വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.6 % ആയി ഉയര്‍ന്നു

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.6 % ആയി ഉയര്‍ന്നു

വീട്ടാവശ്യങ്ങള്‍ക്കുള്ള വിഭാഗങ്ങളിലുണ്ടായ രൂക്ഷമായ പണപ്പെരുപ്പമാണ് മൊത്തം പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ച പ്രധാന ഘടകം

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്ത് വ്യാവസായിക തൊഴിലാളികുടെ റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഉണ്ടായത് വലിയ വര്‍ധന. ഡിസംബറിലെ 5.4 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്കെങ്കില്‍ ജനുവരിയില്‍ അത് 6.6 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ജനുവരിയില്‍ വ്യാവാസായിക തൊഴിലാളികള്‍ക്ക് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ( സിപിഐ ഐഡബ്ല്യു) ]-ണപ്പെരുപ്പം 5.11 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നതെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

വീട്ടാവശ്യങ്ങള്‍ക്കുള്ള വിഭാഗങ്ങളിലുണ്ടായ രൂക്ഷമായ പണപ്പെരുപ്പമാണ് മൊത്തം പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ച പ്രധാന ഘടകം. 5.16 ശതമാനത്തിന്റെ സംഭാവനയാണ് മൊത്തം സൂചികയുടെ ഉയര്‍ച്ചയില്‍ ഈ വിഭാഗത്തില്‍ നിന്നുണ്ടായത്. ചില ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിലും വര്‍ധന പ്രകടമായി. ഡിസംബറില്‍ -0.96 ശതമാനമായിരുന്നു ഭക്ഷ്യ പണപ്പെരുപ്പമെങ്കില്‍ ജനുവരിയില്‍ അതി +0.97 ശതമാനമായി വര്‍ധിച്ചു. 2018 ജനുവരിയില്‍ 3.36 ശതമാനമായിരുന്നു സിപിഐ ഐഡബ്ല്യു പ്രകാരമുള്ള പണപ്പെരുപ്പം.

തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം സിപിഐ ഐഡബ്ല്യു സൂചിക ജനുവരിയില്‍ 6 പോയിന്റ് ഉയര്‍ന്ന് 307 പോയിന്റില്‍ എത്തി. മുന്‍ മാസത്തില്‍ നിന്ന് 1.99 ശതമാനത്തിന്റെ ഉയര്‍ച്ചയും മുന്‍ വര്‍ഷം സമാനമാസത്തില്‍ നിന്ന് 0.70 ശതമാനത്തിന്റെ ഉയര്‍ച്ചയുമാണ് സൂചികയില്‍ പ്രകടമായത്. ഗോതമ്പ്, പരിപ്പ്, മല്‍സ്യം, ആട്ടിന്‍ മാംസം, തേങ്ങ, വെണ്ടക്ക, തക്കാളി, പൂക്കള്‍ എന്നിവയുടെയെല്ലാം വിലയില്‍ വര്‍ധനയുണ്ടായി. എന്നാല്‍ ഉള്ളി, കാബേജ്, വഴുതനങ്ങ, കാരറ്റ്, കോളി ഫഌവര്‍, ഗ്രീന്‍ പീസ്, പാചക വാതരം, വൈദ്യുതി ചാര്‍ജുകള്‍ എന്നിവയുടെ വിലയിലെല്ലാം ഇടിവാണ് ജനുവരിയില്‍ പ്രകടമായിട്ടുള്ളത്.

സിപിഐ ഐഡബ്ല്യു സൂചികയില്‍ ഏറ്റവും ഉയര്‍ച്ച പ്രകടമാക്കിയത് നാഗ്പൂരാണ്. നാസികാണ് രണ്ടാം സ്ഥാനത്ത്. അമൃത്സര്‍, കൊല്ലം, ജഹ്രിയ തുടങ്ങിയ നഗരങ്ങള്‍ തൊട്ടു പിന്നിലുണ്ട്. വ്യാവസായിക തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും മറ്റ് ചെലവിടലുകളും കണക്കിലെടുത്താണ് സൂചിക തയാറാക്കുന്നത്.

Comments

comments

Categories: FK News

Related Articles