വമ്പന്‍ സോളാര്‍ പാര്‍ക്കിന്റെ അഞ്ചാംഘട്ടത്തിന് അനുമതി തേടി ഡിഇഡബ്ല്യുഎ

വമ്പന്‍ സോളാര്‍ പാര്‍ക്കിന്റെ അഞ്ചാംഘട്ടത്തിന് അനുമതി തേടി ഡിഇഡബ്ല്യുഎ

സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായാണ് ദുബായ് വന്‍കിട സോളാര്‍ പാര്‍ക്ക് വികസിപ്പിക്കുന്നത്

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടം നിര്‍മിക്കുവാനും പ്രവര്‍ത്തിപ്പിക്കാനുമായി യോഗ്യരായ ഡെവലപ്പര്‍മാരെ കണ്ടെത്തുന്നതിന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഡിഇഡബ്ല്യുഎ) അപേക്ഷ നല്‍കി. 900 മെഗാവാട്ടാണ് പാര്‍ക്കിന്റെ ശേഷി.

ഫോട്ടോവോള്‍ട്ടായിക് സോളാര്‍ പാനലുകളായിരിക്കും ഈ ഘട്ടത്തില്‍ ഉപയോഗിക്കുക. 2021 ലെ രണ്ടാം പാദം തൊട്ട് ഘട്ടം ഘട്ടമായി പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് വിവരം. ദുബായിയുടെ മൊത്തം ഊര്‍ജ വിനിയോഗത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്നത് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളാകണമെന്ന ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ദുബായ് ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050യുടെ ഭാഗമായാണ് സോളാര്‍ പാര്‍ക്കും പ്രാവര്‍ത്തികമാകുന്നത്.

ഒരു സൈറ്റില്‍ തന്നെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കാണിത്. 50 ബില്ല്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപത്തോടെ വരുന്ന പാര്‍ക്കിന് 2030ല്‍ 5000 മെഗാവാട്ട് ഈര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

സോളാര്‍ പാര്‍ക് നിര്‍മണത്തിന്റെ നാലാം ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള 260 മീറ്ററിന്റെ സോളാര്‍ ടവര്‍ നിര്‍മിക്കും. ഉന്നത അന്താരാഷ്ട്ര നിലവാരമനുസരിച്ചാകും സോളാര്‍ പാര്‍ക്കിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് ഡിഇഡബ്ല്യുഎ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സയിദ് മുഹമ്മദ് അല്‍ തയെര്‍ പറഞ്ഞു. അത്യാധുനിക സോളാര്‍ സാങ്കേതികവിദ്യായിരിക്കും പാര്‍ക്കില്‍ ഉപയോഗപ്പെടുത്തുക.

സുസ്ഥിരമായ വികസനസങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതമായാണ് പദ്ധതി പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia