രണ്ട് ലക്ഷം കോടി രൂപയിലധികം കിട്ടാക്കടം പരിഹരിച്ചു: ഇന്‍ജെതി ശ്രീനിവാസ്

രണ്ട് ലക്ഷം കോടി രൂപയിലധികം കിട്ടാക്കടം പരിഹരിച്ചു: ഇന്‍ജെതി ശ്രീനിവാസ്

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം രണ്ട് ലക്ഷം കോടി രൂപയിലധികം വരുന്ന കിട്ടാക്കടം പരിഹരിക്കാനായെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്. ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയാസ്തി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പാപ്പരത്ത നിയമം നടപ്പാക്കിയത്.

‘പാപ്പരത്ത നിയമവും ആഗോള ഉത്തരവാദിത്തവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഐസിഎഫഎഐ ലോ സ്‌കൂളും ഡെലവെയര്‍ ലോ സ്‌കൂളും വെഡ്‌നെര്‍ യൂമിവേഴ്‌സിറ്റിയും ഐബിബിഐയും ചേര്‍ന്ന് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേഷനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ശ്രീനിവാസ് പാപ്പരത്ത നിയമത്തിന്റെ വിജയത്തെ കുറിച്ച് സംസാരിച്ചത്.

പുതുതായുണ്ടായ നിഷ്‌ക്രിയാസ്തികളുടെ തോത് കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ശ്രീനിവാസ് പറഞ്ഞു. ഇത് മൊത്തം എന്‍പിഎയില്‍ ഇടിവുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ കമ്പനി ലോ ബോര്‍ഡ് ട്രൈബ്യൂണലിനുകീഴില്‍ പരിഹരിക്കപ്പെട്ടിട്ടുള്ള പത്ത് കേസുകളില്‍ ഒന്‍പതെണ്ണം വീതം എന്‍സിഎല്‍ടിക്ക് പുറത്ത് പരിഹരിക്കപ്പെട്ടിട്ടുള്ളവയാണ്.

പാപ്പരത്ത നിയമത്തിന്റെ തുടക്ക സമയത്ത് എന്‍പിഎ പരിഹരിക്കുന്നതിന് നാല് വര്‍ഷം വരെ സമയം എടുക്കുമായിരുന്നു. ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിന് 9-10 ശതമാനം വരെ പാപ്പരത്ത ചെലവാണ് അന്ന് വന്നിരുന്നത്. പിന്നീട് 25-26 ശതമാനമായി ഉയര്‍ന്നു. ഇന്ന് ഒറ്റപ്പെട്ട 80ഓളം കേസുകളില്‍ 48 ശതമാനത്തോളം പരിഹരിക്കപ്പെട്ടു. ഇതിന്റെ പാപ്പരത്ത ചെലവ് വെറും ഒരു ശതമാനത്തില്‍ താഴെയാണ്.

Comments

comments

Categories: Business & Economy