തൂത്തുക്കുടി പ്ലാന്റ് അടച്ചു പൂട്ടിയതിലൂടെ പ്രതിദിനം 5 കോടി നഷ്ടമെന്ന് വേദാന്ത

തൂത്തുക്കുടി പ്ലാന്റ് അടച്ചു പൂട്ടിയതിലൂടെ പ്രതിദിനം 5 കോടി നഷ്ടമെന്ന് വേദാന്ത

വായു മലിനീകരണത്തിനും ജല മലിനീകരണത്തിനും ഈ പ്ലാന്റ് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുകളുയര്‍ന്നത്

ന്യൂഡെല്‍ഹി: 13 പേര്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള തങ്ങളുടെ കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടിയതിലൂടെ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് വേദാന്ത ലിമിറ്റഡ്. പ്രതിദിനം 5 കോടി രൂപയുടെ നഷ്ടം ഇതുമൂലമുണ്ടാകുന്നു എന്നാണ് കമ്പനി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുളളത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരേ പ്രദേശ വാസികള്‍ നടത്തിയ പ്രതിഷേധം കഴിഞ്ഞ വര്‍ഷം മേയ് 28ന് വെടിവെപ്പില്‍ കലാശിച്ചതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. അതിനു മുമ്പ് ഏപ്രില്‍ 9ന് തന്നെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചെമ്പുരുക്ക് കേന്ദ്രമായിരുന്ന തൂത്തുക്കുടി പ്ലാന്റില്‍ 400,000 ടണ്ണിന്റെ വാര്‍ഷിക ഉല്‍പ്പാദനമാണ് നടന്നിരുന്നത്. എന്നാല്‍ വന്‍തോതിലുള്ള വായു മലിനീകരണത്തിനും ജല മലിനീകരണത്തിനും ഈ പ്ലാന്റ് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി വാദികളും പ്രദേശ വാസികളും എതിര്‍പ്പുയര്‍ത്തിയത്. എണ്ണ മുതല്‍ ലോഹം വരെയുള്ള മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രവര്‍ത്തനമുള്ള വേദാന്ത ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ഉണ്ടായിട്ടുള്ളത്.

പ്ലാന്റ് പൂട്ടി ഇതുവരെയുള്ള കാലയളവിലെ മൊത്തം നഷ്ടം 13.8 ബില്യണ്‍ രൂപയാണെന്നാണ് കമ്പനി വാദിക്കുത്. വേദാന്ത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേര്‍സ് ആണ് പുറത്തുവിട്ടിട്ടുള്ളത്. ഒരു വര്‍ഷം പ്ലാന്റ് അടച്ചിടുകയാണെങ്കില്‍ 100 മില്യണ്‍ ഡോളറിന്റെ നഷ്ടം കമ്പനി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ജൂലൈയില്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാല്‍ പറഞ്ഞിരുന്നു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് വേദാന്ത ഗ്രൂപ്പ് പ്ലാന്റ് തുറക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി മരവിപ്പിച്ച സുപ്രീംകോടതി ഫെബ്രുവരി 18ന് പുറത്തിറക്കിയ ഉത്തരവിലൂടെ കമ്പനിക്ക് ഇക്കാര്യത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News