ചതിയൊരുക്കി ചൈനയുടെ ചതുരംഗ നീക്കങ്ങള്‍

ചതിയൊരുക്കി ചൈനയുടെ ചതുരംഗ നീക്കങ്ങള്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ശക്തികേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അരുണാചല്‍പ്രദേശിലുണ്ടായ അതിക്രമങ്ങള്‍ക്കു പിന്നിലും ഇതേ ആള്‍ക്കാര്‍ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കപ്പെട്ടശേഷവും ദിവസങ്ങളോളം അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. മിസോറാമിലായാലും, നാഗാലാന്‍ഡിലായാലും അല്ലെങ്കില്‍ ആസാമിലായാലും ചില കോണുകളില്‍കളില്‍നിന്നുള്ള എതിര്‍പ്പ് സ്‌പോണ്‍സേര്‍ഡ് ആണ് വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇക്കാര്യം വളരെ ആശങ്കയുളവാക്കുന്നതാണ്. മറ്റൊരു രാജ്യത്തിന്റെ ശക്തമായ ഇടപെടല്‍ വടക്കുകിഴക്കന്‍ മേഖലയിലുണ്ടാകുന്നു. അതിനെതിരെ സൈന്യം പ്രതികരിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ ചിലര്‍ ഇന്ന് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാര്യങ്ങളറിഞ്ഞാണോ അല്ലാതെയാണോ എന്നതുമാത്രമാണ് അറിയാനുള്ളത്. ഈ വിദേശ ഇടപെടലിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്.

പൗരത്വനിയമ ഭേദഗതിയെത്തുടര്‍ന്ന് ഉണ്ടായ സംഭവികാസങ്ങള്‍ പൊടുന്നനെ സംഭവിച്ചതല്ല. ഇതുവരെ നടന്നുവന്ന ചില ആക്രമണങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു അത്. ഇതിന് പ്രത്സാഹനം നല്‍കിയിരുന്നത് അയല്‍ രാജ്യമായ ചൈനയാണ്. ഭേദഗതി ഇപ്പോള്‍ അസാധുവായെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിക്കാത്തതിനു പിന്നില്‍ ബെയ്ജിംഗിന്റെ നീക്കങ്ങളാണ്. പുറത്തുനിന്നുള്ളവരില്‍നിന്ന് ഈ സംസ്ഥാനങ്ങളിലെ ചില പട്ടികവര്‍ഗക്കാര്‍ ആവശ്യപ്പെടുന്നു. നാഗാവിഭാഗക്കാര്‍ സായുധകലാപം അവസാനിക്കാത്തതിനെതിരെ പ്രതിഷേധിക്കുന്നു. അരുണാചലില്‍ പ്രതീക്ഷിക്കാത്ത അക്രമസംഭവങ്ങളും കൊള്ളകളും അരങ്ങേറുന്നു. ഇതെല്ലാം മേഖലയെ അസ്ഥിരമാക്കുകയും ഇന്ത്യയുടെ ശ്രദ്ധ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിവാക്കാനും വേണ്ടിയുള്ളതായിരുന്നു. പുല്‍വാമയ്ക്കു ശേഷമാണ് അരുണാചലില്‍ സ്ഥിതി മോശമായത് എന്നത് ഇതിനുദാഹരണമാണ്.

അരുണാചല്‍ അവരുടെ സ്വന്തം ഭൂപ്രദേശമായാണ് ചൈന ഇന്നും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനാന്തരീക്ഷം ഇല്ലാതാകേണ്ടത് അവരുടെ അത്യാവശ്യമാണ്. ഇതിനായി 1960കള്‍ മുതല്‍ തന്നെ അവര്‍ശ്രമം ആരംഭിച്ചിരുന്നു. ഒരോസ്ഥലങ്ങളിലും വിവിധ ഭീകര സംഘടനകള്‍ക്ക് രൂപം നല്‍കുക, അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കൂടാതെ അവരെ പരിശീലിപ്പിച്ചെടുക്കുകയും ചെയ്യുക എന്നത് അവരുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ യൂണിയനെതിരെ ആദ്യമായി ആയുധമെടുത്തത് നാഗാകലാപകാരികളായിരുന്നു. ഇവിടെ അവരെ പരോക്ഷമായി സഹായിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് ചൈന ചെയ്തത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍ ) തീവ്രവാദികള്‍ക്ക് ബെയ്ജിംഗ് അഭയം നല്‍കി. ആയുധ പരിശീലനവും സാമ്പത്തിക സഹായവും അവര്‍ ലഭ്യമാക്കി. ഈ മേഖലയിലെ മിക്ക ഗ്രൂപ്പുകളെയും സഹായിച്ച് ചൈനയുടെ പക്ഷം ചേര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇതെല്ലാം ഏതാനും ദശകങ്ങള്‍കൊണ്ടാണ് സാധ്യമായത്.

ആസാമില്‍ ഉള്‍ഫയെയും ബെയ്ജിംഗ് വളര്‍ത്തിയെടുത്തുവെന്നുവേണം പറയാന്‍. ഉള്‍ഫയുടെ നേതാവായ പരേഷ് ബറുവയ്ക്ക് വേണ്ട എല്ലാ സഹായവും ലഭിച്ചത് ചൈനീസ് അധികൃതരില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷവും ബറുവ ചൈനയിലേക്ക് യാത്ര നടത്തിയതിന് തെളിവുകളുണ്ട്. ഇപ്പോള്‍ ബറുവ മ്യാന്‍മാറിലെ വടക്കുപടിഞ്ഞാറന്‍ കാടുകളിലാണ് ഉള്ളത്. ഈ മേഖല ബെയ്ജിംഗിന്റെ പിന്തുണയുള്ള കച്ചിന്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. ബറുവയിലൂടെ ചൈന ബോഡോലാന്‍ഡ് തീവ്രവാദികളെയും സഹായിക്കുന്നു. മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായും അടുത്ത ബന്ധം ചൈനീസ് നേതൃത്വം പുലര്‍ത്തുന്നു. ഇവരെല്ലാം മ്യാന്‍മാറിലാണ് തമ്പടിച്ചിരിക്കുന്നത്.

1980നും 90നും മധ്യേ ഈ വിഘടവാദി ഗ്രൂപ്പുകള്‍ ബംഗ്ലാദേശിലാണ് ആസ്ഥാനം ഉറപ്പിച്ചിരുന്നത്. ചിലര്‍ ചിറ്റഗോംഗ് കുന്നിന്‍ നിരകളിലുണ്ടായിരുന്നു. പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ഭരിച്ചിരുന്നത്. ചൈനയും പാക്കിസ്ഥാനും ഒത്തുചേര്‍ന്ന് ബംഗ്ലാദേശില്‍നിന്ന് ഇന്ത്യക്കെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കി. ഇതിന് മാറ്റമുണ്ടായത് അവാമി ലീഗ് ഭരണത്തിലേറിയപ്പോഴാണ്. ഷേക്ക് ഹസീന പ്രധാനമന്ത്രിയായി. ഇവര്‍ ഇന്ത്യക്കനുകൂല നിലപാട് എടുത്തതോടെ വിഘടനവാദികള്‍ക്ക് വേറെ താവളം അന്വേഷിക്കേണ്ടിവരികയായിരുന്നു.

മ്യാന്‍മാര്‍ കേന്ദ്രമാക്കിയ ഈ ഗ്രൂപ്പുകള്‍ക്കെതിരെ ആ രാജ്യത്തെ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് ചൈനയുടെ പദ്ധതികള്‍ക്കെ തിരിച്ചടിയായി. തുടര്‍ന്നാണ് ഇവര്‍ വടക്കുകിഴക്കന്‍ വനമേഖലയിലേക്ക് മാറിയത്. ഇവരെക്കൂടാതെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ സംഘടകളെയും എന്‍ജിഒകളെയും ഇന്ന് ചൈന സഹായിക്കുന്നുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ പ്രകാരം നേപ്പാളിനെ താവളമാക്കിയാണ് ചൈന വടക്കുകിഴക്കന്‍ മേഖലയില്‍ സ്വാധീനം ചെലുത്തുന്നത്. അടുത്ത കാലത്തായി നേപ്പാളില്‍ അവരുടെ സാന്നിധ്യവും സ്വാധീനവും വര്‍ധിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലേക്ക് കടക്കാനുള്ള എളുപ്പവഴി നേപ്പാളിലൂടെയാണെന്ന് അവര്‍ കണ്ടെത്തിക്കഴിഞ്ഞു. അതിര്‍ത്തി ദുര്‍ബലവുമാണ്. ആസാം, മറ്റ് വടക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയരംഗത്തുള്ളവരും നിരന്തരം നേപ്പാളിലേക്ക് യാത്ര ചെയ്യുന്നു. ഇവര്‍ ചൈനീസ് ഏജന്റുമാരെ അവിടെ കാണുന്നതിന് തെളിവുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മിസോറാമില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ ബാനര്‍പോലും വിവാദമായിരുന്നു. ബൈബൈ ഇന്ത്യ, വെല്‍ക്കം ചൈന എന്ന ബാനറുകളോടെയുള്ള പ്രതിഷേധം അവിടെ അരങ്ങേറി. ഇതിനെതിരെ വ്യാപകമായ അന്വേഷണം നടന്നുവരികയാണ്. ഈ പ്രതിഷേധങ്ങള്‍ക്കായി വന്‍തുക ചൈന നിരവധി സംഘടകള്‍ക്കായി വിതരണം ചെയ്തതായും ഐബി വ്യക്തമാക്കുന്നു. ചൈനയുടെ ഈ നയത്തിനുപിന്നില്‍ പലകാരണങ്ങളുണ്ട്. ഡോക്‌ലാമില്‍ ചൈനക്കുണ്ടായ നാണക്കേട് അതിലൊന്നാണ്. തുടര്‍ന്ന് ഇന്ത്യയെ ഉടന്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍തീരുമാനിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് അപ്പോള്‍കാണുന്നതെന്നും ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. ബെയ്ജിംഗിന്റെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ഇന്ത്യ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതും അവര്‍ക്ക് തിരിച്ചടിയായിരുന്നു. ഇന്ത്യയില്‍ ദുര്‍ബലമായ ഒരു സര്‍ക്കാരിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിനും അവര്‍ പിന്തുണ നല്‍കുന്നു. അരുണാചലിന്റെ കാര്യത്തില്‍ അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ ദുര്‍ബലമായ ഭരണാധികാരി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് ബെയ്ജിംഗ് ഇപ്പോള്‍ നടത്തുന്നത്.

Comments

comments

Categories: FK News