കുവൈറ്റ്-ചൈന നിക്ഷേപങ്ങള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ ഫണ്ട് രൂപീകരിക്കാന്‍ ധാരണ

കുവൈറ്റ്-ചൈന നിക്ഷേപങ്ങള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ ഫണ്ട് രൂപീകരിക്കാന്‍ ധാരണ

ദ്വീപ് വികസനം, സില്‍ക്ക് സിറ്റി, ബെല്‍റ്റ് ആന്‍ഡ് റോഡ് തുടങ്ങിയ സുപ്രധാന പദ്ധതികള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കും

കുവൈറ്റ്: കുവൈറ്റിലും ചൈനയിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനായി 10 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാന്‍ കുവൈറ്റ് പദ്ധതി. കുവൈറ്റ്-ചൈന സില്‍ക്ക് റോഡ് ഫണ്ട് എന്ന പേരില്‍ സില്‍ക്ക് സിറ്റി, ദ്വീപ് വികസനം തുടങ്ങിയ കുവൈറ്റ് പദ്ധതികള്‍ക്കായും ബെല്‍റ്റ് ആന്‍ഡ് റോഡ് അടക്കമുള്ള തന്ത്രപ്രധാന ചൈനീസ് പദ്ധതികള്‍ക്കായും ഈ ഫണ്ട് വിനിയോഗിച്ചേക്കും.

കുവൈറ്റ്-ചൈന സില്‍ക്ക് റോഡ് ഫണ്ട് രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞെന്നാണ് സൂചന. ഫണ്ടിലേക്കുള്ള 5 ബില്യണ്‍ ഡോളര്‍ ഇരുരാജ്യങ്ങളും കൂട്ടുത്തരവാദിത്വത്തോടെ കണ്ടെത്തണമെന്നാണ് ധാരണ. പ്രധാന ചൈനീസ് പങ്കാളികളില്‍ നിന്നും വായ്പാ സഹായങ്ങള്‍ തേടാനും പദ്ധതിയുണ്ട്. അങ്ങനെയെങ്കില്‍ ഏകദേശം 30 മില്യണ്‍ വരെ നിക്ഷേപകാസ്തി നേടാന്‍ ഫണ്ടിന് സാധിച്ചേക്കും.

നിലവിലെ ധാരണ പ്രകാരം പ്രസ്തുത ഫണ്ടിന് പിന്തുണ നല്‍കുന്ന ചൈനീസ് മേധാവികള്‍ നിക്ഷേപ പദ്ധതികളില്‍ ഭാഗമാകുന്നതിനായി കോണ്‍ട്രാക്റ്റര്‍ എന്ന നിലയ്ക്ക് തങ്ങളുടെ പങ്കാളികളെ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഫണ്ട് സംബന്ധിട്ട ചര്‍ച്ചകള്‍ പ്രാരംഭ ദിശയില്‍ ആയതിനാല്‍ നിക്ഷേപങ്ങളുടെ വലുപ്പമോ, ലക്ഷ്യം വെക്കുന്ന പദ്ധതികളോ മാറാനിടയുണ്ട്.

ദ്വീപ് വികസനവും സില്‍ക്ക് സിറ്റിയും ന്യൂ കുവൈറ്റ് 2035 പദ്ധതിയില്‍ വളരെ നിര്‍ണ്ണായകമായ രണ്ട് പദ്ധതികളാണെന്ന് കുവൈറ്റിലെ ആസൂത്രണ വികസന കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഖാലെദ് മഹ്ദി പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല നിയമം, സ്വകാര്യ മേഖലയില്‍ നിന്നുള്ള ധനശേഖരണം, മാസ്റ്റര്‍ പ്ലാന്‍ എന്നിങ്ങനെ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് വേണ്ടി മൂന്ന് വ്യവസ്ഥകളാണ് നിലവില്‍ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ ഫണ്ട് സംബന്ധിച്ച് ചൈനീസ് മന്ത്രാലയങ്ങളില്‍ നിന്നോ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നോ ഉന്നത അധികാരികളില്‍ നിന്നോ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

2035ഓടെ ഗള്‍ഫ് മേഖലയുടെ പ്രാദേശിക ബിസിനസ് ഹബ്ബായി മാറാന്‍ ലക്ഷ്യമിടുന്ന കുവൈറ്റ് അതിനുവേണ്ടി വടക്കന്‍ മേഖലകളെ അടിമുടി നവീകരിക്കാനുള്ള പദ്ധതിയിലാണ്. എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യം നേടുന്നതില്‍ സുപ്രധാനമെന്ന് കരുതുന്ന സില്‍ക്ക് സിറ്റി പദ്ധതി കഴിഞ്ഞ പത്ത് വഷമായി കുവൈറ്റിന്റെ പരിഗണനയിലുണ്ട്.

Comments

comments

Categories: Arabia