ദുബായ് ടൂറിസത്തിന് കുതിപ്പേകാന്‍ ബോളിവുഡ് ചക്രവര്‍ത്തി ഷാറൂഖ് ഖാന്‍

ദുബായ് ടൂറിസത്തിന് കുതിപ്പേകാന്‍ ബോളിവുഡ് ചക്രവര്‍ത്തി ഷാറൂഖ് ഖാന്‍

#bemyguest കാംപെയ്‌നിലൂടെ ദുബായ് ടൂറിസത്തിന് പുതിയ വാതായനങ്ങള്‍ തുറന്നിടുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം

ദുബായ്: ടൂറിസം പ്രചാരണ പരിപാടിയുടെ പുതിയ എപ്പിസോഡുമായി ബോളിവുഡ് മെഗാസ്റ്റാര്‍ ഷാറൂഖ് ഖാന്‍ ദുബായിയെ വീണ്ടും ലോക ശ്രദ്ധേയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ‘ബിമൈഗസ്റ്റ്’ (#bemyguest) എന്ന ഹാഷ്ടാഗോടെയാണ് ദുബായ് ടൂറിസത്തിന്റെ പുതിയ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗു( ദുബായ് ടൂറിസം) മായുള്ള സഹകരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പുതിയ പരിപാടി ഈ വാരം മുതല്‍ ആരംഭിച്ചിച്ചുണ്ട്.

ടൂറിസത്തിന് പേരുകേട്ട ദുബായ് നഗരത്തിലേക്ക് സന്ദര്‍ശകനായി ഇടയ്ക്കിടെ എത്താറുണ്ട് ഷാറൂഖ് ഖാന്‍. നഗരം താരത്തിന് അത്രയേറെ പ്രിയപ്പെട്ടതാണ്. ദുബായില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ആകര്‍ഷണകേന്ദ്രങ്ങളെയാണ് പുതിയ പരിപാടിയിലൂടെ ഷാറൂഖ് പരിചയപ്പെടുത്തുന്നത്.

2016 ഡിസംബര്‍ മുതലാണ് ബിമൈഗസ്റ്റ് എന്ന പരിപാടി ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കാന്‍ പരിപാടിക്ക് സാധിച്ചതായാണ് റിപ്പോര്‍ട്ട്.

ബോളിവുഡ് ഇതിഹാസം എന്നതിനേക്കാള്‍ വളരെ വലുതാണ് ഞങ്ങള്‍ക്ക് ഷാറൂഖ് ഖാന്‍
. ദുബായിയെ വളരെയധികം സ്‌നേഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ഈ നഗരത്തോടും ഇവിടെയുള്ള ജനങ്ങളോടും ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തി വരുന്ന വ്യക്തികൂടിയാണ് അദ്ദേഹം-ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡിസിടിസിഎം) സിഇഒ ഇസാം കാസിം പറഞ്ഞു.

ഷാറൂഖ് ഖാനെ വെച്ചുള്ള ടൂറിസം പ്രൊമോഷന്‍ ദുബായ് നഗരത്തിന് വളരെയധികം നേട്ടം നല്‍കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. താരത്തിന്റെ അതിഥിയായി ദുബായിലേക്ക് വരാനുള്ള ക്ഷണം ആരാധകരെ ഉള്‍പ്പടെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

#bemyguest പരിപാടിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളും വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തോടൊപ്പം ഒരിക്കല്‍ കൂടി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും ഇത്-ഇസാം കാസിം കൂട്ടിച്ചേര്‍ത്തു.

വിസ്മയിപ്പിക്കുന്ന ഈ നഗരത്തിലേക്ക് വര്‍ഷങ്ങളായി ഞാന്‍ യാത്ര ചെയ്യുന്നു. എന്നാല്‍ ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പുതുതായി എന്തെങ്കിലും ഈ നഗരം കരുതിവെച്ചിട്ടുണ്ടാവും. ഓരോ തവണയും എന്ന അതിശയപ്പെടുത്തുന്നു ഈ നഗരം. ലോകത്തിലെ ഏറ്റവും മികവുറ്റത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. എന്നാല്‍ എല്ലാ ആകര്‍ഷണങ്ങളേക്കാളും ഉപരിയായ ഈ നഗരത്തിന്റെ ആത്മാവിനെയാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്-ഇവിടുത്തെ ജനങ്ങളും ആതിഥ്യമര്യാദയുമാണത്-ഖാന്‍ പറഞ്ഞു.

ദുബായ് അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന ഒരു നഗരം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അവിടെ കണ്ടെത്താനുണ്ട്. കുടുംബ വിനോദങ്ങള്‍, സംസ്‌കാരം, സാഹസികത, ഭക്ഷണം, അതിവിഷിഷ്ടമായ സേവനങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ ഈ നഗരത്തെ ടൂറിസ്റ്റുകളുടെ ഒന്നാം നമ്പര്‍ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.- ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia