ഇന്ത്യയിലെ ഡീലര്‍ഷിപ്പുകള്‍ ഇരട്ടിയാക്കുമെന്ന് സ്‌കോഡ

ഇന്ത്യയിലെ ഡീലര്‍ഷിപ്പുകള്‍ ഇരട്ടിയാക്കുമെന്ന് സ്‌കോഡ

നിലവിലെ 54 ല്‍നിന്ന് 2021 ഓടെ നൂറിലധികം നഗരങ്ങളില്‍ സാന്നിധ്യമറിയിക്കും

ന്യൂഡെല്‍ഹി : 2021 ഓടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ. നിലവിലെ 54 ല്‍നിന്ന് നൂറിലധികം നഗരങ്ങളില്‍ സാന്നിധ്യമറിയിക്കും. ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നത്.

ഉടമസ്ഥതാ ചെലവ് കുറയ്ക്കുക, സര്‍വീസ് അനുഭവം മെച്ചപ്പെടുത്തുക, സ്‌കോഡ ചെലവേറിയ ബ്രാന്‍ഡാണെന്ന ധാരണ തിരുത്തുക എന്നീ കാര്യങ്ങളിലാണ് ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ശ്രദ്ധ ചെലുത്തുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു.

2021 മുതല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കുക, വില്‍പ്പന ശൃംഖല വിപുലീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. നിലവില്‍ ഇന്ത്യയിലെ 54 നഗരങ്ങളിലാണ് സാന്നിധ്യമറിയിച്ചിട്ടുള്ളത്. 2021-22 ഓടെ രണ്ട് പുതിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ മുഖ്യധാര ബ്രാന്‍ഡായി സ്‌കോഡ മുന്നോട്ടുനീങ്ങണമെന്നാണ് കമ്പനിയുടെ ദീര്‍ഘകാല ബിസിനസ് തന്ത്രമെന്ന് ഹോളിസ് പറഞ്ഞു. അതിവേഗം വളരുന്ന സെഗ്‌മെന്റുകളിലൊന്നായ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പ്രത്യേകിച്ച് എന്ന് അദ്ദേഹം വിശദീകരിച്ചു.

2023 ഓടെ ആഗോളതലത്തില്‍ സ്‌കോഡ ഗ്രൂപ്പിന്റെ അഞ്ചാമത്തെ വലിയ വിപണിയായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് സാക് ഹോളിസ് വെളിപ്പെടുത്തി. നിലവില്‍ പ്രതിവര്‍ഷം 75,000 വാഹനങ്ങള്‍ വില്‍ക്കുന്ന യുകെയാണ് സ്‌കോഡ ഗ്രൂപ്പിന്റെ അഞ്ചാമത്തെ വലിയ വിപണി. എന്നാല്‍ ഇന്ത്യയില്‍ 2018 ല്‍ 17,244 വാഹനങ്ങള്‍ മാത്രമാണ് സ്‌കോഡ വിറ്റത്. വമ്പിച്ച മാറ്റമാണ് ഇന്ത്യയില്‍ സ്‌കോഡ ഓട്ടോ പ്രതീക്ഷിക്കുന്നത്.

Categories: Auto
Tags: Skoda