തേജസ് എക്‌സ്പ്രസിന് പ്രധാനമന്ത്രി പച്ചക്കൊടി വീശി

തേജസ് എക്‌സ്പ്രസിന് പ്രധാനമന്ത്രി പച്ചക്കൊടി വീശി

ചെന്നൈ-മധുര മേഖലയിലെ ഏറ്റവും വേഗമേറിയ ട്രെയ്ന്‍; 6.5 മണിക്കൂര്‍ കൊണ്ട് 496 കിലോമീറ്റര്‍ യാത്ര; ആഴ്ചയില്‍ ആറ് സര്‍വീസുകള്‍

കന്യാകുമാരി: മധുര-ചെന്നൈ തേജസ് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. പുതിയ പാമ്പന്‍ പാലം അടക്കം പല പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശൈല്‍വം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി

ഉദ്ഘാടന സര്‍വീസ് നടത്തിയ തേജസ് മധുരയില്‍ നിന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ന് പുറപ്പെട്ട് രാത്രി 9.15 ന് ചെന്നൈ എഗ്മൂറിലെത്തി. അത്യാധുനിക സൗകര്യങ്ങളുള്ള തേജസ്, ചെന്നൈ-മധുര മേഖലയിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയാണ്. ആറര മണിക്കൂറിനുള്ളില്‍ 496 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയ്‌നിനാകും. വിനോദസഞ്ചാരികള്‍, തീര്‍ത്ഥാടകര്‍, ബിസിനസ് യാത്രികര്‍ എന്നിവര്‍ക്ക് ആഢംബര പൂര്‍ണവും അനുയോജ്യവുമായ സേവനമാണ് തേജസ് നല്‍കുക.

രാമേശ്വരം-ധനുഷ്‌കോടി റെയ്ല്‍പാതയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നാലു വര്‍ഷം കൊണ്ട് റെയ്ല്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 17.20 കിലോമറ്റര്‍ ചെലവു വരുന്ന പദ്ധതിക്ക് 208 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 250 കോടി രൂപ മുതല്‍ മുടക്കിലാണ് 2.05 കിലോമീറ്റര്‍ ദൂരമുള്ള പുതിയ പാമ്പന്‍ പാലം യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലമായിരിക്കുമിത്.

Comments

comments

Categories: FK News