കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു

മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്ക്ക് നാലും ഗോഎയര്‍ എയര്‍ സര്‍വ്വീസുകളായിരിക്കും ഉണ്ടായിരിക്കുക

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്കും വെള്ളിയാഴച രാത്രി അബുദബിയിലേക്കുമുള്ള കന്നി ഗോഎയര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. മസ്‌കറ്റ്, അബുദബി വിമാനത്താവളങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

ഗോഎയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കം കൊണ്ട് കണ്ണൂരില്‍ കിയാല്‍ ഉദ്യോഗസ്ഥരും ഗോഎയര്‍ കമ്പനിയും ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.45ന് കണ്ണൂരില്‍ നിന്നും തിരിച്ച ഗോ എയറിന്റെ ഏ8 055 വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നാണ് മസ്‌കറ്റില്‍ എത്തിച്ചേര്‍ന്നത്. മസ്‌കറ്റില്‍ എത്തിയ ആദ്യ വിമാനത്തിന് ഗോഎയര്‍ കമ്പനിയുടെയും മസ്‌കറ്റ് ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട്, ഒമാന്‍ ഏവിയേഷന്‍ സര്‍വ്വീസ് എന്നിവരുടെ നേതൃത്വത്തില്‍ ജലപീരങ്കി സല്യൂട്ടോടു കൂടിയ വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാത്രി 10.10നാണ് അബുദബിയിലേക്കുള്ള ആദ്യ ഗോഎര്‍ ഏ8 053 വിമാനം ശനിയാഴ്ച പുലര്‍ച്ചെ 12.40ന് അബുദാബിയില്‍ എത്തിച്ചേര്‍ന്നു. അബുദാബി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ അതിവിപുലമായ സ്വീകരണ പരിപാടികളാണ് വിമാനത്തിനായി ഒരുക്കിയിരിക്കുന്നത്.

മാലിയിലേക്കും ഫുക്കറ്റിലേക്കുമുള്ള വിമാനസര്‍വീസുകള്‍ക്ക് ശേഷം കണ്ണൂരില്‍ നിന്നും പശ്ചിമേഷ്യന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു. മസ്‌കറ്റ്, അബുദാബി സര്‍വ്വീസുകള്‍ ഗോ എയറിനെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ കമ്പനിയുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഈ ചുവടുവെപ്പുകള്‍ ഊര്‍ജ്ജമേകും. ഗോ എയറിന്റെ കന്നി ഫ്‌ളൈറ്റില്‍ പങ്കാളികളായ യാത്രക്കാര്‍ക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിനും നന്ദി രേഖപ്പെടുത്തുന്നതായി ജഹ് വാഡിയ പറഞ്ഞു.

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന, പ്രമുഖ എയര്‍ലൈന്‍ ഗോ എയറുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ കിയാലിന് സന്തോഷമുണ്ടെന്ന് കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. തുളസീദാസ് അറിയിച്ചു. സാംസ്‌കാരിക സാമ്പത്തിക മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കണ്ണൂരിന്റെ മണ്ണില്‍ നിന്നും മസ്‌കറ്റ്, അബുദാബി രാജ്യാന്തര വിമാനങ്ങള്‍ പറന്നുയരുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൃദ്ധി വിളയുന്ന ഒരു ഏവിയേഷന്‍ ഹബ്ബാക്കി കണ്ണൂരിനെ മാറ്റുക എന്ന സ്വപ്നം പുതിയ സര്‍വീസുകളുടെ ഫഌഗ് ഓഫോടുകൂടി സാധ്യമാകുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia

Related Articles