ചൈനക്ക് ഇറക്കുമതി തീരുവ ഇളവ് വേണം; 85% ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍

ചൈനക്ക് ഇറക്കുമതി തീരുവ ഇളവ് വേണം; 85% ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍

74% ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വാഗ്ദാനം ചെയ്ത ഇളവ് പര്യാപ്തമല്ലെന്ന് വാദം; ഇന്ത്യയുടെ 92% ഉല്‍പ്പന്നങ്ങള്‍ക്കും ഇളവുകള്‍ നല്‍കാമെന്ന് വാഗ്ദാനം

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തങ്ങളുടെ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഇളവുകള്‍ നല്‍കണമെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചൈന ആവശ്യയുന്നയിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഘട്ടങ്ങളായി 74 ശതമാനം വിപണി ഇളവുകള്‍ നല്‍കാമെന്ന് ഇന്ത്യ വാദ്ഗാനം ചെയ്‌തെങ്കിലും ചൈനയെ ഇത് തൃപ്തിപ്പെടുത്തിയില്ലെന്നാണ് വാര്‍ത്തകള്‍. അതേ സമയം ഇന്ത്യന്‍ കയറ്റുമതിക്ക് 92 ശതമാനം നികുതിയിളവ് നല്‍കാന്‍ ചൈന സന്നദ്ധതയറിച്ചതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

90 ശതമാനത്തിലധികം നികുതി രഹിത ഇറക്കുമതികള്‍ നടത്തുന്ന ഇന്ത്യ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതി ആനുകൂല്യമാണ് നല്‍കുന്നത്. ചൈനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ മേല്‍കോയ്മ നേടിക്കൊടുക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 63 ബില്യണ്‍ ഡോളറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി. ഇന്ത്യ 13.3 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ചൈന 76.4 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്തത്. ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് പ്രവഹിക്കുമെന്നും വ്യാപാര കമ്മി അപകടകരമായ നിലയില്‍ ഉയരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ദീര്‍ഘമായ കാലയളവില്‍ ഘട്ടം ഘട്ടമായി വിപണി തുറന്നുകൊടുക്കുകയല്ലാതെ ഇന്ത്യയുടെ പക്കല്‍ മറ്റ് മാര്‍ഗങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിപണിയിലെ മത്സരത്തിനൊപ്പം പിടിച്ചുനില്‍ക്കുന്നതിന് തയാറെടുക്കാന്‍ സമയം നല്‍കും. പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിയാലേ വിവിധ മേഖലകളില്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാനാകുകയുള്ളെന്നാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ആഴ്ച്ച നടന്ന ഇന്ത്യയും ചൈനയുമടക്കം 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ പങ്കെടുത്ത ആര്‍സിഇപി (റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്) സമ്മേളനത്തില്‍ അടുത്ത കുറച്ചു മാസത്തിനുള്ളില്‍ തന്നെ തീരുവ ഇളവുകളില്‍ ധാരണയുണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.

വന്‍തോതിലുള്ള വ്യാപാര ഇളവുകള്‍ അനുവദിക്കണമെന്ന ചൈനയുടെ ആവശ്യം റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിനു (ആര്‍സിഇപി) കീഴില്‍ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ആര്‍സിഇപിക്കായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ആറു വര്‍ഷമായി നടന്നു വരികയാണ്. എന്നാല്‍ കുറഞ്ഞ ഇറക്കുമതി തീരുവ ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റത്തിന് കാരണമാകുമെന്നും ഇത് പല മേഖലകളെയും നശിപ്പിക്കുമെന്നുമാണ് ഇന്ത്യയുടെ ആശങ്ക. ഇന്ത്യയെയും ചൈനയെയും 10 ആസിയാന്‍ അംഗരാജ്യങ്ങളെയും കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് സമഗ്ര സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.

2017-18 ല്‍ ആര്‍സിഇപി രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാര കമ്മി (ബില്യണ്‍ ഡോളറില്‍)

രാജ്യം കയറ്റുമതി ഇറക്കുമതി കമ്മി

ചൈന 13.3 76.4 63.1

ആസിയാന്‍ 34.2 47.1 12.9

ദക്ഷിണ കൊറിയ 4.5 16.4 11.9

ഓസ്‌ട്രേലിയ 4 14 10

ജപ്പാന്‍ 4.7 11 6.3

ന്യൂസിലാന്‍ഡ് 0.4 0.6 0.2

Comments

comments

Categories: FK News
Tags: india -china