ആമസോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ തുറക്കുന്നു; ഞെട്ടലോടെ മറ്റ് കമ്പനികള്‍

ആമസോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ തുറക്കുന്നു; ഞെട്ടലോടെ മറ്റ് കമ്പനികള്‍

ഇനി കളി ഓഫ്‌ലൈനില്‍. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. തുടക്കം യുഎസില്‍

  • കാഷ്യറും കാവല്‍ക്കാരനുമില്ലാത്ത റോബോട്ടിക് ഗ്രോസറി സ്‌റ്റോര്‍ ആമസോണ്‍ നേരത്തെ തുറന്നിരുന്നു
  • പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആമസോണ്‍ മാര്‍ക്കറ്റ്‌സ് എന്ന പേരിലായേക്കും അറിയപ്പെടുക
  • ഇന്ത്യയില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ആമസോണ്‍ ഓഹരി നേടിയതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തവന്നിരുന്നു
  • വാള്‍മാര്‍ട്ട്, ക്രോഗെര്‍, കോസ്റ്റ്‌കോ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന് ഖ്യാതി നേടിയ ജെഫ് ബെസോസിന്റെ ആമസോണ്‍ തങ്ങളുടെ പ്രവര്‍ത്തനം ഓഫ്‌ലൈനിലേക്കും വ്യാപിപ്പിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ തന്നെ തുടങ്ങാനാണ് ആമസോണിന്റെ പദ്ധതിയെന്ന് സൂചന. വാര്‍ത്ത വന്നതോടെ പരമ്പരാഗത റീട്ടെയ്ല്‍ രംഗത്തെ ഭീമന്മാരായ വാള്‍മാര്‍ട്ടിന്റെയും ക്രോഗെറിന്റെയും കോസ്റ്റ്‌കോയുടെയുമെല്ലാം ഓഹരിവിലയില്‍ ഇടിവ് പ്രകടമായി.

ആമസോണ്‍ തങ്ങളുടെ സ്വന്തം ഗ്രോസറി സ്‌റ്റോറുകള്‍ യുഎസില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ ലോസ് ആഞ്ചല്‍സിലായിരിക്കും ആദ്യ സ്‌റ്റോര്‍ തുറക്കുക. തുടക്കത്തില്‍ തന്നെ ഒരു ഡസനോളം കടകള്‍ തുറക്കാനാണ് പദ്ധതി. വാള്‍മാര്‍ട്ട്, ക്രോഗെര്‍, ടാര്‍ഗെറ്റ്, ബിജെഎസ്, കോസ്റ്റ്‌കോ, സ്പ്രൗട്ട്‌സ് തുടങ്ങിയവരുടെ ബിസിനസിനെ ബാധിക്കാന്‍ ശേഷിയുണ്ട് ആമസോണിന്റെ പുതിയ നീക്കത്തിനെന്നാണ് വിലയിരുത്തല്‍.

ആമസോണ്‍ മാര്‍ക്കറ്റ്‌സ് എന്ന പേരിലായിരിക്കുമോ പുതിയ സ്റ്റോറുകള്‍ അറിയപ്പെടുകയെന്നത് വ്യക്തമല്ല. ഹോള്‍ഫുഡ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റ് ബ്രാന്‍ഡിനെ ആമസോണ്‍ നേരത്തെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ കമ്പനിയുടെ ഭാഗമായിട്ടായിരിക്കില്ല പുതിയ സ്റ്റോറുകള്‍ എന്നാണ് വിവരം. അതുകൊണ്ടുതന്നെ ആമസോണ്‍ ബ്രാന്‍ഡില്‍ തന്നെയായിരിക്കാം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുടെ വരവ്.

സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, ചിക്കാഗോ, വാഷിംഗ്ടണ്‍ ഡിസി, ഫിലഡല്‍ഫിയ തുടങ്ങിയ നഗരങ്ങളിലെല്ലാം തന്നെ ആമസോണിന്റെ ഗ്രോസറി സ്‌റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. അമേരിക്കയിലെ സാധാരണ ഗ്രോസറി കടയുടെ വലുപ്പം 60,000 ചതുരശ്രയടിയാണ്. എന്നാല്‍ ആമസോണിന്റേത് 35,000 ചതുരശ്രയടിയായിരിക്കുമെന്നാണ് കരുതുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റ് വിപണിയില്‍ തേരോട്ടം നടത്തുന്നതിനായി കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

വില കുറച്ച് ഉല്‍പ്പന്നങ്ങള്‍

2017ലായിരുന്നു ഹോള്‍ഫുഡ്‌സിനെ ആമസോണ്‍ ഏറ്റെടുത്തത്. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉന്നതതല റീട്ടെയ്‌ലറാണ് ഹോള്‍ ഫുഡ്‌സ്. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്. എന്നാല്‍ പുതുതായി തുടങ്ങുന്ന ആമസോണ്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറവാകും. എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇ-കൊമേഴ്‌സ് വിപണിയിലൂടെ ലോകത്തെ മുഴുവന്‍ റീട്ടെയ്ല്‍ രംഗത്തെ മാറ്റി മറിച്ച ആമസോണ്‍ ഇപ്പോള്‍ ഓഫ്‌ലൈന്‍ രംഗത്തേക്ക് വരുന്നതിനെ കൗതുകത്തോടെയാണ് വിപണി നോക്കികാണുന്നത്. കാഷ്യറും കാവല്‍ക്കാരനുമില്ലാതെ, പൂര്‍ണമായും കൃത്രിമ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍വീനിയന്‍സ് സ്റ്റോര്‍ നേരത്തെ ആമസോണ്‍ തുറന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിനെ ആമസോണും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സമര കാപ്പിറ്റലും ചേര്‍ന്ന് ഏറ്റെടുക്കുന്നതായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 4,200 കോടി രൂപയുടെ വമ്പന്‍ ഇടപാടാണ് മോറിന്റെ ഏറ്റെടുക്കല്‍ എന്നായിരുന്നു വാര്‍ത്ത. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കയ്യില്‍ നിന്നാണ് മോറിനെ ആമസോണും സമരയും ചേര്‍ന്ന് വാങ്ങിയത്.

670 ബില്ല്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണി. അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടുമ്പോള്‍ ഏറ്റവുമധികം ചലനാത്മകമാകുന്നതും പണം വാരുന്നതും റീട്ടെയ്ല്‍ രംഗമാണ്. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ ആമസോണ്‍ തീരുമാനിച്ചത്. ഭാവിയില്‍ ഇന്ത്യയിലേക്കും ആമസോണ്‍ മാര്‍ക്കറ്റുകള്‍ എത്താന്‍ സാധ്യതയുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമനമായ ആമസോണ്‍ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ രംഗവുമായുള്ള ഏകീകരണത്തിലൂടെ കൂടുതല്‍ ബിസിനസാണ് ലക്ഷ്യമിടുന്നത്്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോര്‍ ശൃംഖലയായ ഷോപ്പേഴ്‌സ് സ്റ്റോപ്പില്‍ അഞ്ച് ശതമാനം ഓഹരിയെടുത്തിരുന്നു ആമസോണ്‍. അതിന്റെ തുടര്‍ച്ചയാണ് മോര്‍ ഏറ്റെടുക്കല്‍. യുഎസിലെ ആമസോണിന്റെ തേരോട്ടത്തില്‍ വാള്‍മാര്‍ട്ട് പോലുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഓഫ്‌ലൈനില്‍ കൂടു ആമസോണ്‍ സജീവമായാല്‍ അത് മറ്റ് കമ്പനികളുടെ ലാഭത്തെ സാരമായി തന്നെ ബാധിക്കും.

Comments

comments

Categories: Business & Economy