ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം

ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ മാതൃഭൂമിയില്‍ തിരിച്ചെത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയം തന്നെയാണ്. അതിനെ വിലകുറച്ചുകാണുന്ന നീക്കങ്ങള്‍ അപലപനീയവുമാണ്

പാക്കിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ നിരുപാധികം വിട്ടയയ്ക്കാന്‍ തയാറാണെന്ന് അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പോസിറ്റീവ് പരിവേഷവും നരേന്ദ്ര മോദിക്ക് നെഗറ്റീവ് പരിവേഷവും ചാര്‍ത്തി നല്‍കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ സജീവമാകുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ഇമ്രാന്റെ നടപടി പരിഹാരമാകുമെന്ന് വരെ അഭിപ്രായങ്ങള്‍ വന്നുതുടങ്ങി. എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലുള്ള വിലയിരുത്തലുകളാണ് പലരും നടത്തുന്നത്. അഭിനന്ദന് ഏതെങ്കിലും തരത്തിലുള്ള ആപത്ത് സംഭവിച്ചാല്‍ പാക്കിസ്ഥാനുള്ള തിരിച്ചടി സമാനതകളില്ലാത്തതാകും എന്ന വ്യക്തമായ സന്ദേശം ഇസ്ലാമാബാദില്‍ ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതിനോടൊപ്പം യുഎസും അറബ് ലോകത്തെ ശക്തരായ സൗദി അറേബ്യയും യുഎഇയും ഇന്ത്യന്‍ പൈലറ്റിന്റെ മോചനത്തിനുവേണ്ടി കാര്യമായ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അഭിനന്ദനെ മോചിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനമെടുത്തത്. പാക്കിസ്ഥാന്റെ അനുകമ്പയേക്കാള്‍ ഉപരി അത് ഇന്ത്യയുടെ നയതന്ത്ര വിജയാമായി തന്നെയാണ് വിലയിരുത്തേണ്ടത്. അല്ലാതെ മോദി വിരോധം തീര്‍ക്കുന്നതിനായി ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം അപലപനീയവും അധാര്‍മികവുമാണ്. രാഷ്ട്രം കഴിഞ്ഞ ശേഷം മാത്രമേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്ന് ഇതിനിറങ്ങിപ്പുറപ്പെടുന്നവര്‍ മറക്കരുത്. ഏത് തരത്തില്‍ തിരിച്ചടികള്‍ നല്‍കി രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും തങ്ങള്‍ സര്‍വസജ്ജമാണെന്ന് വെള്ളിയാഴ്ച്ച് പത്രസമ്മേളനം നടത്തി നമ്മുടെ സേനാമേധാവികള്‍ വിശദീകരിച്ചത് പാക്കിസ്ഥാനുള്ള സന്ദേശം കൂടിയായിരുന്നു.

സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കേണ്ടതുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ തീരുമാനങ്ങള്‍ക്കപ്പുറം സൈന്യവും ഐസ്‌ഐയും കാര്യങ്ങള്‍ തീരുമാനിക്കുന്ന പാക്കിസ്ഥാന്‍ ഭീകരതയുടെ കാര്യത്തില്‍ എന്നും ഇരട്ടത്താപ്പാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇമ്രാന്‍ ഖാന്റെ സമാധാന സന്ദേശത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കാത്തതും ആ ചരിത്രം തന്നെയാണ്. ഭീകരതയുടെ ഇരയെന്ന് പറഞ്ഞ് അമേരിക്കയില്‍ നിന്നും ധനസഹായം സ്വീകരിച്ചുപോന്നിരുന്ന പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞാണ് ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് യുഎസ് പോലും തിരിഞ്ഞത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ വല്ലാതെ ഒറ്റപ്പെട്ടുപോകുകയാണെന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം ഇമ്രാന്‍ ഖാന്റെ തീരുമാനം. ഭീകരര്‍ക്കെതിരെ വിശ്വസനീയമായ രീതിയില്‍ എന്തെങ്കിലും നടപടികള്‍ എടുത്താല്‍ മാത്രമേ ഇന്ത്യ ചര്‍ച്ചയ്ക്ക് സന്നദ്ധമാകൂവെന്നാണ് സൂചന. ആ നയം തന്നെ അനുവര്‍ത്തിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.

അതുകൊണ്ടുതന്നെ അഭിനന്ദന്റെ മോചനം സമാധാന ചര്‍ച്ചകളിലേക്കുള്ള വഴിയാകുമെന്ന് കരുതുന്നതില്‍ അത്ര യുക്തിയില്ല. ഏറ്റവും ചുരുങ്ങിയത് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതാണ് പാക്കിസ്ഥാന്‍ നയമെന്ന ബോധ്യപ്പെടുത്തലെങ്കിലും ഇമ്രാന്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. സമാധാനകാംക്ഷയിലധിഷ്ഠിതമായെന്ന് പറഞ്ഞുള്ള ഇമ്രാന്റെ നടപടി അര്‍ത്ഥവത്താകാനും അത് അനിവാര്യമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന നിരുല്‍സാഹപ്പെടുത്തുന്നതിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന് സാധിച്ചെങ്കില്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലവത്താകുകയുള്ളൂ.

Categories: Editorial, Slider