മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.6%; വളര്‍ച്ചാ വേഗതയില്‍ ഇന്ത്യ തന്നെ മുന്നില്‍

മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.6%; വളര്‍ച്ചാ വേഗതയില്‍ ഇന്ത്യ തന്നെ മുന്നില്‍

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സര്‍ക്കാരിന്റെ പുതിയ അനുമാനം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമായി ചുരുങ്ങിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഒദ്യോഗിക റിപ്പോര്‍ട്ട്. അഞ്ച് പാദത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിതെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 7.1 ശതമാനവുമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 2018-2019ന്റെ ആദ്യ പകുതിയില്‍ 7.6 ശതമാനം വളര്‍ച്ചയാണ് ഇന്ത്യക്ക് നേടാനായത്. 2017-2018 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യം 7.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പ്രഭാവം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഡിസംബര്‍ പാദത്തില്‍ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈന രേഖപ്പെടുത്തിയത്.

ആഭ്യന്തര, വിദേശ ആവശ്യകത കുറഞ്ഞതാണ് കഴിഞ്ഞ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ താഴേക്ക് പോകാനുള്ള പ്രധാന കാരണമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ജിഡിപി വളര്‍ച്ചയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് സംബന്ധിച്ച മുന്‍ നിഗമനവും സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. നേരത്തെ 7.2 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് സര്‍ക്കാരിന്റെ പുതിയ അനുമാനം.

കാര്‍ഷിക മാനുഫാക്ച്ചറിംഗ് മേഖലകളിലെ തളര്‍ച്ചയും സര്‍ക്കാര്‍ ചെലവിടല്‍ കുറഞ്ഞതും ചെറുകിട സേവനങ്ങളിലെ പതര്‍ച്ചയും വളര്‍ച്ചയെ പിറകോട്ട് വലിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയില്‍ 2.7 ശതമാനം വളര്‍ച്ചയാണ് ഡിസംബര്‍ പാദത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ മേഖലയില്‍ 4.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും കാലവര്‍ഷം കുറഞ്ഞതുമാണ് കാര്‍ഷിക മേഖലയില്‍ വളര്‍ച്ച ചുരുങ്ങാനുള്ള കാരണമെന്ന് കേന്ദ്രം പറയുന്നു.

6.3 ശതമാനം ജിവിഎ (മൊത്തം മൂല്യ വര്‍ധന) വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തിലുണ്ടായത്. ഉല്‍പ്പാദന മേഖലയിലെ പ്രകടനം മോശം തലത്തിലാണെങ്കിലും ലോകത്തിലെ ആറാമത്തെ വലിയ ഓട്ടോ മാനുഫാക്ച്ചറിംഗ് കേന്ദ്രമായി മാറാന്‍ രാജ്യത്തിന് കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തും വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മാനുഫാക്ച്ചറിംഗ് മേഖലയുടെ വിഹിതം വെറും 1.5 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ജിഡിപിയില്‍ 18 ശതമാനം പങ്കാളിത്തമാണ് മേഖലയ്ക്കുള്ളത്. ഉയര്‍ന്ന നികുതിയും കാര്യക്ഷമമല്ലാത്ത അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും റെഗുലേറ്ററി തടസങ്ങളും ഇന്ത്യയില്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെന്നാണ് നിക്ഷേപകരുടെ പരാതി.

വളര്‍ച്ചാ നിരക്ക് വീണ്ടെടുക്കാന്‍ രാജ്യത്തിന് കഴിയുമെന്ന സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. സ്വകാര്യ ഉപഭോഗം മൊത്തം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നിര്‍മാണം, സാമ്പത്തികം, യൂട്ടിലിറ്റി സേവനം, റിയല്‍റ്റി, പ്രൊഫഷണല്‍ സര്‍വീസസ് മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്താനായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകളില്‍ 25 ബേസിസ് പോയ്ന്റിന്റെ കുറവ് വരുത്തിയിരുന്നു. 18 മാസത്തിനിടെ ഇതാദ്യമായാണ് പലിശ നിരക്കുകള്‍ ആര്‍ബിഐ കുറയ്ക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയായാണ് നിരക്കുകള്‍ കുറച്ചത്. ഡിസംബര്‍ പാദത്തിലെ വളര്‍ച്ചയിലുണ്ടായ ഇടിവ് ഏപ്രിലിലെ യോഗത്തില്‍ വീണ്ടം പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. നടപ്പു സാമ്പത്തിക വര്‍ഷം 7.2-7.4 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

ഒക്‌റ്റോബര്‍-ഡിസംബറിലെ നേട്ടങ്ങളും കോട്ടങ്ങളും

  • നിര്‍മാണം, സാമ്പത്തികം, യൂട്ടിലിറ്റി സേവനം, റിയല്‍റ്റി, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ച
  • ആറാമത്തെ വലിയ ഓട്ടോ മാനുഫാക്ച്ചറര്‍ ആയി ഇന്ത്യ
  • സ്മാര്‍ട്ട് നിര്‍മാണത്തില്‍ പുരോഗതി
  • ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച കുറഞ്ഞു.
  • കാര്‍ഷിക മേഖലയിലെ വളര്‍ച്ച 4.6 ശതമാനത്തില്‍ നിന്നും 2.7 ശതമാനമായി ചുരുങ്ങി
  • ജിവിഎ വളര്‍ച്ച 6.3 ശതമാനമായി ചുരുങ്ങി
  • സര്‍ക്കാരിന്റെ മൊത്തം ചെലവിടലില്‍ 13 ശതമാനം വാര്‍ഷിക ഇടിവ്. വായ്പ എഴുതിത്തള്ളല്‍ സര്‍ക്കാരിന്റെ കരുതല്‍ മൂലധനത്തെ ബാധിക്കും

Comments

comments

Categories: Business & Economy
Tags: GDP growth