ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ച്ചറിംഗ് ഹബ്ബായി മാറിയതെങ്ങനെ ?

ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ച്ചറിംഗ് ഹബ്ബായി മാറിയതെങ്ങനെ ?

ബംഗ്ലാദേശ് ഒരു വിജയഗാഥ രചിക്കുകയാണ്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ അധിഷ്ഠിതമായ ദാരിദ്ര്യം നിറഞ്ഞൊരു ചരിത്രം ബംഗ്ലാദേശിനുണ്ടായിരുന്നു. എന്നാല്‍ അവര്‍ മെല്ലെ വ്യവസായവത്കരണത്തിലേക്കു നീങ്ങി. അതിന്റെ ഫലവും കണ്ടു തുടങ്ങി. ഇന്നു ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമായി ബംഗ്ലാദേശ് മാറി.

സേവനരംഗത്ത് അഥവാ സര്‍വീസ് സെക്ടറിലാണ് ഇന്ത്യ പുരോഗതി നേടിയത്. സോഫ്റ്റ്‌വെയര്‍, ഫിനാന്‍സ്, ഓണ്‍ലൈന്‍ സര്‍വീസ്, ടൂറിസം, ലോജിസ്റ്റിക്‌സ്, മീഡിയ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ രംഗങ്ങളില്‍ സേവനം ലഭ്യമാക്കി കൊണ്ട് ഇന്ത്യ അവിശ്വസനീയമായ നേട്ടം കൈവരിച്ചപ്പോള്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് മാനുഫാക്ച്ചറിംഗ് രംഗത്താണു നേട്ടം കൈവരിച്ചത്. ഇന്നു ചൈന കഴിഞ്ഞാല്‍ ലോകത്ത് വസ്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണു ബംഗ്ലാദേശ്. 2021-ാടെ ഇടത്തരം വരുമാനമുള്ള രാജ്യമെന്ന പദവി (മിഡില്‍-ഇന്‍കം സ്റ്റാറ്റസ്) കൈവരിക്കാനിരിക്കുകയാണു ബംഗ്ലാദേശ്. 2021-ല്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിലൂടെ മാത്രം 50 ബില്യന്‍ ഡോളര്‍ നേടുമെന്നും കണക്കാക്കപ്പെടുന്നു.
ഒരു ജീവി വികസിക്കുമ്പോള്‍, അതിന്റെ പൂര്‍വികര്‍ സഞ്ചരിച്ച പോലെ പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പരമ്പരാഗതമായി, സാമ്പത്തിക വികസനവും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു രാജ്യം ദരിദ്രമായ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍നിന്നു വ്യാവസായികവല്‍ക്കരണത്തിലേക്കു മാറുമ്പോള്‍ സ്വാഭാവികമായും ടെക്‌സ്റ്റൈയില്‍സ് പോലുള്ള ലഘുവായ മാനുഫാക്ചറിംഗ് രംഗത്തായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് സങ്കീര്‍ണമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടുകയും ചെയ്യും. ഒടുവില്‍ സ്വന്തം നിലയില്‍ മുന്‍നിര ടെക്‌നോളജി കണ്ടുപിടിക്കുന്ന തലത്തിലേക്കു വളരുകയും ചെയ്യും. ഓരോ രാജ്യവും പുരോഗതി കൈവരിക്കുന്നത്, ഇതിനകം ഇത്തരം പ്രക്രിയയിലൂടെ കടന്നുപോയ രാജ്യങ്ങളെ നിരീക്ഷിച്ചു കൊണ്ടുമായിരിക്കും. സമീപകാലത്ത് ഇത്തരത്തില്‍ പുരോഗതി കൈവരിച്ച ദക്ഷിണ കൊറിയയും, തായ്‌വാനും ചൈനയുടെ പുരോഗതി നിരീക്ഷിച്ചവരായിരുന്നു. ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും ശേഷം ഈ ശ്രേണിയിലേക്കെത്തുകയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശ്.

സൗത്ത് ഏഷ്യന്‍ രാജ്യമായ ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നും വസ്ത്രവ്യവസായ മേഖലയില്‍നിന്നാണ്. 2017-ല്‍ ചൈനയ്ക്കു പിന്നിലായി ലോകത്തിലെ ഏറ്റവും വലിയ റെഡിമെയ്ഡ് വസ്ത്ര വിതരണക്കാരെന്ന ഖ്യാതി ബംഗ്ലാദേശ് കൈവരിക്കുകയും ചെയ്തു. ഈ സാമ്പത്തിക വികസന പാത ബംഗ്ലാദേശിനു തുറന്നു കിട്ടിയത്, മനുഷ്യ വിഭവശേഷിയുടെയും സാമൂഹ്യ വിഭവശേഷിയുടെയും കടുത്ത ചൂഷണത്തിലൂടെയാണ്. ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളികള്‍ കഠിനമായ തൊഴില്‍ സാഹചര്യങ്ങളെയും അനേകം വ്യവസായ അപകടങ്ങളെയും നേരിട്ടിട്ടുള്ളവരാണ്. ആയിരത്തിലധികം പേരെ കൊന്നൊടുക്കിയ ഫാക്ടറി അപകടം 2013-ല്‍ ബംഗ്ലാദേശില്‍ അരങ്ങേറിയിരുന്നു. എങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഫലപ്രദമാണെന്നും വിശ്വസനീയമാണെന്നും തെളിയിച്ചിട്ടുള്ള വ്യവസായവല്‍ക്കരണ തന്ത്രം ഇന്നും നല്ല രീതിയില്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ലോകത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വസ്ത്രം വിതരണം ചെയ്യുന്നവര്‍, കയറ്റുമതി ചെയ്യുന്നവരെന്ന ഖ്യാതി ബംഗ്ലാദേശിനുണ്ട്. ബംഗ്ലാദേശിലെ 20 ദശലക്ഷം ആളുകള്‍ ടെക്‌സ്‌റ്റൈല്‍സ് & അപ്പാരല്‍സ് മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ നയിക്കുന്നതില്‍ പ്രധാനിയാണ് ഈ മേഖല. സ്വീഡന്റെ എച്ച് &എം, ബ്രിട്ടന്റെ മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ തുടങ്ങിയ പാശ്ചാത്യ അപ്പാരല്‍ ബ്രാന്‍ഡുകളുടെ മെന്‍സ് വിഭാഗം സ്യൂട്ടുകള്‍ തുന്നുന്നത്, ബംഗ്ലാദേശിലുള്ള ഫാക്ടറികളിലാണ്. ഇവര്‍ക്കു പുറമേ നിരവധി ആഗോള ബ്രാന്‍ഡുകളും ബംഗ്ലാദേശിലെ ഫാക്ടറികളിലാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. കാരണം, ചീപ്പ് ലേബര്‍ അഥവാ കുറഞ്ഞ കൂലിക്ക് എല്ലാം ചെയ്തു കിട്ടും. ബംഗ്ലാദേശിലെ പ്രതിമാസ ശരാശരി വേതനം 101 ഡോളറാണ്. ഇത് തൊട്ടടുത്തുള്ള രാജ്യമായ മ്യാന്‍മാറിലാകട്ടെ 135-ും കംബോഡിയയില്‍ 170-ും വിയറ്റ്‌നാമില്‍ 234-ും ചൈനയില്‍ 518-ും ഡോളറാണ്. ഇതിനര്‍ഥം ബംഗ്ലാദേശില്‍ ഇന്നും കുറഞ്ഞ കൂലിയാണെന്നാണ്. ഇതു തന്നെയാണു ബംഗ്ലാദേശിന് അനുകൂലമായ ഘടകവും. യൂറോപ്യന്‍ യൂണിയന്‍, യുഎസ്എ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, തുര്‍ക്കി, റഷ്യ, നോര്‍വേ, ന്യൂസിലാന്‍ഡ്, ചൈന, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്ത്യ ഉള്‍പ്പെടെ 52-ാളം രാജ്യങ്ങളിലേക്കു തീരുവ രഹിതമായി വ്യാപാരം ചെയ്യാനുള്ള അവസരം ഇന്നു ബംഗ്ലാദേശിനുണ്ട്. സമീപകാലത്തായി വസ്ത്രങ്ങളുടെ കയറ്റുമതിയുടെ കാര്യത്തില്‍ കംബോഡിയ, വിയറ്റ്‌നാം, മ്യാന്‍മാര്‍, എത്തിയോപ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ബംഗ്ലാദേശിനു കടുത്ത മത്സരം നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.

സാങ്കേതികവിദ്യ നടപ്പിലാക്കി

ബംഗ്ലാദേശിനു വസ്ത്ര നിര്‍മാണ രംഗത്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. അവയിലൊന്നു കുറഞ്ഞ കൂലിയാണ്. അതിനു പുറമേ ബംഗ്ലാദേശിന്റെ വസ്ത്ര നിര്‍മാണ സംവിധാനങ്ങളില്‍ മികച്ച സാങ്കേതികവിദ്യ നടപ്പിലാക്കുകയും, ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തതും ഈ മേഖലയ്ക്കു ഗുണകരമായി. അതോടെ ബംഗ്ലാദേശിന് പ്രധാന ആഗോള റീട്ടെയ്ല്‍ ബ്രാന്‍ഡുകളെ ആകര്‍ഷിക്കാനായി. ബംഗ്ലാദേശിലെ മാനുഫാക്ച്ചറര്‍മാര്‍ക്കും എക്‌സ്‌പോര്‍ട്ടേഴ്‌സിനും മികച്ച വെര്‍ട്ടിക്കല്‍ കപ്പാസിറ്റി നിര്‍മിച്ചെടുക്കാന്‍ സാധിച്ചതും ഗുണം ചെയ്തു. ഈ കഴിവ് ഇതിനു മുന്‍പ് ചൈനയ്ക്കു മാത്രമാണു കൈവരിക്കാന്‍ സാധിച്ചത്. രാജ്യാന്തര ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവും നൂതനമായ വസ്ത്ര നിര്‍മാണ മാനേജ്‌മെന്റ് ടെക്‌നോളജിയാണു ബംഗ്ലാദേശ് നടപ്പിലാക്കിയിരിക്കുന്നത്.

അഭിമുഖീകരിച്ച പ്രതിസന്ധികള്‍

2013-ല്‍ റാണ പ്ലാസയിലുണ്ടായ അപകടം ടെക്‌സ്റ്റൈല്‍സ് രംഗത്തുള്ള 1,100-ാളം തൊഴിലാളികളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായിരുന്നു. ഇതേ തുടര്‍ന്നു ബംഗ്ലാദേശിലെ തൊഴില്‍ രീതികളും, സുരക്ഷാ സംവിധാനങ്ങളും ആഗോളതലത്തില്‍ നിരീക്ഷണത്തിനു വിധേയമായി. റാണ പ്ലാസ ദുരന്തത്തിനു ശേഷം ഫാക്ടറികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്നതു പോലെ തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട കൂലി ലഭിക്കാനുള്ള നടപടിയെടുക്കുന്നില്ലെന്നതു നിരാശപ്പെടുത്തുന്ന ഘടകമാണ്. ഫാഷന്‍ വ്യവസായം അഭിവൃദ്ധി പ്രാപിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. എന്നാല്‍ ഈ വ്യവസായത്തെ താങ്ങി നിര്‍ത്തുന്നത് ബംഗ്ലാദേശ് പോലുള്ള രാ്ജ്യങ്ങളുമാണ്. പക്ഷേ, ബംഗ്ലാദേശിലെ തൊഴിലാളികള്‍ ഇന്നും ദാരിദ്ര രേഖയ്ക്കു കീഴില്‍ കഴിയാന്‍ തന്നെയാണു വിധി.

Comments

comments

Categories: World