പശ്ചിമേഷ്യന്‍ എതിരാളി കരീമിനെ വിലക്കെടുക്കാന്‍ യുബര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

പശ്ചിമേഷ്യന്‍ എതിരാളി കരീമിനെ വിലക്കെടുക്കാന്‍ യുബര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

പശ്ചിമേഷ്യയില്‍ യുബറിന് ശക്തമായ മത്സരം കാഴ്ചവെച്ച ടാക്‌സി സര്‍വ്വീസാണ് കരീം

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എതിരാളി കരീം നെറ്റ്‌വര്‍ക്ക് എഫ്‌സിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച യുബര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ഭീമനായ യുബര്‍ പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ കരീമിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇടപാട് സംബന്ധിച്ച ഓഹരി, വില വിവരങ്ങള്‍ വരുന്ന ആഴ്ച ഇരുകമ്പനികളും പുറത്തുവിടും.

ഏകദേശം 3 ബില്യണ്‍ ഡോളറിനാണ് യുബര്‍ കരീമിനെ ഏറ്റെടുക്കുക എന്ന് സംസാരമുണ്ടെങ്കില്‍ വിലപേശല്‍ തുടരുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം വിഷയത്തില്‍ കമ്പനി പ്രതിനിധികള്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഫുഡ് ഡെലിവറി, ലോജിസ്റ്റിക്‌സ്, ഇലക്ട്രിക് ബൈക്ക്, ഡ്രൈവറില്ലാ കാര്‍ തുടങ്ങിയ നവീന സംരംഭങ്ങളില്‍ വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ഇതിനോടകം യുബര്‍ നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനയിലൂടെ വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്ന യുബര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കരീമിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. പശ്ചിമേഷ്യയില്‍ യുബറിന് ശക്തമായ മത്സരം കാഴ്ചവെച്ച ടാക്‌സി സര്‍വ്വീസാണ് കരീം.

സൗദി പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ നിക്ഷേപ കമ്പനിയായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി, ജപ്പാനിലെ ഇ-കൊമേഴ്‌സ് ഭീമനായ റകുതെന്‍ ഇന്‍ക് തുങ്ങിയ പ്രമുഖ കമ്പനികളുടെ നിക്ഷേപ പിന്തുണയുള്ള കരീം 2016ലെ ഫണ്ടിംഗ് റൗണ്ടില്‍ 1 ബില്യണ്‍ മൂല്യവുമായി പശ്ചിമേഷ്യയിലെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു. ഏകദേശം 1 മില്യണിലധികം ഡ്രൈവര്‍മാരുമായി പശ്ചിമേഷ്യയിലെ നൂറോളം നഗരങ്ങളില്‍ കരീം സര്‍വ്വീസ് നടത്തുന്നുണ്ട്.

എതിരാളിയെ ഏറ്റെടുക്കുന്നത് യുബറിനെ സംബന്ധിച്ച് തങ്ങളുടെ ബിസിനസ് നയത്തില്‍ നിന്നുള്ള വ്യതിയാനമാണ്. വിദേശ വിപണികളിലെ ചെലവേറിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതിനും എതിര്‍ കമ്പനികളില്‍ ന്യൂനപക്ഷ ഓഹരികള്‍ എടുക്കുന്നതിനുമാണ് അടുത്തിടെയായി യുബര്‍ ശ്രമിച്ചുപോന്നത്. ചൈനയിലും റഷ്യയിലും ദക്ഷിണകിഴക്കന്‍ ഏഷ്യയിലും അത് കണ്ടു.

പശ്ചിമേഷ്യയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിയന്ത്രണത്തിലുള്ള സൗദി അറേബ്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ട് ഏറ്റവും വലിയ നിക്ഷേപകരായുള്ള യുബറിന് മേഖലയോടുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ ഇടപാടിലൂടെ വ്യക്തമാകുന്നത്.

സ്വദേശത്തെ തങ്ങളുടെ മുഖ്യ എതിരാളിയായ ലിഫ്റ്റുമായും ഒരു കൂട്ട്‌കെട്ടിന് യുബര്‍ പദ്ധതിയിടുന്നുണ്ട്. ലിഫ്റ്റില്‍ റകുതണിന് 10 ശതമാനത്തിലധികം ഓഹരികളാണുള്ളത്. വരുംമാസങ്ങളില്‍ ലിഫ്റ്റും പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ്.

Comments

comments

Categories: Arabia
Tags: Careem, Uber