴും പറ്റിയെന്നു വരില്ല. പല വിധ തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് ചെയ്തു കൊണ്ടിരിക്കുന്ന വ്യായാമശീലം പെട്ടെന്ന് അവസാനിപ്പിക്കരുത്. സ്വയം നിരീക്ഷിക്കുന്നതിലൂടെ വ്യായാമ പുരോഗതി അറിയാനുള്ള ഡസന്‍ കണക്കിന് സാങ്കേതികവിദ്യകള്‍ ഇന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ഫിറ്റ്‌നസ് അപ്ലിക്കേഷനുകളും ആപ്പിള്‍ വാച്ച് അല്ലെങ്കില്‍ ഫിറ്റ്ബിറ്റ് പോലുള്ള അണിയാവുന്നതുമായി നിരവധി ഉപകരണങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. ഇവ ഉപയോഗിക്കുന്നത് വ്യായാമം ചെയ്യാനുള്ള ത്വര അണയാതെ നിലനിര്‍ത്തും. പതിവായി വ്യായാമം ചെയ്യാനുള്ള താല്‍പ്പര്യം കെടുത്തുന്നത് മാനസിക പിരിമുറുക്കമോ ആത്മനിയന്ത്രണമില്ലായ്മയോ ആണ്. എന്നാല്‍ ഈ മനോഭാവം മാറ്റാനും ശീലങ്ങള്‍ ശക്തമാക്കാനും സാധ്യമാണ്. ഉത്തരവാദിത്ത ബോധം വളര്‍ത്തുകയും ആസൂത്രണമനോഭാവം സ്വാംശീകരിക്കുകയുമാണ് പോംവഴി.

Comments

comments

Categories: Health
Tags: exercise