തെരഞ്ഞെടുപ്പ് ചെലവിടല്‍ പ്രയോജനപ്പെടില്ല; ജിഡിപി വളര്‍ച്ച വീണ്ടും ഇടിയും

തെരഞ്ഞെടുപ്പ് ചെലവിടല്‍ പ്രയോജനപ്പെടില്ല; ജിഡിപി വളര്‍ച്ച വീണ്ടും ഇടിയും
  • നടപ്പു പാദത്തില്‍ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി ചുരുങ്ങുമെന്ന് സൗമ്യ കാന്തി ഘോഷ്
  • ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തില്‍ താഴെയായിരിക്കുമെന്നും നിരീക്ഷണം

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ചെലവിടല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായി കരുത്ത് പകര്‍ന്നേക്കില്ലെന്ന് നിരീക്ഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടികള്‍ ചെലവഴിക്കുമെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

രാജ്യം മന്ദഗതിയിലുള്ള വളര്‍ച്ചാ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ (ഒക്‌റ്റോബര്‍-ഡിസംബര്‍) വെറും 6.6 ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്ക് നേടാനായത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ വളര്‍ച്ചയാണിത്. അഞ്ച് പാദത്തിനിടെ രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 7.1 ശതമാനവുമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 2018-2019ന്റെ ആദ്യ പകുതിയില്‍ 7.6 ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്ക് നേടാനായത്. 2017-2018 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യം 7.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചയിലുണ്ടായ മെല്ലെപോക്ക് തുടരുന്നത് തടയാന്‍ സര്‍ക്കാരിന്റെ പെതുതെരഞ്ഞെടുപ്പ് ചെലവിടല്‍ സഹായിച്ചേക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

25.37 ബില്യണ്‍ ഡോളറിന്റെ ജനപ്രിയ ചെലവിടല്‍ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ മാസം അവതരിപ്പിച്ച അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകളും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെയും നഗര പ്രദേശങ്ങളിലെയും സാധാരണക്കാരുടെ വോട്ട് അനുകൂലമാക്കുന്നതിനുള്ള നടപടികളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ നടത്തുന്ന സംസ്ഥാനതല ചെലവിടല്‍ തന്നെയാണ് അധിക ചെലവിടലില്‍ മുന്നിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ 500 ബില്യണ്‍ രൂപയിലധികം ചെലവഴിക്കുമെന്നാണ് സിഎംഎസിന്റെ നിരീക്ഷണം. എന്നാല്‍, ആഗോള സാമ്പത്തിക മാന്ദ്യവും അടുത്തിടെ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധനയും അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള സര്‍ക്കാര്‍ ചെലവിടല്‍ കുറഞ്ഞതും തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച അനിശ്ചിതത്വം കാരണം നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതിന് നിക്ഷേപകര്‍ വിമുഖത കാണിക്കുന്നതും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായുള്ള അധിക ചെലവിടലിന്റെ ഫലം കെടുത്തുമെന്നാണ് സിഎംഎസ് പറയുന്നത്.

ചൈന-യുഎസ് എന്നിവ അടക്കമുള്ള ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികള്‍ അഭിമുഖീകരിക്കുന്ന മാന്ദ്യം വ്യാപാര വളര്‍ച്ചയെ ബാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിടല്‍ ഏതെങ്കിലും തരത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ സാമ്പത്തിക വിദഗ്ദ സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

ആഭ്യന്തര ഉപഭോഗത്തിലും അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവിടലിലും മൊത്തത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഉപഭോക്തൃ ചെലവിടലിലെ വര്‍ധന കഴിഞ്ഞ പാദത്തില്‍ 8.4 ശതമാനമായി ചരുങ്ങിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 9.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ജിഡിപിയില്‍ ഏകദേശം 60 ശതമാനം പങ്കാളിത്തമാണ് ഉപഭോക്തൃ ചെലവിടല്‍ വഹിക്കുന്നത്. സെപ്റ്റംബര്‍ പാദം വരെ ഈ പ്രവണത തുടരും. നടപ്പു പാദത്തില്‍ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി ചുരുങ്ങുമെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും ജൂണ്‍ പാദത്തിലെ വളര്‍ച്ച ആറ് ശതമാനത്തില്‍ താഴെയായിരിക്കുമെന്നും സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News